ഫഹദ് ഒരു പാൻ ഇന്ത്യൻ ആക്ടറായത് സുഖമാണ്, ചോദിക്കുന്നത് ചെയ്യും; പുതിയ ചിത്രത്തെ കുറിച്ച് അൽത്താഫ് സലിം
Entertainment
ഫഹദ് ഒരു പാൻ ഇന്ത്യൻ ആക്ടറായത് സുഖമാണ്, ചോദിക്കുന്നത് ചെയ്യും; പുതിയ ചിത്രത്തെ കുറിച്ച് അൽത്താഫ് സലിം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 26th May 2024, 3:34 pm

ചെറിയ വേഷങ്ങളിലൂടെ തന്റെ കരിയർ തുടങ്ങിയ വ്യക്തിയാണ് അൽത്താഫ് സലിം. പ്രേമം, സഖാവ് തുടങ്ങിയ സിനിമകളിലെ അൽത്താഫിന്റെ വേഷം പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയിരുന്നു.

നിവിൻ പോളിയെ നായകനാക്കി സംവിധാനം ചെയ്ത ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലൂടെ താനൊരു മികച്ച സംവിധായകൻ കൂടെയാണെന്ന് അൽത്താഫ് തെളിയിച്ചിരുന്നു. അവതരണത്തിലെ പുതുമ കൊണ്ട് ഏറെ സ്വീകാര്യത നേടാൻ ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിന് സാധിച്ചിരുന്നു.

ഞണ്ടുകൾക്ക് ശേഷം ഫഹദിനെ നായകനാക്കി അൽത്താഫ് സലിം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഓടും കുതിര ചാടും കുതിര’. ചിത്രത്തെകുറിച്ച് സംസാരിക്കുകയാണ് അൽത്താഫ് സലിം.

ഓടും കുതിര ചാടും കുതിര ഒരു റൊമാന്റിക് ഴോണർ ചിത്രമാണെന്നും ഫഹദ് ഒരു പോളിഷ്ഡ് ആക്ടർ ആണെന്നും അൽത്താഫ് പറയുന്നു. ഫഹദ് ഒരു പാൻ ഇന്ത്യൻ സ്റ്റാറായി മാറിയത് ഒരു സുഖമാണെന്നും അൽത്താഫ് പറഞ്ഞു. ദേശാഭിമാനി പത്രത്തോട് സംസാരിക്കുകയായിരുന്നു താരം.

‘ഫഹദ് നായകനാകുന്ന ‘ഓടും കുതിര ചാടും കുതിര’ റൊമാന്റിക് കോമഡി ഴോണറിലുള്ള സിനിമയാണ്. ചിത്രീകരണം നടക്കുകയാണ്. സിനിമ എഴുതി കഴിഞ്ഞാണ് ഫഹദിലേക്ക് എത്തിയത്. ഫഹദ് ഒരു പൊളിഷിഡ് ആക്ടറാണ്. തിരക്കഥയ്ക്ക് അനുയോജ്യമായ മീറ്ററിലേക്ക് നമ്മൾ കൊണ്ടുവന്നാൽ മതി.

ഫഹദിപ്പോൾ ഒരു പാൻ ഇന്ത്യൻ അഭിനേതാവാണ്. അതിന്റെ സുഖമുണ്ട്. നമ്മൾ ആവശ്യപ്പെടുന്നത് ചെയ്ത് തരും. ഫഹദിനെ വച്ച് സംവിധാനം ചെയ്യൽ എളുപ്പമാണ്,’അൽത്താഫ് സലിം പറയുന്നു.

അതേസമയം അൽത്താഫ് നായകനാവുന്ന ഏറ്റവും പുതിയ ചിത്രമാണ് മന്ദാകിനി. അനാർക്കലി മരക്കാർ നായികയാവുന്ന ചിത്രത്തിൽ ജിയോ ബേബി, ലാൽ ജോസ്, അജയ് വാസുദേവ്,ജൂഡ് ആന്തണി ജോസ് എന്നീ സംവിധായകരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

 

Content Highlight: Althaf Salim  Talk About OOdum Kuthira Chaadum Kuthira Movie