വാഷിങ്ടണ്‍: അര്‍.എസ്.എസിനോട് അനുഭാവമുള്ള ഹിന്ദു ദേശീയവാദി നേതാവിനെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയുടെ(ഡി.എച്ച്.എസ്) ഇന്റര്‍ഫെയ്ത്ത് കൗണ്‍സിലിലേക്ക് നിയമിച്ച് അമേരിക്ക. ഇന്ത്യയിലെ ആര്‍.എസ്.എസുമായി അടുത്ത ബന്ധമുള്ള നേതാവാണ് ഇദ്ദേഹമെന്ന് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
സെപ്റ്റംബര്‍ അവസാനമാണ് ചന്ദ്രു ആചാര്യ എന്ന ഹിന്ദു ദേശീയവാദി നേതാവിനെ ഇന്റര്‍ഫെയ്ത്ത് കൗണ്‍സിലിലേക്ക് ഡി.എച്ച്.എസ് നിയോഗിച്ചത്. ഹിന്ദു സ്വയംസേവക് സംഘിന്റെ(HSS-USA) അംഗമാണിദ്ദേഹം. ആചാര്യക്ക് എച്ച്.എസ്.എസ്-യു.എസ്.എയുമായുള്ള ബന്ധം മിഡില്‍ ഈസ്റ്റ് ഐ സ്ഥിരീകരിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡി.എച്ച്.എസിലെ 25 അംഗ വിശ്വാസാധിഷ്ഠിത സുരക്ഷാ കൗണ്‍സിലേക്കാണ് ചന്ദ്രു ആചാര്യയേയും തെരഞ്ഞെടുത്തത്. മറ്റ് നിരവധി വിശ്വാസ ധാരയില്‍ നിന്നുള്ള നേതാക്കളും ഈ സമിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ആരാധനാലയങ്ങളുടെ സംരക്ഷണം, വിശ്വാസ സമൂഹത്തിന്റെ ഏകോപനം തുടങ്ങിയ കാര്യങ്ങള്‍ക്ക് ഉപദേശം നല്‍കുന്നതിന് രൂപികരിച്ച കൗണ്‍സിലാണിത്.
അര്‍.എസ്.എസ് അനുഭാവ സംഘടനയിലെ ഒരു അംഗത്തെ ഇത്തരത്തില്‍ നിയമിച്ചതിനെതിരെ പ്രതിഷേധസ്വരങ്ങളും ഉണ്ടാകുന്നുണ്ട്.
‘ആര്‍.എസ്.എസ് തീവ്ര വലതുപക്ഷ ഹിന്ദു തീവ്രവാദ സംഘടനയാണ്. അവര്‍ ഹിന്ദു സവര്‍ണവാദിയും ഇസ്‌ലാമാഫോബിക് പ്രത്യയശാസ്ത്രത്തെ പിന്‍പറ്റുന്നവരുമാണ്. എച്ച്.എസ്.സ് ആര്‍.എസ്.എസിന്റെ വിദേശ വിഭാഗമാണ്.
എച്ച്.എസ്.എസ് പോലുള്ള സംഘടനകളെ ഏതെങ്കിലും മതസ്വാതന്ത്ര്യ സമിതിയില്‍ ഉള്‍പ്പെടുത്തുന്നത് അംഗീകരിക്കാനാകില്ല,’ ഹിന്ദുസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സിന്റെ(എച്ച്.എഫ്.എച്ച്.ആര്‍) പോളിസി ഡയറക്ടര്‍ റിയ ചക്രബര്‍ത്തി മിഡില്‍ ഈസ്റ്റ് ഐയോട് പറഞ്ഞു.
അതേസമയം, തങ്ങളുടെ സംഘടനക്ക് ആര്‍.എസ്.എസുമായി ബന്ധമില്ലെന്നാണ് എച്ച്.എസ്.എസ് പറയുന്നത്. എച്ച്.എസ്.എസ് ഒരു അരാഷ്ട്രീയ സംഘടനയാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.