കമല്‍ ഹാസനും അല്‍ഫോണ്‍സ് പുത്രനും, പിന്നെ പണം മുടക്കുന്ന പ്രേക്ഷകരും| Dmovies
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമ പരാജപ്പെടുന്നതും അതിന്റെ പേരില്‍ നിരവധി ട്രോളുകള്‍ വരുന്നതും പുതുമയുള്ള കാര്യമല്ല. എന്നാല്‍ അതിന്റെ പേരില്‍ ഒരു സംവിധായകന്‍ താന്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് മാറി നില്‍ക്കുകയാണെന്നും തന്റെ സിനിമയെ വിലയിരുത്താനുള്ള യോഗ്യത കമല്‍ഹാസന് മാത്രമേയുള്ളു എന്നൊക്കെ പറയുന്നത് ഇതാദ്യമായിരിക്കും. ഇതൊക്കെ പറഞ്ഞത് ആരാണെന്ന് ഇപ്പോള്‍ ഏതാണ്ട് എല്ലാവര്‍ക്കുമറിയാം. മലയാളത്തില്‍ ഒരുപാട് ആരാധകരുള്ള സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്റെ വാക്കുകളാണ് മേല്‍പറഞ്ഞതെല്ലാം.

കാശ് മുടക്കി തിയേറ്ററില്‍ പോയ പ്രേക്ഷകര്‍ സിനിമയെ വിമര്‍ശിക്കുന്നത് സ്വാഭാവീകമാണ്. എന്നാല്‍ വിമര്‍ശനങ്ങളെ താങ്ങാനുള്ള മനസ് പാവം പുത്രട്ടനില്ലെന്ന് പറയുകയാണ് ആരാധകരിപ്പോള്‍. കഴിഞ്ഞ ദിവസമാണ് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ ഒരു സ്‌ക്രീന്‍ ഷോട്ട് തന്റെ സോഷ്യല്‍ മീഡിയ പ്രൊഫൈലിലൂടെ പങ്കുവെച്ചത്. താന്‍ ഒരാളുടെ കമന്റിന് കൊടുത്ത മറുപടിയുടെ സ്‌ക്രീന്‍ ഷോട്ടായിരുന്നു അത്. ആ സ്‌ക്രീന്‍ ഷോട്ടാണ് ഈ പൊല്ലാപ്പുകളെല്ലാം ഉണ്ടാക്കിയത്.

തന്റെ സിനിമ മോശമാണെന്ന് പറയാന്‍ ഇന്ത്യയില്‍ യോഗ്യതയുള്ള ഏക വ്യക്തി കമല്‍ ഹാസനാണെന്നും, കാരണം അദ്ദേഹം മാത്രമാണ് തന്നെക്കാള്‍ കൂടുതല്‍ സിനിമയില്‍ പണി അറിയാവുന്ന വ്യക്തിയെന്നുമാണ് അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞത്. ഗോള്‍ഡ് ഒരു മോശം സിനിമയാണെന്നും അത് സ്വീകരിച്ച് അടുത്ത പടം ചെയ്യൂ എന്ന ഒരു ആരാധകന്റെ ഉപദേശമാണ് അല്‍ഫോണ്‍സിനെ ചൊടുപ്പിച്ചത്.

തന്റെ സിനിമ ഇഷ്ടപ്പെട്ടില്ല എന്ന് നിങ്ങള്‍ക്ക് പറയാം എന്നാല്‍ സിനിമ മോശമാണെന്ന് പറയാനുള്ള അവകാശം നിങ്ങള്‍ക്കില്ലെന്നും അല്‍ഫോണ്‌സ് പറയുന്നു. തുടര്‍ന്ന് വ്യത്യസ്തമായ ഒരു പ്രതിഷേധത്തിനാണ് സോഷ്യല്‍ മീഡിയ സാക്ഷ്യം വവഹിച്ചത്. ഈ കമന്റിടലിന് പിന്നാലെ അല്‍ഫോണ്‍സ് തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകളും പിന്‍ വലിച്ചു.

പൃഥ്വിരാജിനെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത സിനിമയായിരുന്നു ഗോള്‍ഡ്. ഏഴ് വര്‍ഷത്തെ നീണ്ട ഇടവേളക്ക് ശേഷം വരുന്ന അല്‍ഫോണ്‍സ് പുത്രന്‍ സിനിമയെ വളരെ പ്രതീക്ഷകളോടെയാണ് സിനിമാ പ്രേമികള്‍, പ്രേത്യേകിച്ച് അല്‍ഫോണ്‍സ് ആരാധകര്‍ കാത്തിരുന്നത്. എന്നാല്‍ പ്രതീക്ഷക്കൊത്ത് വളരാന്‍ സാധിച്ചില്ലെന്ന് മാത്രമല്ല കഥാപാത്രങ്ങളുടെ അതിപ്രസരം പ്രേക്ഷകര്‍ക്ക് കല്ലുകടിയാവുകയും ചെയ്തു.

തന്റെ സിനിമക്കെതിരെ ഉയര്‍ന്നു വന്ന വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി അല്‍ഫോണ്‍സ് മറ്റൊരു പോസ്റ്റില്‍ പറഞ്ഞിരുന്നു.

സംതൃപ്തിക്ക് വേണ്ടി തന്നെ ട്രോളുകയും, തന്നെയും തന്റെ ഗോള്‍ഡ് സിനിമയെയും കുറിച്ച് മോശമായ കാര്യങ്ങള്‍ പറയുകയും ചെയ്താല്‍ അത് പറയുന്നവര്‍ക്ക് നല്ലതായിരിക്കുമെന്നും. എന്നാല്‍ തനിക്കങ്ങനെ അല്ലെന്നും അതുകൊണ്ട് പ്രതിഷേധ സൂചകമായി സമൂഹ മാധ്യമങ്ങളില്‍ താന്‍ ഇനി മുഖം കാണിക്കില്ലെന്നും അല്‍ഫോണ്‍സ് പറഞ്ഞു. എത്ര വിചിത്രമായ ആചാരങ്ങള്‍ എന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും അല്‍ഫോണ്‍സിന്റെ പുതിയ പ്രതിഷേധത്തെ കുറിച്ച് പറഞ്ഞത്.

താന്‍ ആരുടെയും അടിമയല്ലെന്നും തന്നെ പരിഹസിക്കാനും അധിഷേപിക്കാനും ആര്‍ക്കും അവകാശം നല്‍കിയിട്ടില്ലെന്നും സംവിധായകന്‍ പറഞ്ഞു.

ഇഷ്ടമുണ്ടെങ്കില്‍ എന്റെ സിനിമ കാണുക. അല്ലാതെ എന്റെ പേജില്‍ വന്ന് നിങ്ങളുടെ ദേഷ്യം കാണിക്കരുത്. അങ്ങനെ ചെയ്താല്‍ ഇന്റര്‍നെറ്റില്‍ നിന്നും അപ്രത്യക്ഷനാവും. പഴയതുപോലെയല്ല. ഞാന്‍ എന്നോടും എന്റെ പങ്കാളിയോടും കുട്ടികളോടും യഥാര്‍ത്ഥത്തില്‍ എന്നെ ഇഷ്ടപ്പെടുന്നവരോടും വീഴ്ചയില്‍ ഒപ്പം നില്‍ക്കുന്നവരോടും സത്യസന്ധമായി നില്‍ക്കും. ഞാന്‍ വീണപ്പോള്‍ നിങ്ങളുടെ മുഖത്തുണ്ടായിരുന്ന ചിരി മറക്കില്ല. അത് പ്രകൃതിദത്തമായി, സ്വാഭാവികമായി സംഭവിക്കുന്നതാണ്. അതിനാല്‍ അതേ പ്രകൃതി എന്നെ പിന്തുണയോടെ സംരക്ഷിക്കും. നല്ലൊരു ദിനം ആശംസിക്കുന്നു, എന്നും പറഞ്ഞാണ് അല്‍ഫോണ്‍സ് പോസ്റ്റ് അവസാനിപ്പിച്ചത്.

ഈ അടുത്തിടെ പല പ്രമുഖ സംവിധായകരും ഇത്തരത്തില്‍ സിനിമക്കെതിരെയുണ്ടാകുന്ന വിമര്‍ശനങ്ങള്‍ പാടില്ലായെന്ന തരത്തിലുള്ള വാദങ്ങളുമായി വന്നിരുന്നു. റോഷന്‍ ആന്‍ഡ്രൂസ്, അഞ്ചലി മേനോന്‍, ലാല്‍ ജോസ്, മോഹന്‍ലാല്‍ തുടങ്ങിയവരും ഇത്തരം വാദങ്ങള്‍ ഉ്ന്നയിച്ചിരുന്നു. എഡിറ്റിങ് അറിയാത്തവര്‍ സിനിമയെ കുറിച്ച് പറയേണ്ടില്ലെന്നും പ്രമുഖരില്‍ പലരും പറഞ്ഞിരുന്നു. ടിക്കറ്റെടുത്ത് തിയേറ്ററിലെത്തുന്ന മനുഷ്യരുടെ സമയത്തിനും പണത്തിനും വിലയില്ലേ എന്ന ചോദ്യമാണ് ഇവിടെ ബാക്കിയാകുന്നത്.

content highlight: alphonse puthran latest issue