'ആരുടെ കൂടെ ജീവിക്കണമെന്നത് മൗലീകവകാശം, ഒരു സര്‍ക്കാരിനും തടയാനാകില്ല'; 'ലവ് ജിഹാദ്' നിയമത്തില്‍ യോഗി സര്‍ക്കാരിനോട് കോടതി
national news
'ആരുടെ കൂടെ ജീവിക്കണമെന്നത് മൗലീകവകാശം, ഒരു സര്‍ക്കാരിനും തടയാനാകില്ല'; 'ലവ് ജിഹാദ്' നിയമത്തില്‍ യോഗി സര്‍ക്കാരിനോട് കോടതി
ന്യൂസ് ഡെസ്‌ക്
Tuesday, 24th November 2020, 10:22 am

ലക്‌നൗ: ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെ ലവ് ജിഹാദ് തടയുന്നതിനുള്ള നിയമ നിര്‍മാണത്തിനെതിരെ അലഹബാദ് ഹൈക്കോടതി. ഇഷ്ടപ്പെട്ട ജീവിതപങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവകാശം മൗലികാവകാശമാണെന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് പങ്കജ് നഖ്‌വിയും വിവേക് അഗര്‍വാളുമടങ്ങുന്ന ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയതെന്ന് ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏത് മതത്തില്‍ വിശ്വസിക്കുന്ന ആളായാലും ഇഷ്ടപ്പെട്ട വ്യക്തിയോടൊപ്പം ജീവിക്കാനുള്ള അയാളുടെ അവകാശം ജീവിക്കാനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള മൗലികാവകാശത്തിന്റെ ഭാഗമാണെന്നും കോടതി നിരീക്ഷിച്ചു.

പ്രായപൂര്‍ത്തിയായ രണ്ട് വ്യക്തികള്‍ അവരുടെ സ്വന്തം ഇഷ്ടത്തിന് ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചാല്‍ അതിന് തടയിടാന്‍ ഒരു സര്‍ക്കാരിനും സാധിക്കില്ലെന്നും കോടതി പറഞ്ഞു.

‘സ്വന്തം ലിംഗത്തില്‍ പെട്ടവര്‍ക്കുവരെ ഒന്നിച്ച് സ്വസ്ഥമായി ജീവിക്കാന്‍ നിയമം അനുവദിക്കുന്നുണ്ട്. അപ്പോള്‍ പിന്നെ പ്രായപൂര്‍ത്തിയായ രണ്ട് വ്യക്തികള്‍ അവരുടെ സ്വന്തം ഇഷ്ടത്തിന് ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചാല്‍ അതിന് തടയിടാന്‍ ഒരു വ്യക്തിക്കോ കുടുംബത്തിനോ സര്‍ക്കാരിനോ കഴിയില്ല. ഇക്കാര്യം നമ്മള്‍ മനസ്സിലാക്കാതെ പോകുകയാണ്.’ കോടതി പറഞ്ഞു.

വിവാഹത്തിന് മാത്രമായുള്ള മതപരിവര്‍ത്തനം ശരിയല്ലെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവും ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. സിംഗിള്‍ ബെഞ്ചിന്റെ വിധി നല്ല നിയമത്തിന് സഹായകരമായി കണക്കാക്കാനാകില്ലെന്നും കോടതി പറഞ്ഞു. പ്രിയങ്ക-സലാമത് കേസിലെ സിംഗിള്‍ ബെഞ്ചിന്റെ വിധിയെ രൂക്ഷമായ ഭാഷയിലാണ് ഹൈക്കോടതി വിമര്‍ശിച്ചത്.

‘പ്രിയങ്ക ഖര്‍വാറിനെയും സലാമതിനെയും ഹിന്ദുവോ മുസ്‌ലിമോ ആയല്ല ഞങ്ങള്‍ കാണുന്നത്. സ്വന്തം താല്‍പര്യ പ്രകാരം ഒരുമിച്ച് ജീവിക്കുന്ന പ്രായപൂര്‍ത്തിയായ രണ്ട് വ്യക്തികളായാണ്. ഒരു വര്‍ഷത്തിലേറെയായി അവര്‍ സമാധാനത്തിലും സന്തോഷത്തിലും കഴിയുകയാണ്.’ കോടതി പറഞ്ഞു.

വിവാഹത്തിനു വേണ്ടി മാത്രമുള്ള മതപരിവര്‍ത്തനം ക്രിമിനല്‍ കുറ്റമാക്കി ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ്, കര്‍ണാടക അടക്കമുള്ള ബി.ജെ.പി സര്‍ക്കാറുകള്‍ നിയമനിര്‍മാണം നടത്തുന്നതിനിടെയാണ് കോടതി ഇതിനെതിരെ രംഗത്ത് വരുന്നത്.

അതേസമയം ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തന്നെ ലവ് ജിഹാദ് എന്നൊന്ന് നിയമത്തില്‍ നിര്‍വചിച്ചിട്ടില്ലെന്നും ഇത്തരത്തിലുള്ള കേസുകളൊന്നും കേന്ദ്ര ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും പാര്‍ലമെന്റിനെ അറിയിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Allahabad High Court against UP government’s move to make laws to stop ‘Love Jihad’