ഏത് പന്തും കളിക്കാനുള്ള കഴിവ് അവനുണ്ട്; പ്രശംസയുമായി അമ്പാട്ടി റായിഡു
Cricket
ഏത് പന്തും കളിക്കാനുള്ള കഴിവ് അവനുണ്ട്; പ്രശംസയുമായി അമ്പാട്ടി റായിഡു
ശ്രീരാഗ് പാറക്കല്‍
Friday, 29th May 2026, 10:40 am

രാജസ്ഥാന്‍ റോയല്‍സിന്റെ സൂപ്പര്‍ താരം വൈഭവ് സൂര്യവംശിയെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം അമ്പാട്ടി റായിഡു. വൈഭവ് വളരെ വേഗം 200 റണ്‍സ് നേടുമെന്നും താരത്തിന്റെ കഴിവുകള്‍ അസാധ്യമാണെന്നും റായിഡു പറഞ്ഞു. ഏത് പന്തും കളിക്കാനുള്ള കഴിവ് അവനുണ്ടെന്നും സിക്‌സറാണ് അവന്റെ ലക്ഷ്യമെന്നും മുന്‍ താരം കൂട്ടിച്ചേര്‍ത്തു.

‘ഒരു 200 റണ്‍സ് വൈകാതെ പിറക്കും. അവന്‍ (വൈഭവ് സൂര്യവംശി) ഈ രീതിയില്‍ മുന്നോട്ട് പോയാല്‍, വളരെ വേഗം തന്നെ നമുക്ക് 200 റണ്‍സ് കാണാന്‍ കഴിയും. മുമ്പ് ഒരു മത്സരത്തില്‍ റിവേഴ്‌സ് സ്വീപ്പ് ചെയ്യാന്‍ ശ്രമിച്ച ഒരു പന്ത് ഒഴികെ, ഒരു പന്ത് പോലും അവന്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്തിട്ടില്ല. അവന്‍ പന്ത് കൃത്യമായി നോക്കിയാണ് കളിക്കുന്നത്. അവന്റെ കഴിവുകള്‍ അസാധ്യമാണ്. ഏത് പന്തും കളിക്കാനുള്ള കഴിവ് അവനുണ്ട്, അവന്‍ സിക്‌സറാണ് ലക്ഷ്യം വെക്കുന്നത്,’ ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോയിലെ ഒരു ചര്‍ച്ചയില്‍ റായിഡു പറഞ്ഞു.വൈഭവ് സൂര്യവംശി

അതേസമയം ഐ.പി.എല്ലില്‍ ഇന്ന് രണ്ടാം ക്വാളിഫയര്‍ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള വമ്പന്‍ പോരാട്ടമാണ് നടക്കുന്നത്. പി.സി.എ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഇരുവരും തമ്മിലുള്ള മത്സരം നടക്കുക. നിര്‍ണായക മത്സരത്തില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ഇരു ടീമുകളും പ്രതീക്ഷിക്കുന്നില്ല. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ വമ്പന്‍ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് രാജസ്ഥാന്‍ കളത്തിലിറങ്ങുന്നത്. സൂപ്പര്‍ താരം വൈഭവ് സൂര്യവംശിയുടെ പ്രകടനം കാണാനായാണ് ആരാധകര്‍ കാത്തിരിക്കുന്നതും.

എലിമിനേറ്ററില്‍ ഓറഞ്ച് ആര്‍മിക്കെതിരെ 29 പന്തില്‍ 97 റണ്‍സ് നേടി വമ്പന്‍ പ്രകടനമായിരുന്നു 15 വയസുകാരനായ വൈഭവ് സൂര്യവംശി കാഴ്ചവെച്ചത്. അഞ്ച് ഫോറുകളും 12 കൂറ്റന്‍ സിക്‌സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ വെടിക്കെട്ട് ഇന്നിങ്സ്.

അര്‍ഹിച്ച സെഞ്ച്വറി നഷ്ടമായെങ്കിലും വെടിക്കെട്ട് ബാറ്റിങ് പ്രകടനത്തില്‍ പല റെക്കോഡുകളും വൈഭവ് സ്വന്തമാക്കിയിരുന്നു. ഐ.പി.എല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ സിക്സര്‍ നേടിയ ക്രിസ് ഗെയ്ലിനെ മറികടക്കാന്‍ താരത്തിന് സാധിച്ചിരുന്നു. 2012ല്‍ ഗെയ്ല്‍ നേടിയ 59 സിക്സറുകളുടെ റെക്കോഡാണ് വൈഭവ് തകര്‍ത്തത്. 2026ല്‍ 65 സിക്സറുളാണ് താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. മാത്രമല്ല വൈഭവിന്റെ ഏറ്റവും വലിയ ആഗ്രഹം ഐ.പി.എല്ലില്‍ 200 റണ്‍സ് നേടുക എന്നതാണ്.

സീസണില്‍ 15 ഇന്നിങ്സില്‍ 680 റണ്‍സുമായി നിലവില്‍ താരം ഓറഞ്ച് ക്യാപ് ലിസ്റ്റില്‍ ഒന്നാമതാണ്. 242.86 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. 2025ല്‍ ഐ.പി.എല്ലില്‍ അരങ്ങേറ്റം കുറിച്ച വൈഭവ് നിലവില്‍ 22 മത്സരത്തില്‍ നിന്ന് 932 റണ്‍സാണ് ഇതുവരെ നേടിയത്. 103 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോര്‍ ഉള്‍പ്പെടെ രണ്ട് സെഞ്ച്വറികളാണ് താരത്തിന്റെ പേരിലുള്ളത്. അഞ്ച് അര്‍ധ സെഞ്ച്വറിയും വൈഭവിനുണ്ട്.

Content Highlight: Ambati Rayudu Praises Vaibhav Sooryavanshi

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ