പ്രതിഭാശാലി, ഞാന്‍ ഇതുവരെ വര്‍ക്ക് ചെയ്ത സംവിധായകരില്‍ ഏറ്റവും മികച്ചത് ആ മലയാള സംവിധായകന്‍: അമല പോള്‍
Entertainment
പ്രതിഭാശാലി, ഞാന്‍ ഇതുവരെ വര്‍ക്ക് ചെയ്ത സംവിധായകരില്‍ ഏറ്റവും മികച്ചത് ആ മലയാള സംവിധായകന്‍: അമല പോള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 10th June 2025, 10:53 pm

2009ല്‍ പുറത്തിറങ്ങിയ നീലത്താമര എന്ന ലാല്‍ ജോസ് ചിത്രത്തിലൂടെ തന്റെ കരിയര്‍ ആരംഭിച്ച നടിയാണ് അമല പോള്‍. തൊട്ടടുത്ത വര്‍ഷം പുറത്തിറങ്ങിയ തമിഴ് ചിത്രമായ മൈനയിലെ അഭിനയത്തിന് അമലക്ക് മികച്ച നടിക്കുള്ള തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചിരുന്നു.

പിന്നീട് മലയാളത്തിന് പുറമെ വിവിധ ഭാഷകളില്‍ മികച്ച കഥാപാത്രങ്ങള്‍ ചെയ്യാന്‍ നടിക്ക് സാധിച്ചു. ഇന്ന് തെന്നിന്ത്യ മുഴുവന്‍ അറിയപ്പെടുന്ന നടിയാണ് അമല പോള്‍. കഴിഞ്ഞ വര്‍ഷം അമല നായികയായി എത്തിയ ചിത്രമായിരുന്നു ആടുജീവിതം.

ബ്ലെസിയുടെ സംവിധാനത്തില്‍ എത്തിയ ഈ സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തില്‍ സൈനുവെന്ന കഥാപാത്രമായിട്ടാണ് അമല പോള്‍ അഭിനയിച്ചത്. ഇപ്പോള്‍ ബ്ലെസിയെ കുറിച്ചും ആടുജീവിതം സിനിമയെ കുറിച്ചും പറയുകയാണ് നടി.

‘ബ്ലെസി സാര്‍ വളരെ പ്രതിഭാശാലിയായ സംവിധായകനാണ്. ഞാന്‍ ഇതുവരെ വര്‍ക്ക് ചെയ്തതില്‍ വെച്ച് ഏറ്റവും മികച്ച സംവിധായകരില്‍ ഒരാള്‍ അദ്ദേഹം തന്നെയാണ്. ആടുജീവിതത്തിലൂടെ അത്രയും മികച്ച സിനിമയാണ് അദ്ദേഹം ചെയ്ത് വെച്ചത്.

പിന്നെ എ.ആര്‍. റഹ്‌മാന്റെ മ്യൂസിക്കാണ് ആ സിനിമയില്‍. അദ്ദേഹത്തിന്റെ കൂടെയുള്ള ആദ്യ എക്സ്പീരിയന്‍സായിരുന്നു ആടുജീവിതം. വളരെ മികച്ച ക്രൂ ആയിരുന്നു ആ സിനിമയുടേത്. ഒരു ഓസ്‌കര്‍ ലൈബ്രറിയെന്ന് പറയാവുന്ന സിനിമയാണ് ആടുജീവിതം. അത്രയും മികച്ച സ്‌ക്രിപ്റ്റാണ്,’ അമല പോള്‍ പറയുന്നു.

ആടുജീവിതം:

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കോപ്പികള്‍ വിറ്റ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമായിരുന്നു ആടുജീവിതം. സിനിമാപ്രേമികള്‍ വര്‍ഷങ്ങളോളം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമകളിലൊന്നായിരുന്നു ആടുജീവിതം.

10 വര്‍ഷത്തോളമെടുത്താണ് ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കിയത്. ഷൂട്ട് തീര്‍ക്കാന്‍ ഏഴ് വര്‍ഷത്തോളമെടുത്തു. വിഷ്വല്‍ റൊമാന്‍സ് പ്രൊഡക്ഷന്‍സ് നിര്‍മിച്ച ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലാണ് പുറത്തിറങ്ങിയത്. 2024 മാര്‍ച്ച് 28നായിരുന്നു സിനിമ റിലീസ് ചെയ്തത്.


Content Highlight: Amala Paul Talks About Blessy And Aadujeevitham Movie