കോഴിക്കോട്: വെനസ്വേലക്കെതിരായ അമേരിക്കയുടെ ഏകപക്ഷീയ ആക്രമണങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാർ. പരമാധികാരമുള്ള സ്വതന്ത്ര രാഷ്ട്രങ്ങള്‍ ഇത്തരം ഇടപെടലുകള്‍ക്ക് വിധേയമാക്കുമ്പോള്‍ നോക്കി നില്‍ക്കാനാകില്ലെന്നും കാന്തപുരം മുസ്‌ലിയാർ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കാന്തപുരത്തിന്റെ പ്രതികരണം.
ഇന്നലെ കോഴിക്കോട് നടന്ന കേരള മുസ്‌ലിം ജമാഅത്തിന്റെ ‘കേരള യാത്ര’യുടെ സ്വീകരണ സമ്മേളനത്തിലും കാന്തപുരം വെനസ്വേലയെ പിന്തുണച്ച് സംസാരിച്ചിരുന്നു.
‘സ്വതന്ത്രമായി മുന്നോട്ട് പോകുന്ന രാജ്യങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തി ഏകാധിപത്യത്തിലേക്ക് നയിക്കുന്ന നടപടിയാണ് അമേരിക്ക സ്വീകരിക്കുന്നത്. അതിനെതിരെ ഇന്ത്യന്‍ സര്‍ക്കാര്‍ ഇടപെടുകയും സഹായിക്കുകയും വേണം,’ എന്നായിരുന്നു കാന്തപുരത്തിന്റെ പരാമര്‍ശം.
ഇതിനുപിന്നാലെയാണ് വെനസ്വേലയിലെ യു.എസ് കടന്നുകയറ്റത്തില്‍ കാന്തപുരം വീണ്ടും പ്രതികരിച്ചിരിക്കുന്നത്. മറ്റൊരു രാജ്യത്തിന്റെ പരമാധികാരത്തെ പണയപ്പെടുത്തരുതെന്നും വാണിജ്യപരവും തന്ത്രപരവുമായ സ്വാര്‍ത്ഥ താത്പര്യങ്ങളാല്‍ നയിക്കപ്പെടുന്ന നടപടികള്‍ അനുവദിക്കരുതെന്നും കാന്തപുരം പറഞ്ഞു.
ഉത്തരവാദിത്തമുള്ള ഒരു ആഗോള ജനാധിപത്യ രാജ്യമെന്ന നിലയില്‍ ഇന്ത്യ ഇത്തരം അനീതികള്‍ക്കെതിരെ ശബ്ദമുയര്‍ത്തണം. ഏകപക്ഷീയമായ ആക്രമണത്തിനെതിരെ അന്താരാഷ്ട്ര പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു.
സമവായമോ നിയമസാധുതയോ ഇല്ലാതെ മറ്റ് രാജ്യങ്ങളെ ആക്രമിക്കുന്ന രീതി പരമാധികാര രാഷ്ട്രങ്ങളുടെ ആശയത്തെ തന്നെ ദുര്‍ബലപ്പെടുത്തുന്നു. അന്താരാഷ്ട്ര നിയമത്തിന് പകരം ഏകപക്ഷീയമായ ആധിപത്യം പ്രാബല്യത്തില്‍ വരുന്നത് അപകടകരമായ ആഗോള ക്രമത്തിന് കാരണമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഈ ആഗോള ക്രമം ക്രമേണ ലോകത്തെ സ്വേച്ഛാധിപത്യത്തിലേക്ക് തള്ളിവിടുന്നു. ഇന്ന് അത് വെനസ്വേലയിലാണ്. ഭാവിയില്‍ ഇത്തരം ആധിപത്യത്തിന് വഴങ്ങാന്‍ വിസമ്മതിക്കുന്ന ഏതൊരു രാഷ്ട്രത്തിനും ഇതേ വിധി നേരിടേണ്ടി വരുമെന്നും കാന്തപുരം പറഞ്ഞു.
നിര്‍ണായകമായ ഇത്തരം സാഹചര്യങ്ങളില്‍ ലോകമെമ്പാടുമുള്ള ആക്രമണത്തിന് ഇരയായവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കണമെന്നും കാന്തപുരം ആഹ്വാനം ചെയ്തു.