ബോളിവുഡിലെ മികച്ച നടിമാരില്‍ ഒരാളാണ് ആലിയ ഭട്ട്. ഹിന്ദിയിലെ മികച്ച സംവിധായകരിലൊരാളായ മഹേഷ് ഭട്ടിന്റെ മകളായ ആലിയ കരണ്‍ ജോഹറിന്റെ സ്റ്റുഡന്റ് ഒഫ് ദി ഇയര്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമാലോകത്തേക്ക് കടന്നുവന്നത്. മികച്ച സിനിമകളുടെ ഭാഗമായ ആലിയ വളരെ വേഗത്തില്‍ ബോളിവുഡിന്റെ മുന്‍നിരയില്‍ ഇടംപിടിച്ചു. ഗംഗുഭായ് എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡും ആലിയ സ്വന്തമാക്കി.
ഒപ്പം വര്‍ക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്ന നടന്മാരെക്കുറിച്ച് സംസാരിക്കുകയാണ് ആലിയ ഭട്ട്. മലയാളി താരമായ ഫഹദ് ഫാസിലിനൊപ്പം വര്‍ക്ക് ചെയ്യാന്‍ താന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് ആലിയ ഭട്ട് പറഞ്ഞു. അദ്ദേഹത്തോട് ഒരുപാട് ബഹുമാനമുണ്ടെന്നും ഗംഭീര അഭിനേതാവാണെന്നും താരം കൂട്ടിച്ചേര്‍ത്തു. ഫഹദിന്റെ ആവേശം എന്ന സിനിമ തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും അവര്‍ പറയുന്നു. ബ്രുട്ട് ഇന്ത്യയോട് സംസാരിക്കുകയായിരുന്നു ആലിയ ഭട്ട്.
‘ഒപ്പം വര്‍ക്ക് ചെയ്യണമെന്ന് തോന്നിയിട്ടുള്ള നടന്മാര്‍ കുറച്ചധികമുണ്ട്. അതിലൊരാളാണ് ഫഹദ് ഫാസില്‍. എനിക്ക് ഒരുപാട് ബഹുമാനം തോന്നിയ നടനാണ് അദ്ദേഹം. ഗംഭീര പെര്‍ഫോമറാണ്. ഫഹദിന്റെ കൂടെ വര്‍ക്ക് ചെയ്യണമെന്ന് ആഗ്രഹമുണ്ട്. അയാള്‍ നായകനായെത്തിയ ആവേശം എന്ന സിനിമ എന്ത് രസമാണ്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളിലൊന്നാണ് ആവേശം. ആ സിനിമയില്‍ അയാളുടെ അഭിനയം എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.
അതുപോലെ റോഷന്‍ മാത്യു, അയാളും നല്ല ടാലന്റുള്ള നടനാണ്. ഡാര്‍ലിംഗ്‌സ് എന്ന സിനിമയില്‍ ഞാന്‍ റോഷനൊപ്പം അഭിനയിച്ചു. ഹിന്ദിയില്‍ നിന്നുള്ള ആളല്ലാഞ്ഞിട്ടു കൂടി ഹിന്ദി ഡയലോഗെല്ലാം നന്നായി പ്രസന്റ് ചെയ്തു. കൂടെ വര്‍ക്ക് ചെയ്ത നടന്മാരില്‍ എന്നെ അത്ഭുതപ്പെടുത്തിയ ഒരാളാണ് റോഷന്‍ മാത്യുവെന്ന് പറയാം.
ഇന്ത്യന്‍ സിനിമയെന്നാല്‍ അത് ഒരു ഭാഷയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ലെന്ന് കൊവിഡ് കാലഘട്ടം മനസിലാക്കിത്തന്നു. പല ഭാഷകളില്‍ നിന്നുള്ള മികച്ച സിനിമകള്‍ എല്ലാവരിലേക്കും എത്തിയ സമയമായിരുന്നു അത്. അതിപ്പോള്‍ ഹിന്ദിയായാലും മലയാളമായാലും പഞ്ചാബിയായാലും ഭാഷ ഒരു പ്രശ്‌നമല്ലെന്ന് എല്ലാവര്‍ക്കും മനസിലായി’ ആലിയ പറയുന്നു.
ആലിയ നായികയായെത്തുന്ന പുതിയ ചിത്രമാണ് ആല്‍ഫ. ഇന്ത്യയിലെ മികച്ച സിനിമാറ്റിക് യൂണിവേഴ്‌സുകളിലൊന്നായ വൈ.ആര്‍.എഫ്. സ്‌പൈ യൂണിവേഴ്‌സിലെ ചിത്രമായാണ് ആല്‍ഫ ഒരുങ്ങുന്നത്. ഇനി പുറത്തിറങ്ങാനുള്ള വാര്‍ 2വില്‍ ആലിയയുടെ കഥാപാത്രത്തെ പരിചയപ്പെടുത്തുമെന്നാണ് കരുതപ്പെടുന്നത്. ഈ വര്‍ഷം ഒടുവില്‍ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlight: Alia Bhatt saying she wishes to work with Fahadh Faasil