ഗസയിലേക്കുള്ള എല്ലാ അതിർത്തികളും ഉടൻ തുറക്കണം: യു.എൻ
Gaza
ഗസയിലേക്കുള്ള എല്ലാ അതിർത്തികളും ഉടൻ തുറക്കണം: യു.എൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 3rd December 2025, 4:08 pm

ന്യൂയോർക്ക്: ഗസയിലേക്കുള്ള എല്ലാ അതിർത്തികളും തുറക്കണമെന്ന് ആവശ്യപ്പെട്ട് ഐക്യരാഷ്ട സഭ. ഗസയിലെ ജനങ്ങൾക്കുള്ള സഹായം വർധിപ്പിക്കാനായി ഓഫീസ് ഫോർ ദി കോർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്‌സും (OCHA) പ്രവർത്തിക്കുന്നുണ്ടെന്ന് യു.എൻ വക്താവ് സ്റ്റെഫാൻ ഡുജാറിക് പറഞ്ഞു.

അന്താരാഷ്ട്ര അടിയന്തര മെഡിക്കൽ സംഘങ്ങൾക്ക് ഗസയിലേക്ക് എത്താനും വെസ്റ്റ് ബാങ്കിലെ രോഗികൾക്ക് ചികിത്സ എത്തിക്കാനും അതിർത്തികൾ തുറക്കേണ്ടത് ആവശ്യമാണെന്നും യു.എൻ വ്യക്തമാക്കി.

കഴിഞ്ഞ രണ്ടുദിവസത്തിനുള്ളിൽ ഗസയിൽ നിന്നും ചികിത്സയ്ക്കായി 18 രോഗികളെയും 54 കൂട്ടാളികളെയും മെഡിക്കൽ സംഘം മറ്റു രാജ്യങ്ങളിലേക്ക് അയച്ചിരുന്നു. 16,500 ലധികം രോഗികൾക്ക് ഇപ്പോഴും ഗസയിൽ പരിചരണം ആവശ്യമാണെന്ന് യു.എൻ പറഞ്ഞിരുന്നു.

ശൈത്യകാലം എത്തിയതോടെ ഗസയിലേക്കുള്ള ആവശ്യങ്ങൾ വിപുലീകരിക്കുകയാണെന്ന് ഐക്യരാഷ്ട്ര സഭ നേരത്തെ അറിയിച്ചിരുന്നു.

8,800 ലധികം പുതപ്പുകളും 300 ലധികം ടെന്റുകളും വിതരണം ചെയ്‌തെന്നും യു.എൻ പറഞ്ഞു. ഈ ആഴ്ചയോടുകൂടി ടാർപോളിനുകളും മെത്തകളും എത്തിയെന്നും യു.എൻ റിപ്പോർട്ട് ചെയ്തിരുന്നു.

നവംബർ ഒന്നിനും 27 നും ഇടയിൽ വടക്കൻ ഗസയിലുൾപ്പെടെ 59 കേന്ദ്രങ്ങളിലൂടെ 230,000 ത്തിലധികം കുടുംബങ്ങൾക്ക് ഭക്ഷണ പൊതികളും എത്തിച്ചതായി യു.എൻ റിപ്പോർട്ട് ചെയ്തിരുന്നു.

വെസ്റ്റ് ബാങ്കിലെ ടുബാസ്, ജെനിൻ എന്നീ വടക്കൻ പ്രദേശങ്ങളിൽ ഇസ്രഈൽ സൈന്യം നടത്തിയ ആക്രമണങ്ങളുടെ ആഘാതം ആശങ്കയുണ്ടാക്കുന്നതാണെന്നും OCHA പറഞ്ഞു.

കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ മാത്രം ഏകദേശം രണ്ട് ഡസനോളം ഫലസ്തീൻ കുടുംബങ്ങളെ അവരുടെ വീടുകളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചു, അവ സൈനിക നിരീക്ഷണ കേന്ദ്രങ്ങളാക്കി മാറ്റിയതായും റിപ്പോർട്ടുകളുണ്ട്.

Content Highlight: All borders to Gaza must be opened immediately: UN