അധ്യാപകര്‍ പെണ്‍കുട്ടികളെ ജിഹാദികളെന്ന് വിളിച്ചു; മാനേജറുടെ റൂമില്‍ നിന്ന് വലിച്ചിഴച്ചോണ്ട് പോയി: അമല്‍ജ്യോതി വിദ്യാര്‍ത്ഥികള്‍
Kerala News
അധ്യാപകര്‍ പെണ്‍കുട്ടികളെ ജിഹാദികളെന്ന് വിളിച്ചു; മാനേജറുടെ റൂമില്‍ നിന്ന് വലിച്ചിഴച്ചോണ്ട് പോയി: അമല്‍ജ്യോതി വിദ്യാര്‍ത്ഥികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 6th June 2023, 8:37 pm

കോട്ടയം: വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളേജില്‍ ഇന്നും ശക്തമായ വിദ്യാര്‍ത്ഥി പ്രതിഷേധം. വിദ്യാര്‍ത്ഥി പ്രതിഷേധത്തെ കോളേജ് അടച്ചിട്ട് പ്രതിരോധിക്കാന്‍ മാനേജ്‌മെന്റ് ശ്രമിക്കുകയാണെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

രാവിലെ മുതല്‍ കാത്തുനിര്‍ത്തിയ ശേഷമാണ് ഇന്നലെ പറഞ്ഞതില്‍ നിന്ന് വ്യത്യസ്തമായി ചര്‍ച്ച നടത്താനും ചര്‍ച്ചയിലെ കാര്യങ്ങള്‍ പറയാനും സൗകര്യമില്ലെന്ന് കോളേജ് അധികൃതര്‍ പറയുന്നതെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

 

 

അധ്യാപകര്‍ ജിഹാദികള്‍ എന്ന് വിളിച്ച് പെണ്‍കുട്ടികളെ അടക്കം അപമാനിച്ചെന്നും വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടു. പെണ്‍കുട്ടികള്‍ സമരം ചെയ്യുമ്പോള്‍ ഇവിടെ മൊത്തം ജിഹാദികളും തട്ടമിട്ടവരുമാണെന്ന് കോളേജ് അധ്യാപകരില്‍ ചിലര്‍ പറഞ്ഞതായും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

ഞങ്ങള്‍ കാശ് കൊടുത്ത് പഠിക്കുന്ന കോളേജല്ലേ, ഇവരാരാണ് ഞങ്ങളെ ഇറക്കി വിടാനെന്ന് കുട്ടികളില്‍ ചിലര്‍ പറഞ്ഞു. ‘സൗകര്യമില്ല പോവാന്‍. മാനേജ്‌മെന്റിന്റെ കാശ് മേടിച്ചിട്ടാണ് പൊലീസുകാര് നമ്മളെ തല്ലുന്നത്. ഞങ്ങള്‍ എം.എല്‍.എയോട് ചോദ്യം ചോദിച്ചെന്ന് പറഞ്ഞാണ് പൊലീസ് ഞങ്ങളെ തല്ലുന്നത്,’ ഒരു വിദ്യാര്‍ത്ഥി പറഞ്ഞു.

തന്നെ ഇന്നലെ മാനേജറുടെ റൂമില്‍ നിന്ന് വലിച്ചിഴച്ചോണ്ട് പോയെന്ന് മറ്റൊരു വിദ്യാര്‍ത്ഥി വെളിപ്പെടുത്തി. ‘മീറ്റിങ് കൊണ്ടൊന്നും യാതൊരു ഗുണവുമില്ല. ഇവരെല്ലാം മാനേജ്‌മെന്റിന്റെ സൈഡിലാ. എന്നെ ഇന്നലെ മാനേജറുടെ റൂമില്‍ നിന്ന് വലിച്ചിഴച്ചോണ്ടോ പോയത്.

നാളെ ഇങ്ങോട്ട് വാ, നിന്റെ ഇന്റേണല്‍ മാര്‍ക്ക് ഇട്ടിട്ടില്ലല്ലോ. കാണിച്ച് തരാമെന്നാണ് ചില സാറുമ്മാര്‍ പറയുന്നത്. നാളെ ഇവിടെ നില്‍ക്കാന്‍ പറ്റുമെന്ന് എനിക്ക് ഒരുറപ്പുമില്ല. പൊലീസ് നമുക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല.

മാനേജ്‌മെന്റ് പറയുന്നത് പോലെയേ എന്തേലും ചെയ്യുന്നുള്ളൂ. ഞങ്ങളുടെ ഡിമാന്‍ഡ് ഒന്നും ചര്‍ച്ചയില്‍ അംഗീകരിച്ചിട്ടില്ല. ഞങ്ങള്‍ക്ക് നേരെ ആക്ഷനെടുക്കുമെന്നാണ് പറയുന്നത്. ഞങ്ങളെ ബാരിക്കേഡ് വെച്ച് തടഞ്ഞുവെച്ചിരിക്കുകയായിരുന്നു. ഞങ്ങളെ ലാത്തിവെച്ച് തല്ലി, ഉന്തി,’ വിദ്യാര്‍ത്ഥി പറഞ്ഞു.

Content Highlights: amal jyothi students protest against management, jihadi comment by management