ബോളിവുഡ് താരങ്ങള്‍ക്കൊപ്പം ഇരിക്കുമ്പോഴും അവര്‍ മലയാള സിനിമയെ പറ്റി പറയാറുണ്ട്: അല്ലു അര്‍ജുന്‍
Entertainment
ബോളിവുഡ് താരങ്ങള്‍ക്കൊപ്പം ഇരിക്കുമ്പോഴും അവര്‍ മലയാള സിനിമയെ പറ്റി പറയാറുണ്ട്: അല്ലു അര്‍ജുന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 27th May 2025, 9:37 pm

മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട തെലുങ്ക് നടനാണ് അല്ലു അര്‍ജുന്‍. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായ ആര്യ മലയാളത്തില്‍ ഡബ്ബ് ചെയ്ത് ഇറക്കുകയും 100 ദിവസത്തിന് മുകളില്‍ കേരളത്തിലെ തിയേറ്ററുകളില്‍ ഓടുകയും ചെയ്തിരുന്നു.

പിന്നീട് നടന്റെ മറ്റ് തെലുങ്ക് സിനിമകളും മലയാളത്തിലേക്ക് ഡബ്ബ് ചെയ്ത് എത്താന്‍ തുടങ്ങിയതോടെ അല്ലു അര്‍ജുന്‍ മലയാളികള്‍ക്ക് മല്ലു അര്‍ജുനായി മാറുകയായിരുന്നു. ഒരു മലയാള നടനോട് കാണിക്കുന്ന അതേ സ്നേഹമായിരുന്നു മലയാളികള്‍ക്ക് അല്ലുവിനോട് ഉണ്ടായിരുന്നത്.

ഇപ്പോള്‍ താന്‍ മലയാള സിനിമകള്‍ കാണാറുണ്ടെന്നും മലയാളം ഇന്‍ഡസ്ട്രി ഒരുപാട് മാറിയെന്നും പറയുകയാണ് നടന്‍. മികച്ച സിനിമകള്‍ സൃഷ്ടിക്കുന്ന ഹബ്ബായി മലയാളം ഇന്‍ഡസ്ട്രി മാറിയെന്നും ഒരുപാട് നല്ല സംവിധായകരും നടന്മാരും മലയാളത്തില്‍ വന്നുവെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്താകമാനം മലയാള സിനിമകള്‍ ശ്രദ്ധ നേടുന്നുണ്ടെന്നും ബോളിവുഡ് താരങ്ങള്‍ക്കൊപ്പം ഇരിക്കുമ്പോഴും അവര്‍ മലയാള സിനിമയെക്കുറിച്ച് പറയാറുണ്ടെന്നും അല്ലു കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.

‘ഇപ്പോള്‍ മലയാള സിനിമകളും കാണാറുണ്ട്. സത്യത്തില്‍ മലയാള സിനിമ ഒരുപാട് മാറിയിട്ടുണ്ട്. മികച്ച സിനിമകള്‍ സൃഷ്ടിക്കുന്ന ഹബ്ബായി മലയാളം ഇന്‍ഡസ്ട്രി മാറി. ഒരുപാട് നല്ല സംവിധായകരും നടന്മാരും മലയാളത്തില്‍ വന്നു.

ദുല്‍ഖര്‍ സല്‍മാന്റെ ചാര്‍ലിയും നിവിന്‍ പോളിയുടെ പ്രേമവുമെല്ലാം ആസ്വദിച്ച് കണ്ട സിനിമകളാണ്. രാജ്യത്താകമാനം മലയാളം സിനിമകള്‍ ശ്രദ്ധ നേടുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ബോളിവുഡ് താരങ്ങള്‍ക്കൊപ്പം ഇരിക്കുമ്പോഴും അവര്‍ മലയാള സിനിമയെക്കുറിച്ച് പറയാറുണ്ട്,’ അല്ലു അര്‍ജുന്‍ പറയുന്നു.

Content Highlight: Allu Arjun Talks About How Malayalam Cinema Industry Changed