മലയാള സിനിമയുടെ ചരിത്രത്തില്‍ സമാനതകളില്ലാത്ത ഒരു അങ്കത്തിനാണ് 2025 നവംബര്‍ സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുന്നത്. മലയാളികളുടെ സ്വന്തം ഇതിഹാസ താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം ദുല്‍ഖര്‍ സല്‍മാനും പ്രണവ് മോഹന്‍ലാലും ഒരേ സമയം ബോക്‌സ് ഓഫീസില്‍ നേര്‍ക്കുനേര്‍ വരുന്നു.
ഹൊറര്‍ ത്രില്ലറായ ഡീയസ് ഈറേയാണ് പ്രണവ് മോഹന്‍ലാലിന്റേതായി പുറത്തിറങ്ങുന്ന സിനിമ. ഭ്രമയുഗത്തിന് ശേഷം രാഹുല്‍ സദാശിവന് ഒരുക്കുന്ന സിനിമ ഒക്ടോബര്‍ 31ന് തിയേറ്ററുകളിലെത്തും. വമ്പന്‍ ഹൈപ്പിലെത്തുന്ന സിനിമയുടെ ട്രെയ്‌ലറും ടീസറുമെല്ലാം വലിയ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
നവംബര്‍ 6നാണ് ബ്രഹ്‌മാണ്ഡ ചിത്രമായ വൃഷഭയുമായി മോഹന്‍ലാല്‍ എത്തുന്നത്. നന്ദകിഷോര്‍ ഒരുക്കുന്ന ഈ സിനിമ മലയാളം തെലുങ്ക് ഉള്‍പ്പെടെ അഞ്ച് ഭാഷകളിലാണ് സിനിമ ഒരുങ്ങുന്നത്.
ട്രെയ്‌ലര്‍ മുതല്‍ മികച്ച പ്രതികരണങ്ങള്‍ ലഭിച്ച ചിത്രത്തെ കുറിച്ച് വലിയ പ്രതീക്ഷകളാണ് ആരാധകര്‍ക്ക്. ഏകദേശം 200 കോടി ബജറ്റിലൊരുങ്ങുന്ന സിനിമയില്‍ ഷനായ കപൂര്‍, സാറാ ഖാന്‍ രാഗിണി ദ്വിവേദി, ശ്രീകാന്ത് മെക തുടങ്ങി വന്‍താര നിര തന്നെയുണ്ട്.
നവംബര്‍ 14നാണ് ‘കാന്ത’യുമായി ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്നത്. ദുല്‍ഖറിന്റെ തന്നെ പ്രൊഡക്ഷന്‍ കമ്പനിയായ വേഫററാണ് സിനിമ നിര്‍മിക്കുന്നത്. നവാഗതനായ സെല്‍വമണി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രം, തമിഴ് നാട്ടിലെ ആദ്യകാല സൂപ്പര്‍സ്റ്റാറായ എം. കെ ത്യാഗരാജ ഭാഗവതരുടെ ജീവിതകഥയാണ്. സിനിമയുടെ ടീസറിന് സമൂഹമാധ്യമങ്ങളില്‍ വന്‍ വരവേല്‍പ്പ് ലഭിച്ചിരുന്നു.
നവംബര്‍ 27നാണ് സിനിമാലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം കളങ്കാവല്‍ തിയേറ്ററുകളിലെത്തുന്നത്. വലിയൊരു ഇടവേളക്ക് ശേഷം തിയേറ്ററുകളിലെത്തുന്ന മമ്മൂട്ടി ചിത്രം എന്നതിലുപരി മമ്മൂട്ടി എന്ന നടന്റെ ഇതുവരെ കാണാത്ത പ്രകടനമാകും കളങ്കാവലിലേതെന്ന് ഓരോ അപ്ഡേറ്റുകളും അടിവരയിടുന്നുണ്ട്.
ജിതിന്‍ കെ. ജോസ് സംവിധാനം ചെയ്യുന്ന സിനിമ ഇന്ത്യയെ ഞെട്ടിച്ച സയനൈഡ് മോഹന്റെ ജീവിതകഥയെ അടിസ്ഥാനമാക്കിയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചിത്രത്തില്‍ വിനായകന്‍ നായക വേഷത്തിലും മമ്മൂട്ടി നെഗറ്റീവ് റോളിലുമാണ് എത്തുന്നത്.