ഫഹദിനെ ചിലപ്പോള്‍ പിടികിട്ടില്ല; ഓരോ സീനിലും നമ്മള്‍ കുറച്ചുകൂടെയൊന്ന് അലേര്‍ട്ടാകണം: അല്‍ത്താഫ് സലിം
Entertainment
ഫഹദിനെ ചിലപ്പോള്‍ പിടികിട്ടില്ല; ഓരോ സീനിലും നമ്മള്‍ കുറച്ചുകൂടെയൊന്ന് അലേര്‍ട്ടാകണം: അല്‍ത്താഫ് സലിം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 20th May 2024, 10:36 pm

ഫഹദുമായി സിനിമ ചെയ്ത അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് അല്‍ത്താഫ് സലിം. ഫഹദ് റിഹേഴ്‌സല്‍ ചെയ്ത് കഴിഞ്ഞ് ടേക്ക് എടുക്കുന്ന സമയത്ത് ചിലപ്പോള്‍ മറ്റൊന്നാകും ചെയ്യുന്നത് എന്നാണ് താരം പറയുന്നത്. എവിടെയാണ് ഫഹദ് നിര്‍ത്താന്‍ പോകുന്നതെന്ന് പിടികിട്ടില്ലെന്നും അല്‍ത്താഫ് പറയുന്നു.

ഫഹദുമായി ഒരു സീന്‍ ചെയ്യുമ്പോള്‍ കുറച്ച് കൂടെയൊന്ന് അലേര്‍ട്ടായാല്‍ മതിയെന്നും താരം കൂട്ടിച്ചേര്‍ത്തു. തന്റെ ഏറ്റവും പുതിയ ചിത്രമായ മന്ദാകിനിയുടെ പ്രൊമോഷന്റെ ഭാഗമായി ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അല്‍ത്താഫ് സലിം.

‘ഫഹദുമായി അഭിനയിക്കുമ്പോള്‍ ആക്ടേഴ്‌സ് ഇമ്പ്രവൈസേഷന്‍ ചെയ്തു കഴിഞ്ഞാലും പുള്ളി ടേക്കില്‍ വേറെയൊന്നാകും ചെയ്യുന്നത്. എവിടെയാണ് ഫഹദ് നിര്‍ത്താന്‍ പോകുന്നതെന്നോ, എവിടെയാണ് പുള്ളിയുടെ ലൈനെന്നോ അറിയാന്‍ സാധിക്കില്ല.

ചില ആക്ടേഴ്‌സ് റിഹേഴ്‌സല്‍ ചെയ്യുന്ന സമയത്ത് ഒരു ഭാഗത്ത് എത്തുമ്പോള്‍ അവിടെ സ്‌റ്റോപ്പായിരിക്കും. അപ്പോള്‍ അവിടെയാകും നമ്മുടെ റിയാക്ഷന്‍ വരേണ്ടത്. പക്ഷെ ഫഹദിന് അങ്ങനെയൊന്നും തന്നെയില്ല. അപ്പോഴുള്ള ഫ്‌ളോയിലാണ് പുള്ളി ഓരോന്നും ചെയ്യുന്നത്. വേറെ ആളാണെങ്കില്‍ പിടികിട്ടുമായിരുന്നു.

ഇത് ചിലപ്പോള്‍ പിടികിട്ടില്ല. ഇടക്ക് ഡയലോഗൊക്കെ പറഞ്ഞ് കഴിഞ്ഞ് റിയാക്ഷന്‍ പുള്ളി വേറെ ഇട്ടിണ്ടാകും. അതും റിഹേഴ്‌സലില്‍ ഉണ്ടാവില്ല, പക്ഷെ ടേക്കില്‍ വരും. ഫഹദുമായി സീന്‍ ചെയ്യുമ്പോള്‍ നമ്മള്‍ കുറച്ച് കൂടെയൊന്ന് അലേര്‍ട്ടായാല്‍ മതി,’ അല്‍ത്താഫ് സലിം പറഞ്ഞു.

അല്‍ത്താഫ് സലീമിന്റെതായി വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് മന്ദാകിനി. വിനോദ് ലീല തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനാര്‍ക്കലി മരക്കാറാണ് നായികയായി എത്തുന്നത്. ഒരു കോമഡി എന്റര്‍ടൈനറായി എത്തുന്ന സിനിമയില്‍ പ്രമുഖ സംവിധായകരായ ലാല്‍ ജോസ്, ജൂഡ് ആന്തണി ജോസഫ്, ജിയോ ബേബി, അജയ് വാസുദേവ് എന്നിവരും സുപ്രധാന വേഷങ്ങളിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.

Content Highlight: Althaf Salim Talks About Fahadh Faasil