സമാധാന നൊബേല്‍ പട്ടികയില്‍ ആള്‍ട്ട് ന്യൂസ് സഹസ്ഥാപകരും; സാധ്യത പട്ടിക പുറത്ത് വിട്ട് ടൈംസ്
national news
സമാധാന നൊബേല്‍ പട്ടികയില്‍ ആള്‍ട്ട് ന്യൂസ് സഹസ്ഥാപകരും; സാധ്യത പട്ടിക പുറത്ത് വിട്ട് ടൈംസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 5th October 2022, 3:57 pm

ന്യൂയോര്‍ക്ക്: നൊബേല്‍ സാധ്യത പട്ടികയില്‍ ഇടം പിടിച്ച് ആള്‍ട്ട് ന്യൂസ് സഹസ്ഥാപകരായ മുഹമ്മദ് സുബൈറും പ്രതീക് സിന്‍ഹയും. ടൈം മാഗസിന്‍ ആണ് പട്ടിക പുറത്തുവിട്ട പട്ടികയില്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിനാണ് ഇവര്‍ക്ക് സാധ്യത കല്‍പിച്ചിരിക്കുന്നത്.

ന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന തീവ്ര വലതുപക്ഷ വിഭാഗം ഇന്ത്യയില്‍ പ്രചരിപ്പിക്കുന്ന വ്യാജവാര്‍ത്തകളും, വിദ്വേഷ പ്രചരണങ്ങളും തടയാന്‍ ആള്‍ട്ട് ന്യൂസ് നടത്തുന്ന ശ്രമങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഇവരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്ന് ടൈം മാഗസിന്‍ പറയുന്നു.

സുബൈര്‍ നേരത്തെ തന്നെ തീവ്ര വലതുപക്ഷ പ്രവര്‍ത്തകരുടെ ഭീഷണികള്‍ക്ക് വിധേയനായിട്ടുണ്ട്. 2018ല്‍ പോസ്റ്റ് ചെയ്ത ട്വീറ്റിന് സുബൈറിനെ ഈ വര്‍ഷം ജൂണ്‍ 27ന് ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

അറസ്റ്റിനെതിരെ ഇന്ത്യയിലും വിദേശത്തുമുള്ള പത്രപ്രവര്‍ത്തക സംഘടനകളില്‍ നിന്ന് വലിയ രീതിയില്‍ പ്രതിഷേധവും ഉയര്‍ന്നിരുന്നു. സുബൈറിനെതിരെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രതികാരമായാണ് പലരും അറസ്റ്റിനെ വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്റെ മതപരമായ വ്യക്തിത്വത്തിന്റെ പേരിലാണ് ഇതെന്നും അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു.

സുബൈറിന്റെ അറസ്റ്റ് രാജ്യത്തെ അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താനുള്ള ശ്രമമാണെന്ന് ലോകരാജ്യങ്ങള്‍ വരെ അഭിപ്രായപ്പെട്ടിരുന്നു.

1895ല്‍ സ്വീഡിഷ് രസതന്ത്രജ്ഞനായ ആല്‍ഫ്രഡ് നൊബേലാണ് സമാധാന നൊബേല്‍ സ്ഥാപിച്ചത്. മനുഷ്യരാശിക്ക് വലിയ നേട്ടങ്ങള്‍ സംഭാവന ചെയ്തവര്‍ക്കാണ് സമാധാന നൊബേല്‍ നല്‍കുക.

ഉക്രൈന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി, അഭയാര്‍ത്ഥികള്‍ക്കായുള്ള യു.എന്‍ ഹൈക്കമ്മീഷണര്‍ ഫോര്‍ റെഫ്യൂജി (യു.എന്‍.എച്ച്.സി.ആര്‍), ബെലാറഷ്യന്‍ പ്രതിപക്ഷ രാഷ്ട്രീയക്കാരിയായ സ്വിയാറ്റ്ലാന സിഖാനൂസ്‌കയ (Sviatlana Tsikhanouskaya), ലോകാരോഗ്യ സംഘടന, റഷ്യയുടെ ജയിലില്‍ കഴിയുന്ന പ്രതിപക്ഷ നേതാവും അഴിമതി വിരുദ്ധ പ്രവര്‍ത്തകയുമായ അലക്‌സി നവാല്‍നി(Alexey Navalny), സ്വീഡിഷ് കാലാവസ്ഥാ പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബെര്‍ഗ് (Greta Thunberg), തുവാലുവിന്റെ വിദേശകാര്യ മന്ത്രി സൈമണ്‍ കോഫെ(Simon Kofe), എഴുത്തുകാരന്‍ സര്‍ ഡേവിഡ് ആറ്റന്‍ബറോ (Sir David Attenborough), മ്യാന്‍മര്‍ നാഷണല്‍ യൂണിറ്റി ഗവണ്‍മെന്റ് എന്നിങ്ങനെയാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന മറ്റുള്ളവര്‍.

Content Highlight: Alt news co founder Mohammed Zubair in the list of Nobel prize for peace nominees