വാഷിങ്ടണ്‍: ഫലസ്തീനികള്‍ ഗസയില്‍ നിന്ന് അയല്‍രാജ്യങ്ങളിലേക്ക് പോകണമെന്നും ഗസയെ അമേരിക്ക പിടിച്ചെടുത്ത് പുനര്‍നിര്‍മിക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനൊപ്പം നടത്തിയ സംയുക്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ട്രംപ്. ഗസയില്‍ നിന്നും പുറത്തുപോകുന്ന ഫലസ്തീനികളെ ഈജിപ്തും ജോര്‍ദാനും ഉള്‍പ്പടെയുള്ള അറബ് രാജ്യങ്ങള്‍ സ്വീകരിക്കണമെന്നും ട്രംപ് പറഞ്ഞു.
ഇസ്രഈല്‍ നടത്തിയ ആക്രമണങ്ങള്‍ കാരണം ഗസ പൂര്‍ണമായും തകര്‍ന്നിരിക്കുകയാണെന്നും അവിടെയിനി മനുഷ്യവാസം സാധ്യമല്ലെന്നും ട്രംപ് പറഞ്ഞു. അതിനാല്‍ ഗസ മുനമ്പ് അമേരിക്ക പിടിച്ചെടുത്ത് പുനര്‍നിര്‍മിക്കുമെന്നും അവിടെ ആയിരക്കണക്കിന് തൊഴിലവസരങ്ങല്‍ സൃഷ്ടിക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞു. അമേരിക്ക പുനര്‍നിര്‍മിച്ച് മനോഹരമാക്കുന്ന ഗസ്സ പശ്ചിമേഷ്യക്കാകെ അഭിമാനിക്കാവുന്ന ഒന്നായിരിക്കുമെന്നും ട്രംപ് പറഞ്ഞു.
‘ഗസയെ അമേരിക്ക ഏറ്റെടുക്കും. ആ പ്രദേശം ഞങ്ങള്‍ സ്വന്തമാക്കും. യുദ്ധാനന്തരം അവിടെ അവശേഷിക്കുന്ന പൊട്ടാത്ത ബോംബുകളും മറ്റും നിര്‍വീര്യമാക്കാനുള്ള അവകാശം ഞങ്ങള്‍ക്കായിരിക്കും. ആവശ്യമെങ്കില്‍ അമേരിക്ക അത് ചെയ്യും. ശേഷം ഗസയെ ഞങ്ങള്‍ വികസിപ്പിക്കും. അവിടെ നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. അത് പശ്ചിമേഷ്യക്കാകെ അഭിമാനകരമായിരിക്കും’ അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞു.
പ്രദേശത്തെ തകര്‍ന്ന കെട്ടിടങ്ങള്‍ പുനര്‍നിര്‍മിക്കുമെന്നും ഹമാസിനെ ഇല്ലാതാക്കുന്നതിനെ കുറിച്ച് നെതന്യാഹുവുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. പശ്ചിമേഷ്യയില്‍ കഴിഞ്ഞ നാല് വര്‍ഷങ്ങളായി അമേരിക്കക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്ന് മുന്‍ പ്രസിഡന്റ് ജോ ബെഡനെ വിമര്‍ശിച്ച് കൊണ്ട് ട്രംപ് കൂട്ടിച്ചേര്‍ത്തു.
ട്രംപിന്റെ നിര്‍ദേശം പരിഗണിക്കാവുന്നതാണെന്ന് ഇസ്രഈല്‍ പ്രധാനമന്ത്രി നെതന്യാഹുവും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇസ്രഈലിന് ലഭിച്ച എക്കാലത്തെയും മികച്ച സുഹൃത്താണ് ട്രംപ് എന്നും നെതന്യാഹു പറഞ്ഞു. രണ്ടാംവരവില്‍ വൈറ്റ് ഹൗസിലെത്തിയ ഡൊണാള്‍ഡ് ട്രംപ് കൂടിക്കാഴ്ച നടത്തുന്ന ആദ്യ വിദേശ പ്രതിനിധിയാണ് ഇസ്രഈല്‍ പ്രധാനമന്ത്രി നെതന്യാഹു.
content highlights: America will seize Gaza; Trump wants Palestinians out of Gaza; Netanyahu in support