ഞാന്‍ ആദ്യമായി അഭിനയിക്കുന്ന സൂപ്പര്‍സ്റ്റാര്‍ ചിത്രം; എല്ലാവരെയും എങ്ങനെ കംഫേര്‍ട്ടാക്കണമെന്ന് പഠിച്ചു: അമല പോള്‍
Entertainment
ഞാന്‍ ആദ്യമായി അഭിനയിക്കുന്ന സൂപ്പര്‍സ്റ്റാര്‍ ചിത്രം; എല്ലാവരെയും എങ്ങനെ കംഫേര്‍ട്ടാക്കണമെന്ന് പഠിച്ചു: അമല പോള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 11th June 2025, 8:19 pm

2009ല്‍ പുറത്തിറങ്ങിയ നീലത്താമര എന്ന ലാല്‍ ജോസ് ചിത്രത്തിലൂടെ തന്റെ കരിയര്‍ ആരംഭിച്ച നടിയാണ് അമല പോള്‍. തൊട്ടടുത്ത വര്‍ഷം പുറത്തിറങ്ങിയ തമിഴ് ചിത്രമായ മൈനയിലെ അഭിനയത്തിന് അമലക്ക് മികച്ച നടിക്കുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചിരുന്നു.

പിന്നീട് മലയാളത്തിന് പുറമെ വിവിധ ഭാഷകളില്‍ മികച്ച കഥാപാത്രങ്ങള്‍ ചെയ്യാന്‍ നടിക്ക് സാധിച്ചു. 2011ല്‍ വിക്രം നായകനായി എത്തിയ ദൈവ തിരുമകള്‍ എന്ന സിനിമയിലും അമല അഭിനയിച്ചിരുന്നു. ഇപ്പോള്‍ ജെ.എഫ്.ഡബ്ല്യുവിന് നല്‍കിയ അഭിമുഖത്തില്‍ വിക്രത്തെ കുറിച്ചും ഈ സിനിമയെ കുറിച്ചും പറയുകയാണ് അമല പോള്‍.

ദൈവ തിരുമകള്‍ സിനിമയെ കുറിച്ച് ചോദിച്ചാല്‍, അത് വളരെ ഭംഗിയുള്ള ഒരു പടമായിരുന്നു. എനിക്ക് ആ സെറ്റില്‍ നിന്നും നിറയെ സൗഹൃദങ്ങള്‍ ലഭിച്ചിരുന്നു. ഒരു കുടുംബം പോലെ തന്നെയാണ് എനിക്ക് തോന്നിയിരുന്നത്.

മൈനക്ക് ശേഷം തമിഴില്‍ ചെയ്ത സിനിമയായിരുന്നു ദൈവ തിരുമകള്‍. വിക്രം സാറാണ് ആ ചിത്രത്തില്‍ നായകനായി എത്തിയത്. ഞാന്‍ ചെറുപ്പം മുതല്‍ക്ക് കണ്ട് വളര്‍ന്ന നടനാണ് അദ്ദേഹം. അന്യന്‍ സിനിമയൊക്കെ കണ്ട് ഞാന്‍ അത്രയും വലിയ ഫാനായിരുന്നു.

വളരെ ഫണ്ണായിട്ടുള്ള നടനാണ് വിക്രം സാര്‍. അന്ന് ഞാന്‍ ആദ്യമായിട്ടായിരുന്നു ഒരു സൂപ്പര്‍സ്റ്റാറിന്റെ കൂടെ വര്‍ക്ക് ചെയ്യുന്നത്. ഫാന്‍ ഗേളായി തന്നെ ആ സിനിമ എനിക്ക് ചെയ്യാന്‍ സാധിച്ചു. ഞാന്‍ അദ്ദേഹത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ അന്ന് പഠിച്ചിരുന്നു.

ഒരു സ്റ്റാര്‍ ആയതിന് ശേഷവും എങ്ങനെ ആയിരിക്കണം നമ്മള്‍ ജീവിക്കേണ്ടത് എന്ന് ഞാന്‍ വിക്രം സാറില്‍ നിന്നാണ് പഠിക്കുന്നത്. എല്ലാവരെയും എങ്ങനെ കംഫേര്‍ട്ടബിളാക്കണമെന്നും ഞാന്‍ അദ്ദേഹത്തില്‍ നിന്നാണ് മനസിലാക്കുന്നത്,’ അമല പോള്‍ പറയുന്നു.

ദൈവ തിരുമകള്‍ (2011):

എ.എല്‍. വിജയ് രചനയും സംവിധാനവും നിര്‍വഹിച്ച് എം. ചിന്താമണിയും റോണി സ്‌ക്രൂവാലയും ചേര്‍ന്ന് നിര്‍മിച്ച ചിത്രമാണ് ദൈവ തിരുമകള്‍. വിക്രത്തിനും അമല പോളിനും പുറമെ സാറ അര്‍ജുന്‍, അനുഷ്‌ക ഷെട്ടി, നാസര്‍, കൃഷ്ണ കുമാര്‍, ശാന്തനം, എം.എസ്. ഭാസ്‌കര്‍, സച്ചിന്‍ ഖേദേക്കര്‍ എന്നിവരാണ് ഈ സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തിയത്.

Content Highlight: Amala Paul Talks About Chiyaan Vikram And Deiva Thirumakal Movie