മോഹന്‍ലാലും മമ്മൂട്ടിയും മാത്രമല്ല, മലയാളത്തിലെ ആ യുവ നടന്മാരെല്ലാം ഒരുപാട് കഴിവുള്ളവരാണ്: അല്ലു അര്‍ജുന്‍
Entertainment
മോഹന്‍ലാലും മമ്മൂട്ടിയും മാത്രമല്ല, മലയാളത്തിലെ ആ യുവ നടന്മാരെല്ലാം ഒരുപാട് കഴിവുള്ളവരാണ്: അല്ലു അര്‍ജുന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 25th May 2025, 3:39 pm

പാന്‍ ഇന്ത്യന്‍ സിനിമകള്‍ വരുന്നതിന് മുമ്പ് തന്നെ പാന്‍ ഇന്ത്യന്‍ ലെവലില്‍ ശ്രദ്ധിക്കപ്പെട്ട തെലുങ്ക് നടനാണ് അല്ലു അര്‍ജുന്‍. മലയാളത്തിലേക്ക് ഡബ്ബ് ചെയ്ത സിനിമകളിലൂടെയാണ് മലയാളികള്‍ക്ക് അല്ലു പ്രിയങ്കരന്‍ ആകുന്നത്.

ഒപ്പം സ്‌റ്റൈലിഷ് സ്റ്റാര്‍ എന്നും ഐക്കണ്‍ സ്റ്റാര്‍ എന്നും അറിയപ്പെടുന്ന അല്ലു അര്‍ജുന്‍ വളരെ പെട്ടെന്നാണ് കേരളത്തിന്റെ മല്ലു അര്‍ജുനായി മാറിയത്. ഇന്ന് ഇന്ത്യന്‍ സിനിമയില്‍ ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നടന്മാരില്‍ ഒരാളാണ് അദ്ദേഹം.

ഇപ്പോള്‍ മലയാള സിനിമയെ കുറിച്ച് പറയുകയാണ് അല്ലു അര്‍ജുന്‍. ഇന്ത്യയിലെ എല്ലാ സിനിമാ താരങ്ങള്‍ക്കും മലയാള സിനിമയോട് പ്രത്യേക ബഹുമാനമുണ്ട് എന്നാണ് നടന്‍ പറയുന്നത്. ഒരുപാട് നല്ല നടന്മാരുള്ള നാടാണ് കേരളമെന്നും അദ്ദേഹം പറയുന്നു.

‘ഇന്ത്യയിലെ എല്ലാ താരങ്ങള്‍ക്കും മലയാള സിനിമയോട് പ്രത്യേക ബഹുമാനമുണ്ട്. ചര്‍ച്ചകളിലും മലയാള സിനിമകള്‍ കടന്നുവരാറുണ്ട്. ഒരുപാട് നല്ല നടന്മാരുള്ള നാടാണ് കേരളം. മമ്മൂട്ടിക്കും മോഹന്‍ലാലിനും പുറമേ ഒരുപാട് മികച്ച യുവതാരങ്ങളുമുണ്ട്.

ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്‍മാന്‍, പൃഥിരാജ്, നിവിന്‍ പോളി ഉള്‍പ്പെടെയുള്ളവര്‍. എല്ലാവരും ഒരുപാട് കഴിവുള്ള നടന്മാരാണ്. എന്റേതായി എപ്പോള്‍ ഒരു മലയാള സിനിമയുണ്ടാകും എന്ന് ചോദിച്ചാല്‍, ഒരു ഉത്തരം മാത്രമേയുള്ളൂ. ഒരു മലയാളി സംവിധായകനും ഇതുവരെ എന്നോട് കഥ പറഞ്ഞിട്ടില്ല,’ അല്ലു അര്‍ജുന്‍ പറഞ്ഞു.

മറ്റൊരു അന്യഭാഷ താരത്തെയും മലയാളികള്‍ ഇങ്ങനെ സ്വീകരിച്ചിട്ടില്ലെന്നാണ് തനിക്ക് തോന്നുന്നതെന്നും അദ്ദേഹം പറയുന്നു. അവരുടെ ഹൃദയത്തില്‍ തനിക്ക് ഒരു പ്രത്യേക സ്ഥാനം നല്‍കുന്നുണ്ടെന്നും അല്ലു കൂട്ടിച്ചേര്‍ത്തു.

‘മലയാളികള്‍ അവരുടെ ഹൃദയത്തില്‍ എനിക്ക് ഒരു പ്രത്യേക സ്ഥാനം നല്‍കുന്നുണ്ട്. അവരുടെ സ്‌നേഹത്തിനും ലാളനയ്ക്കും എന്നും ഞാന്‍ കടപ്പെട്ടിരിക്കും. ഈ സ്‌നേഹവും ലാളനയുമാണ് മല്ലു അര്‍ജുന്‍ എന്ന പേരും സമ്മാനിച്ചത്. എനിക്ക് തോന്നുന്നത് മറ്റൊരു താരത്തെയും മലയാളികള്‍ ഇങ്ങനെ സ്വീകരിച്ചിട്ടില്ലെന്നാണ്,’ അല്ലു അര്‍ജുന്‍ പറഞ്ഞു.

Content Highlight: Allu Arjun Talks About Youth Actors In Malayalam