'റിഷബ് ഷെട്ടിയുടെ വണ്‍ മാന്‍ ഷോ, സിനിമയെ കുറിച്ച് പറയാന്‍ വാക്കുകളില്ല'; കാന്താരയെ പ്രശംസിച്ച് അല്ലു അര്‍ജുന്‍
Indian Cinema
'റിഷബ് ഷെട്ടിയുടെ വണ്‍ മാന്‍ ഷോ, സിനിമയെ കുറിച്ച് പറയാന്‍ വാക്കുകളില്ല'; കാന്താരയെ പ്രശംസിച്ച് അല്ലു അര്‍ജുന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 25th October 2025, 8:24 pm

റിഷബ് ഷെട്ടിയുടെ കാന്താര ചാപ്റ്റര്‍ വണ്ണിനെ പ്രശംസിച്ച് നടന്‍ അല്ലു അര്‍ജുന്‍. ഇന്നലെ ഫേസ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. വിവരിക്കാന്‍ വാക്കുകളില്ല മനസ് നിറഞ്ഞൊരു സിനിമ എന്ന അടികുറിപ്പോടെയാണ് അല്ലു അര്‍ജുന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

‘ഇന്നലെ കാന്താര കണ്ടു. അടിപൊളി. എന്തൊരു മനസിനെ സ്പര്‍ശിക്കുന്ന സിനിമയാണിത്. എഴുത്തുകാരന്‍, സംവിധായകന്‍, നടന്‍ എന്നിങ്ങനെ എല്ലാ നിലകളില്‍ വണ്‍മാന്‍ ഷോ നടത്തിയതിന് റിഷഭ് ഷെട്ടി ഗാരുവിന് അഭിനന്ദനങ്ങള്‍. രുക്മിണി വസന്ത് ഗാരു, ജയറാം ഗാരു, ഗുല്‍ഷന്‍ ദേവയ്യ ഗാരു തുടങ്ങിയവരും മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്.

ടെക്‌നീഷ്യന്‍മാരും നല്ലവണ്ണം ചെയ്തിട്ടുണ്ട്. പ്രത്യേകിച്ച് അജനീഷ് ലോക്‌നാഥ് ഗാരുവിന്റെ സംഗീതം, അരവിന്ദ് എസ് കശ്യപ് ഗാരുവിന്റെ ഛായാഗ്രഹണം, ധരണി ഗംഗപുത്ര ഗാരുവിന്റെ കലാസംവിധാനം, അര്‍ജുന്‍ ഗാരുവിന്റെ സ്റ്റണ്ട്‌സ്. നിര്‍മാതാവ് വിജയ് കിരഗണ്ടൂര്‍ ഗാരുവിനും മുഴുവന്‍ ഹോംബാലെ ഫിലിംസ് ടീമിനും അഭിനന്ദനങ്ങള്‍. സത്യം പറഞ്ഞാല്‍, ഈ അനുഭവത്തെ വിവരിക്കാന്‍ വാക്കുകള്‍ മതിയാകില്ല. ഒരുപാട് സ്‌നേഹം, ആരാധന, ബഹുമാനം,’ എന്നായിരുന്നു അല്ലു അര്‍ജുന്‍ കുറിച്ചത്.

അതേസമയം ഈ വര്‍ഷത്തെ ഏറ്റവുമുയര്‍ന്ന കളക്ഷന്‍ സ്വന്തമാക്കിയിരിക്കുകയാണ് കാന്താര ചാപ്റ്റര്‍ വണ്‍. റിലീസ് ചെയ്ത് മൂന്നാഴ്ച പിന്നിടുമ്പോള്‍ 818ക്ക് കോടിക്ക് മുകളിലാണ് സിനിമയുടെ കളക്ഷന്‍. കാന്താരയുടെ ആദ്യ ഭാഗവും ഇന്‍ഡസ്ട്രി ഹിറ്റായിരുന്നു.

ആദ്യഭാഗം 400 കോടിയിലധികം നേടിയപ്പോള്‍ രണ്ടാം ഭാഗം അതിന്റെ ഇരട്ടി കളക്ഷനാണ് സ്വന്തമാക്കിയത്. ആദ്യ ഭാഗത്തിന്റെ പ്രീക്വലായാണ് കാന്താര ചാപ്റ്റര്‍ വണ്‍ ഒരുങ്ങിയത്. ആദ്യ ഭാഗത്തിന്റെ കഥ നടക്കുന്നതിന് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നടക്കുന്ന കഥയാണ് ചാപ്റ്റര്‍ വണ്ണിന്റേത്.

Content highlight: Allu Arjun praises Rishab Shetty’s Kanthara Chapter One