പശുവിനെ കൊല്ലുന്നവന്‍ നരകത്തില്‍ പോകും; പശു സംരക്ഷണത്തിന് കേന്ദ്രം നിയമം കൊണ്ടുവരണം: അലഹബാദ് ഹൈക്കോടതി
national news
പശുവിനെ കൊല്ലുന്നവന്‍ നരകത്തില്‍ പോകും; പശു സംരക്ഷണത്തിന് കേന്ദ്രം നിയമം കൊണ്ടുവരണം: അലഹബാദ് ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 5th March 2023, 8:33 am

ന്യൂദല്‍ഹി: പശുവിനെ സംരക്ഷിത ദേശീയ മൃഗമായി കേന്ദ്രം പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അലഹബാദ് ഹൈക്കോടതി. ഗോവധ നിരോധന നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ നിന്നും ക്രിമിനല്‍ നടപടികള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശം. ഗോവധം നിരോധിക്കാന്‍ വേണ്ട നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കണമെന്നും കോടതി പറഞ്ഞു.

അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് ഷമീം അഹമ്മദായിരുന്നു വിധി പ്രസ്താവത്തിനിടെ പശുവിനെ കുറിച്ച് വാചാലനായത്.

ഹിന്ദുമത വിശ്വാസപ്രകാരം പശു ദൈവികതയുടെ പ്രതീകമാണെന്നാണ് വിശ്വാസമെന്നും അതിനാല്‍ പശുവിനെ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

‘നമ്മള്‍ ജീവിക്കുന്നത് ഒരു മതേതര രാജ്യത്താണ്. ഇവിടെ ഹിന്ദു മത വിശ്വാസപ്രകാരം പശു ദൈവികതയുടെയും പ്രകൃതിദത്തമായ എല്ലാം നന്മകളുടെയും പ്രതിനിധിയാണ്. ആയതിനാല്‍ പശുവിനെ സംരക്ഷിക്കേണ്ടതും ആദരിക്കേണ്ടതുമുണ്ട്,’ കോടതി പറഞ്ഞു.

ഉത്തര്‍പ്രദേശിലെ ബാരാബാന്‍കി സ്വദേശിയായ മുഹമ്മദ് അബ്ദുല്‍ ഖലീക് നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. തെളിവുകള്‍ ഒന്നും ഇല്ലാതെ പൊലീസ് തനിക്കെതിരെ ഗോവധ നിരോധന നിയമപ്രകാരം കേസെടുത്തെന്നും, അതിനാല്‍ തനിക്കെതിരെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്‍പാകെയുള്ള കേസുകള്‍ റദ്ദാക്കണമെന്നും ഹാരജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഈ ഹരജി കോടതി തള്ളി. പശു വിവിധ ദൈവങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും കോടതി പറഞ്ഞു. പശുവിന്റെ കാലുകള്‍ നാല് വേദങ്ങളെയാണ് സൂചിപ്പിക്കുന്നത്. പാല്‍ നാല് ‘പുരുഷാര്‍ത്ഥങ്ങളെയാണ് സൂചിപ്പിക്കുന്നത് എന്നും കോടതി പറഞ്ഞു. പശുവിന്റെ കൊമ്പുകള്‍ ദേവന്മാരെയും, മുഖം സൂര്യനെയും ചന്ദ്രനെയും, തോളുകള്‍ ‘അഗ്‌നി’ (അഗ്‌നിദേവന്‍)യെയും പ്രതീകപ്പെടുത്തുന്നുവെന്നും കോടതി പറഞ്ഞു.

മനുസ്മൃതിയിലും മഹാഭാരതത്തിലും ഗോവധം നിരോധിക്കണമെന്നുണ്ട്. പാല് തരുന്ന പശുവിനെ കൊല്ലരുതെന്നത് വേദ കാലം മുതലേയുള്ള ആചാരമാണ്. ഋഗ്വേദയിലും പാലുല്‍പാദിപ്പിക്കുന്ന പശുവിനെ കൊല്ലരുതെന്ന നിര്‍ദ്ദേശമുണ്ടെന്നും കോടതി ഹരജി തള്ളിക്കൊണ്ട് പറഞ്ഞിരുന്നു.

പശുവിനെ കൊല്ലുന്നവനും കൊല്ലാന്‍ അനുമതി നല്‍കുന്നവനും ശരീരത്തില്‍ മുടിനാരുകള്‍ ഉള്ളിടത്തോളം കാലം നരകത്തില്‍ കഴിയുമെന്നാണ് വിശ്വാസമെന്നും കോടതി പറയുന്നുണ്ട്.

പശുവിനെ സംരക്ഷിത ദേശീയ മൃഗമായി പ്രഖ്യാപിപ്പിക്കണമെന്ന ഹിന്ദുത്വ ഗ്രൂപ്പുകളുടെ ആവശ്യം സജീവമാകുന്നതിനിടെയാണ് കോടതിയുടെ ഇത്തരം പരാമര്‍ശം. പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് 2021 ല്‍ അലഹബാദ്‌കോടതി പറഞ്ഞതും വാര്‍ത്തയായിരുന്നു. പശു സംരക്ഷണം മൗലീകവകാശങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും അന്ന് കോടതി പറഞ്ഞിരുന്നു.

എന്നാല്‍ ഈ ഹരജികള്‍ സുപ്രീം കോടതി തള്ളുകയായിരുന്നു. ഏത് വകുപ്പിന് കീഴിലാണ് ഇത്തരം കാര്യങ്ങള്‍ കൊണ്ടുവരേണ്ടതെന്നും ഇതാണോ കോടതിയുടെ പണിയെന്നുമായിരുന്നു ഹരജി തള്ളിക്കൊണ്ട് ബെഞ്ച് വ്യക്തമാക്കിയത്.

 

Content Highlight: Allahabadh Hc says cow should be protected and centre should bring forward a law to ban cow slaughter