മലയാളസിനിമക്ക് രണ്ട് കിടിലന്‍ സംവിധായകരെ സമ്മാനിച്ച കാസറ്റ് കടക്കാരന്‍, മോളിവുഡ് ടൈംസില്‍ അധികമാരും ചര്‍ച്ച ചെയ്യാത്ത സുനിലേട്ടന്‍
Malayalam Cinema
മലയാളസിനിമക്ക് രണ്ട് കിടിലന്‍ സംവിധായകരെ സമ്മാനിച്ച കാസറ്റ് കടക്കാരന്‍, മോളിവുഡ് ടൈംസില്‍ അധികമാരും ചര്‍ച്ച ചെയ്യാത്ത സുനിലേട്ടന്‍
അമര്‍നാഥ് എം.
Monday, 6th July 2026, 6:08 pm

സിനിമാമോഹികളായ എല്ലാവര്‍ക്കും ഒരുപോലെ കണക്ടായ ഈ വര്‍ഷത്തെ ചിത്രങ്ങളിലൊന്നാണ് മോളിവുഡ് ടൈംസ്. നസ്‌ലെനെ നായകനാക്കി അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത ചിത്രം തിയേറ്ററില്‍ സമ്മിശ്ര പ്രതികരണമായിരുന്നു നേടിയത്. കഴിഞ്ഞദിവസം ചിത്രം ജിയോ ഹോട്‌സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിച്ചിരുന്നു.

ഒ.ടി.ടി റിലീസിന് പിന്നാലെ മോളിവുഡ് ടൈംസ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. ചിത്രത്തിലെ ഓരോ സീനും ഡയലോഗും ചര്‍ച്ചാവിഷയമായി മാറി. വിനീത് മാധവന്‍ എന്ന സിനിമാമോഹിയായി കരിയര്‍ ബെസ്റ്റ് പ്രകടനമാണ് നസ്‌ലെന്‍ കാഴ്ചവെച്ചതെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളും സിനിമാപേജുകളില്‍ ചര്‍ച്ചയാണ്.

അല്‍ത്താഫ് സലിം Photo: Jio Hotstar

അത്തരത്തിലൊന്നാണ് അല്‍ത്താഫ് സലിം അവതരിപ്പിച്ച സുനിലേട്ടന്‍ എന്ന കഥാപാത്രം. കുട്ടിക്കാനത്തെ സാധാരണ കാസറ്റ് കടക്കാരനായിട്ടാണ് സുനില്‍ എന്ന കഥാപാത്രത്തെ ആദ്യം കാണിക്കുന്നത്. പിന്നീട് വിനീത് മാധവന്റെ സിനിമാമോഹത്തിന് സപ്പോര്‍ട്ട് നല്‍കുന്ന പ്രധാന വ്യക്തികളിലൊരാള്‍ സുനിലേട്ടനാണ്. ഷോര്‍ട്ട് ഫിലിം മത്സരത്തിന് വിനീതിന്റെ പേര് അയക്കുന്നതടക്കം പലയിടത്തും സുനിലേട്ടന്‍ കൈയടി നേടുന്നുണ്ട്.

വിനീതിന്റെ ആദ്യത്തെ സ്‌ക്രിപ്റ്റ് മൂകാംബികയില്‍ പൂജിക്കാന്‍ കൊണ്ടുപോകണമെന്ന് പറയുമ്പോള്‍ ഇയാള്‍ ചതിക്കുമോ എന്ന് പ്രേക്ഷകര്‍ക്ക് തോന്നും. എന്നാല്‍ വിനീത് സംവിധായകനായി കാണാന്‍ ഏറ്റവുമധികം ആഗ്രഹിക്കുന്നയാള്‍ സുനിലാണെന്ന് പിന്നീട് കാണിക്കുന്നുണ്ട്. നിധി എന്ന സിനിമ സൂപ്പര്‍ഹിറ്റാണെന്ന് വിനീത് പറയുമ്പോള്‍ ‘സൂപ്പര്‍ഹിറ്റല്ല, ബ്ലോക്ക്ബസ്റ്ററാ’ എന്ന് പറയുന്നിടത്തും സുനിലേട്ടന്‍ കൈയടി നേടുന്നുണ്ട്.

അല്‍ത്താഫ് സലിം Photo: Jio Hotstar

വിനീത് മാധവനെ മാത്രമല്ല, അവന്റെ കൂട്ടുകാരന്‍ സുജിത്തിനും സിനിമാമോഹം നല്‍കുന്നത് ഇതേ സുനിലേട്ടനാണ്. റോഷന്‍ ഷാനവാസ് അവതരിപ്പിച്ച കഥാപാത്രമാണ് സുജിത് രാജ്. സംവിധാനം ചെയ്ത ആദ്യ സിനിമ തന്നെ ഒരുപാട് അവാര്‍ഡുകള്‍ വാരിക്കൂട്ടിയ സംവിധായകനായാണ് സുജിത്തിനെ മോളിവുഡ് ടൈംസില്‍ കാണിച്ചിരിക്കുന്നത്.

മോളിവുഡ് ടൈംസ് Photo: Jio Hotstar

മലയാളസിനിമക്ക് രണ്ട് ഗംഭീര സംവിധായകരെ സമ്മാനിച്ചെങ്കിലും അതിന്റെ യാതൊരു അഹങ്കാരവും സുനിലേട്ടനില്ല. എല്ലാ നാട്ടിലും കാണുന്നതുപോലെ, സിനിമയോട് അതിയായ സ്‌നേഹമുള്ള, എങ്ങുമെത്താതെ പോയ ധാരാളം സുനിലേട്ടന്മാര്‍ എല്ലായിടത്തുമുണ്ടാകും. അല്‍ത്താഫിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായി സുനിലേട്ടനെ കണക്കാക്കാം.

Content Highlight: Althaf Salim’s character in Mollywood Times movie discussing in Social media

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം