ജസീന്റ ആര്‍ഡനെ പോലൊരു നേതാവിനെ അമേരിക്ക അര്‍ഹിക്കുന്നുണ്ട്
Opinion
ജസീന്റ ആര്‍ഡനെ പോലൊരു നേതാവിനെ അമേരിക്ക അര്‍ഹിക്കുന്നുണ്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 22nd March 2019, 4:52 pm

ന്യൂസിലാന്‍ഡില്‍ 50ഓളം മുസ്‌ലിം വിശ്വാസികളെ 28 വയസ്സുകാരനായ തീവ്രവാദി കൊലപ്പെടുത്തിയ സംഭവത്തോടെ ജനങ്ങള്‍ക്കിടയില്‍ അപകടകരമായ വിദ്വേഷം പരത്തുന്നതില്‍ സമൂഹ മാധ്യമങ്ങള്‍ക്കുള്ള പങ്ക് ദീര്‍ഘകാലം ചര്‍ച്ച ചെയ്യപ്പെടും. എന്നാല്‍ ആ ദുരന്തത്തോടുള്ള ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസിന്റ് ആര്‍ഡന്‍ പ്രതികരിച്ച രീതി ലോകത്തിന് പുതിയ മാതൃകകള്‍ നല്‍കുകയാണ്.

അപകടം നടന്നയുടന്‍ തന്നെ ജനങ്ങളെ കേള്‍ക്കാന്‍ തയ്യാറായ ജസിന്റ, അടുത്ത ദിവസങ്ങളില്‍ തന്നെ തന്റെ സര്‍ക്കാര്‍ ആയുധങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ഉറപ്പു നല്‍കി. അതവര്‍ ചെയ്തു കാണിക്കുകയും ചെയ്തു. ക്രൈസ്റ്റ് ചര്‍ച്ചിലും, അമേരിക്കയില്‍ പലയിടത്തും കൂട്ടക്കൊല നടത്തിയവര്‍ തങ്ങളുടെ ക്രൂരതയ്ക്ക് ഉപയോഗിച്ചത് ജസിന്റ നിരോധിച്ച ഓട്ടോമറ്റിക്, സെമി ഓട്ടോമറ്റിക് തോക്കുകളായിരുന്നു.

വ്യാഴാഴ്ച മിലിറ്ററി സ്‌റ്റൈല്‍ സെമി ഓട്ടോമാറ്റിക്, ഓട്ടോമാറ്റിക് ആയുധങ്ങള്‍ നിരോധിച്ചു കൊണ്ട് ജസിന്റ് പറഞ്ഞത് “ഇത് നമ്മള്‍ എല്ലാവരെക്കുറിച്ചുമാണ്, ഇത് രാജ്യ താല്‍പര്യം കണക്കിലെടുത്താണ്‌, നമ്മുടെ സുരക്ഷയ്ക്കു വേണ്ടിയാണ്”- എന്നായിരുന്നു.

 

സമൂഹമാധ്യമങ്ങളിലൂടെ വെറുപ്പും വിദ്വേഷവും വമിക്കുന്ന തരത്തിലുള്ള ചിത്രങ്ങളും മറ്റും നിയന്ത്രണാധീതമായി പ്രചരിക്കുന്നത് അത്തരം സൈറ്റുകള്‍ ഗൗരവത്തിലെടുക്കണമെന്ന് അവര്‍ ഈ ആഴ്ച പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. “നമുക്ക് വെറുതെ മാറിയിരുന്നു കൊണ്ട് ഇത്തരം സൈറ്റുകളില്‍ പ്രസിദ്ധീകരിക്കുന്ന കാര്യങ്ങള്‍ക്കൊന്നും അവര്‍ ഉത്തരവാദിത്വം ഏറ്റെടുക്കാതിരിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ലാഭം മാത്രം മതി, ഉത്തരവാദിത്വം വേണ്ട എന്ന അവരുടെ നയം മാറ്റേണ്ടിയിരിക്കുന്നു”.

എന്നാല്‍ ഫേസ്ബുക്ക്, ട്വിറ്റര്‍ പോലുള്ള സാമൂഹമാധ്യമങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള അടിയന്തര വിലക്ക് ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ജസിന്റ പറഞ്ഞിട്ടില്ല. അഭിപ്രായ സ്വാതന്ത്ര്യം സന്ധി ചെയ്യപ്പെടാതെ ഇത്തരം സമൂഹമാധ്യങ്ങള്‍ക്ക് എങ്ങനെ കടിഞ്ഞാണിടുമെന്ന് കാണേണ്ടതുണ്ട്. എന്നാല്‍ ഇത്തരം സമൂഹമാധ്യമങ്ങള്‍ക്കും, തോക്കു നിര്‍മാണ കമ്പനികള്‍ക്കും, വില്‍പനക്കാര്‍ക്കും ന്യൂസിലാന്‍ഡിലും ലോകത്തിന്റെ മറ്റു പല ഭാഗങ്ങളിലുമായി നടക്കുന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞ് മാറാന്‍ കഴിയില്ല എന്ന് ജസിന്റ വ്യക്തമാക്കിയതാണ്.

നിയമം ആയി മാറുന്നതിന് മുമ്പ് ന്യൂസിലാന്‍ഡിലെ പുതിയ ആയുധനിയന്ത്രണ ബില്‍ ഇനിയും സൂക്ഷമമായ മാറ്റങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. ന്യൂസിലാന്‍ഡിലെ നിലവിലെ നിയമങ്ങള്‍ ഉദാരമാണ്. രണ്ടര ലക്ഷം ആളുകളുടെ പക്കലുള്ള 1.2 മില്ല്യണ്‍ മുതല്‍ 1.5 മില്ല്യണ്‍ വരെയുള്ള ആയുധങ്ങളില്‍ മിക്കവയും രെജിസ്റ്റര്‍ ചെയ്യപ്പെടാത്തവയാണ്. പുതിയ നിയമത്തിന് കീഴില്‍ ഇവയില്‍ എത്രത്തോളം നിയമവിരുദ്ധമാവുമെന്നത് ഇനിയും വ്യക്തമല്ല.

 

എന്നാല്‍ ഒരു വ്യക്തിക്ക് ഇത്തരം ഒരു ആയുധം ഉപയോഗിച്ച് എത്രത്തോളം നാശം വിതയ്ക്കാമെന്ന തിരിച്ചറിവ് ന്യൂസിലാന്‍ഡിലെ ജനങ്ങളെയും, പാര്‍ലമെന്റിലെ ഭൂരിപക്ഷത്തേയും തോക്ക് ഉപയോഗത്തില്‍ നിയന്ത്രണം കൊണ്ടു വരണമെന്ന അഭിപ്രായത്തില്‍ എത്തിച്ചിട്ടുണ്ട്.

അമേരിക്കയിലെ നാഷണല്‍ റൈഫിള്‍സ് അസോസിയേഷനും, അവരുടെ രാഷ്ട്രീയ കൂട്ടാളികളും നിരവധി കൂട്ടക്കൊലയ്ക്ക് ഉപയോഗിച്ചിട്ടുള്ള എ.ആര്‍-15 പോലുള്ള ആയുധങ്ങള്‍ നിരോധിക്കുന്നതിനെതിരെ കാണിച്ച പ്രതിരോധം ന്യൂസിലാന്‍ഡിന്റെ നിലപാടില്‍ നിന്നും തീര്‍ത്തും വിരുദ്ധമാണ്.

ന്യൂസിലാന്‍ഡില്‍ നടന്ന ഒരു കൂട്ടക്കൊലയാണ് സര്‍ക്കാറിനെ ഉണര്‍ത്തിച്ചത്. എന്നാല്‍ അമേരിക്കയില്‍ കൂട്ടക്കൊലകളുടെ ഒരു പരമ്പര തന്നെ ഉണ്ടായിട്ടുണ്ട്. ന്യൂടൗണിലെ സ്‌കൂളില്‍ കൊല്ലപ്പെട്ട 26 പേര്‍, ഓര്‍ലാന്‍ഡോയിലെ നിശാക്ലബില്‍ കൊല്ലപ്പെട്ട 49 ആളുകള്‍, ലാസ് വെഗാസിലെ സംഗീത പരിപാടിക്കിടെ കൊല്ലപ്പെട്ട 58 പേര്‍, പാര്‍ക് ലാന്‍ഡില്‍ സ്‌കൂളില്‍ കൊല്ലപ്പെട്ട 17 പേര്‍. ഇത്രയും പോരെന്നുണ്ടോ. മാത്രമല്ല ഈയിടെ നടന്ന അഭിപ്രായ വോട്ടെടുപ്പില്‍ 73 ശതമാനം അമേരിക്കക്കാരും തോക്കു നിയന്ത്രണം കുറക്കണമെന്ന അഭിപ്രായം ഉള്ളവരാണ്.

 

ന്യൂസിലാന്‍ഡിലെ തീവ്രവാദി ഉപയോഗിച്ച് തോക്ക് നിരോധിച്ചത് ആര്‍ദന്‍ കാണിച്ച നേതൃപാടവത്തിന്റെ ഒരു ഉദാഹരണം മാത്രമാണ്. കൃത്യമായ സന്ദേശങ്ങള്‍ നല്‍കിക്കൊണ്ട് അവര്‍ അപകടത്തിനിരയായവരുടെ വീടുകള്‍ സന്ദര്‍ശിച്ചത് കറുത്ത ഷാള്‍ കൊണ്ട് തലമറച്ചു കൊണ്ടായിരുന്നു. സ്‌ക്രിപ്റ്റ് ഇല്ലാതെ സ്‌കൂളിലെ വിദ്യാര്‍ത്ഥികളോട് സംസാരിക്കാനും അവര്‍ തയ്യാറായി. ന്യൂസിലാന്‍ഡ് വംശീയതയ്‌ക്കെതിരെ അസഹിഷ്ണുത പുലര്‍ത്തുന്ന ഒരിടമായി നിലനില്‍ക്കണം എന്ന് അവര്‍ വിദ്യാര്‍ത്ഥികളോട് പറഞ്ഞിരുന്നു. “നിങ്ങളുടെ ദുഖം എന്താണെന്ന് ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയില്ല. എന്നാല്‍ നിങ്ങളോടൊപ്പം എവിടേയും ഞങ്ങളുണ്ട്”- എന്നായിരുന്നു കൊല്ലപ്പെട്ടവരുടെ കുടുംബത്തോട് ജസീന്റെ പറഞ്ഞത്.

ഏറ്റവും ശക്തമായ നിലപാടെന്ന നിലയ്ക്ക് അവര്‍ തീവ്രവാദിയുടെ പേര് ഉച്ചരിക്കാന്‍ വിസമ്മതിച്ചിരുന്നു. “അയാള്‍ കുപ്രസിദ്ധി ആഗ്രഹിച്ചിരിക്കാം, എന്നാല്‍ ഞങ്ങള്‍ ന്യൂസിലാന്‍ഡുകാര്‍ അയാള്‍ക്ക് ഒന്നും നല്‍കില്ല. അയാളുടെ പേരു പോലും”- എന്നായിരുന്നു ജസിന്റെയുടെ നിലപാട്.

ക്രൈസ്റ്റ് ചര്‍ച്ചിനു ശേഷം ഇത്തരം ആക്രമണങ്ങള്‍ എവിടെയെങ്കിലും ഉണ്ടായാല്‍, ലോക നേതാക്കള്‍ ഇരകള്‍ക്കൊപ്പം നില്‍ക്കണം. അക്രമികളില്‍ നിന്നും അവരുടെ ആയുധം പിടിച്ചെടുക്കണം. ജസിന്റെ ചെയ്തതു പോലെ

ന്യൂയോര്‍ക്ക് ടൈംസ് എഡിറ്റോറിയലിന്റെ പരിഭാഷ