മണിക്കൂറുകള്‍ മാത്രം ബാക്കി; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുന്നോടിയായി ഇന്ത്യയ്ക്ക് തിരിച്ചടി
Cricket news
മണിക്കൂറുകള്‍ മാത്രം ബാക്കി; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുന്നോടിയായി ഇന്ത്യയ്ക്ക് തിരിച്ചടി
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 6th June 2023, 7:03 pm

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് തയ്യാറെടുക്കുന്ന ഇന്ത്യന്‍ ടീമിന് തിരിച്ചടിയായി നായകന്‍ രോഹിത് ശര്‍മക്ക് പരിക്കേറ്റു. ഓവലില്‍ നാളെ നടക്കാനിരിക്കുന്ന മത്സരത്തിന് മുന്നോടിയായി നെറ്റില്‍ ബാറ്റിങ് പ്രാക്ടീസ് നടത്തുന്നതിനിടെയാണ് രോഹിത്തിന് കൈക്ക് പരിക്കേറ്റത്.

ഇടത് കൈയിലെ തള്ളവിരലില്‍ പന്തിടിച്ചതിനെ തുടര്‍ന്ന് താരം ഫിസീഷ്യന്റെ സേവനം തേടി. പരിക്കേറ്റ ഇടത് തള്ളവിരലില്‍ബാന്‍ഡേജ് ചുറ്റിയ പിന്നീട് പരിശീലനം നിര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യന്‍ നായകന് വിരലിന് പരിക്കേറ്റ വിവരം സ്‌പോര്‍ട്‌സ്‌കീഡയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതിന്റെ ചിത്രങ്ങളും അവര്‍ പങ്കുവെച്ചിട്ടുണ്ട്. അതേസമയം, രോഹിത് ശര്‍മയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. താരം നാളെ ഫൈനലില്‍ കളിക്കുമെന്ന് അവരും റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം, ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ ബാറ്റിങ് വെല്ലുവിളിയാകുമെന്നാണ് രോഹിത് പറയുന്നത്. ‘ക്ഷമയും ഏകാഗ്രതയും ഉണ്ടെങ്കില്‍ വലിയ സ്‌കോറുകള്‍ നേടാനാകും. ടെസ്റ്റില്‍ ദീര്‍ഘ നേരത്തേക്ക് ഏകാഗ്രതയോടെ കാത്തിരിക്കേണ്ടി വരും.

എപ്പോഴാണ് ബൗളര്‍മാരെ ആക്രമിച്ച് റണ്‍സ് കണ്ടെത്തേണ്ടതെന്ന് സമയമാകുമ്പോള്‍ നിങ്ങള്‍ക്ക് ബോധ്യപ്പെടും. ഏറ്റവും പ്രധാന കാര്യം നിങ്ങള്‍ ക്രീസില്‍ അല്‍പസമയം ചെലവഴിക്കണം. അതോടൊപ്പം നിങ്ങളുടെ കരുത്ത് എന്താണെന്ന് തിരിച്ചറിയേണ്ടതുമുണ്ട്,’ രോഹിത് പറഞ്ഞു.

ഐ.സി.സിയുടെ ചാനല്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഹിറ്റ്മാന്‍. ഐ.സി.സി ടൂര്‍ണമെന്റുകളില്‍ കിരീടം നേടാന്‍ കാത്തിരിക്കുകയാണെന്നും താരം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

Content Highlights: rohith sharma injured and stopped batting practice