മലയാളത്തില്‍ കുറഞ്ഞ സിനിമകളില്‍ മാത്രമാണ് അഭിനയിച്ചതെങ്കില്‍ പോലും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് അമല പോള്‍. തെന്നിന്ത്യ മുഴുവന്‍ അറിയപ്പെടുന്ന നടി 2009ല്‍ പുറത്തിറങ്ങിയ നീലത്താമര എന്ന ലാല്‍ ജോസ് ചിത്രത്തിലൂടെയാണ് തന്റെ കരിയര്‍ ആരംഭിക്കുന്നത്.
2010ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രമായ മൈനയിലെ അഭിനയത്തിന് അമല പോളിന് മികച്ച നടിക്കുള്ള തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചിരുന്നു. ശേഷം വിവിധ ഭാഷകളിലായി നിരവധി വേഷങ്ങള്‍ ചെയ്യാന്‍ നടിക്ക് സാധിച്ചു.
കഴിഞ്ഞ വര്‍ഷം മലയാളത്തില്‍ ആടുജീവിതം, ലെവല്‍ ക്രോസ് എന്നീ രണ്ട് സിനിമകളായിരുന്നു അമലയുടേതായി പുറത്തിറങ്ങിയത്. ആദ്യമായി നടന്‍ പൃഥ്വിരാജ് സുകുമാരനൊപ്പം അഭിനയിച്ച ചിത്രമായിരുന്നു ആടുജീവിതം. സൈനു, നജീബ് എന്നീ വേഷങ്ങളിലാണ് ഇരുവരും എത്തിയത്.
ഇപ്പോള്‍ പൃഥ്വിരാജിനെ പറ്റിയും തങ്ങള്‍ ചെയ്ത കഥാപാത്രങ്ങളെ കുറിച്ചും പറയുകയാണ് അമല പോള്‍. ജെ.എഫ്.ഡബ്ല്യുവിന് നല്‍കിയ അഭിമുഖത്തില്‍ ആടുജീവിതത്തില്‍ പൃഥ്വിയോടൊപ്പം നിന്നിട്ടുള്ള പോസ്റ്ററിനെ കുറിച്ച് സംസാരിക്കുകയായിരുന്നു നടി.
‘നജീബും സൈനുവും. സൈനുവിന്റെ ഇക്കയാണ് നജീബ്. ഞാന്‍ ഇപ്പോള്‍ പൃഥ്വിക്ക് മെസേജ് അയക്കുമ്പോള്‍ ഇക്ക എന്നാണ് വിളിക്കാറുള്ളത്. ആ സിനിമയെ പറ്റിയും ഞങ്ങളുടെ കഥാപാത്രത്തെ കുറിച്ചും എന്താണ് പറയേണ്ടതെന്ന് എനിക്ക് അറിയില്ല.
സൈനും നജീബും വളരെ മനോഹരമായ ജീവനുള്ള കഥാപാത്രങ്ങളാണ്. പോസ്റ്ററിലുള്ള ഞങ്ങളുടെ ആ ഷോട്ട് വളരെ ഭംഗിയുള്ളതാണ്. വളരെ റൊമാന്റിക്കാണ്. ഈ ഫോട്ടോ കണ്ടാല്‍ അത് അമല പോളും പൃഥ്വിരാജും ആണെന്ന് എനിക്ക് തോന്നുന്നില്ല. അവര്‍ സൈനുവും നജീബും തന്നെയാണ്,’ അമല പോള്‍ പറയുന്നു.
സിനിമാപ്രേമികള്‍ വര്‍ഷങ്ങളോളം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമകളിലൊന്നായിരുന്നു ആടുജീവിതം. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കോപ്പികള്‍ വിറ്റ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമായിരുന്നു ആടുജീവിതം.
10 വര്‍ഷത്തോളമെടുത്താണ് ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കിയത്. ഷൂട്ട് തീര്‍ക്കാന്‍ ഏഴ് വര്‍ഷത്തോളമെടുത്തു. വിഷ്വല്‍ റൊമാന്‍സ് പ്രൊഡക്ഷന്‍സ് നിര്‍മിച്ച ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലാണ് പുറത്തിറങ്ങിയത്. 2024 മാര്‍ച്ച് 28നായിരുന്നു സിനിമ റിലീസ് ചെയ്തത്. ആദ്യ ദിനം തന്നെ 16.76 കോടി നേടാനും ആടുജീവിതത്തിന് സാധിച്ചു.
Content Highlight: Amala Paul Talks About Prithviraj And Aadujeevitham Movie