മലയാളത്തിലെ ആ നടന്‍ ബോളിവുഡില്‍ തന്റേതായ ഒരു സ്ഥാനം നേടുമെന്ന് ഉറപ്പാണ്, അയാളോടൊപ്പം ഇനിയും സിനിമ ചെയ്യണം: ആലിയ ഭട്ട്
Entertainment
മലയാളത്തിലെ ആ നടന്‍ ബോളിവുഡില്‍ തന്റേതായ ഒരു സ്ഥാനം നേടുമെന്ന് ഉറപ്പാണ്, അയാളോടൊപ്പം ഇനിയും സിനിമ ചെയ്യണം: ആലിയ ഭട്ട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 17th June 2025, 4:40 pm

ബോളിവുഡിലെ മികച്ച നടിമാരില്‍ ഒരാളാണ് ആലിയ ഭട്ട്. ഹിന്ദിയിലെ മികച്ച സംവിധായകരിലൊരാളായ മഹേഷ് ഭട്ടിന്റെ മകളായ ആലിയ കരണ്‍ ജോഹറിന്റെ സ്റ്റുഡന്റ് ഒഫ് ദി ഇയര്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമാലോകത്തേക്ക് കടന്നുവന്നത്. മികച്ച സിനിമകളുടെ ഭാഗമായ ആലിയ വളരെ വേഗത്തില്‍ ബോളിവുഡിന്റെ മുന്‍നിരയില്‍ ഇടംപിടിച്ചു. ഗംഗുഭായ് എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡും ആലിയ സ്വന്തമാക്കി.

മലയാളി താരം റോഷന്‍ മാത്യുവിനെക്കുറിച്ച് സംസാരിക്കുകയാണ് ആലിയ ഭട്ട്. മികച്ച നടനാണ് റോഷനെന്ന് ആലിയ ഭട്ട് പറയുന്നു. താനും റോഷനും ഡാര്‍ലിംഗ്‌സ് എന്ന സിനിമയില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ടെന്നും ആ സമയത്ത് അയാളുടെ റേഞ്ച് തനിക്ക് മനസിലായെന്നും താരം പറഞ്ഞു.

ബോളിവുഡില്‍ മികച്ച സിനിമകളുടെ ഭാഗമാകാന്‍ റോഷന് സാധിക്കുന്നുണ്ടെന്നും ഇന്‍ഡസ്ട്രിയില്‍ തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ അയാള്‍ക്ക് കഴിയുമെന്നും ആലിയ കൂട്ടിച്ചേര്‍ത്തു. മലയാളത്തില്‍ മികച്ച സിനിമകളുടെ ഭാഗമായിട്ടുള്ളയാളാണ് റോഷനെന്നും ഹിന്ദിയിലും പുതിയ തരംഗമായി മാറുകയാണ് റോഷനെന്നും താരം പറഞ്ഞു. ബ്രൂട്ട് ഇന്ത്യയോട് സംസാരിക്കുകയായിരുന്നു താരം.

‘റോഷന്‍ മാത്യുവിന്റെ കൂടെ ഭാവിയില്‍ ഇനിയും വര്‍ക്ക് ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ഡാര്‍ലിംഗ്‌സ് എന്ന സിനിമയില്‍ ഞാനും അയാളും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ മികച്ച സിനിമകളുടെ ഭാഗമാകാന്‍ സാധിച്ച നടന്മാരില്‍ ഒരാളാണ് റോഷന്‍. ഡാര്‍ലിംഗ്‌സിലും അയാള്‍ നല്ല പെര്‍ഫോമന്‍സായിരുന്നു.

ഇപ്പോള്‍ ബോളിവുഡില്‍ അയാള്‍ പുതിയൊരു തരംഗമുണ്ടാക്കുകയാണ്. മലയാളത്തിലേത് പോലെ ഇവിടെ ഹിന്ദിയിലും റോഷന് തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ സാധിക്കുമെന്ന് ഉറപ്പാണ്. ഒ.ടി.ടി റിലീസിന് ശേഷം ഭാഷയുടെ അതിര്‍ത്തികളെക്കുറിച്ച് ആളുകള്‍ ചിന്തിക്കാറില്ലെന്നും എനിക്ക് തോന്നിയിട്ടുണ്ട്. നല്ല സിനിമകളെയും ആര്‍ട്ടിസ്റ്റുകളെയും എല്ലാവരും സ്വീകരിക്കുന്നത് അതുകൊണ്ടാണ്,’ ആലിയ ഭട്ട് പറഞ്ഞു.

ജസ്മീത് കെ. റീന്‍ സംവിധാനം ചെയ്ത് 2022ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഡാര്‍ലിംഗ്‌സ്. വിജയ് വര്‍മ, ആലിയ ഭട്ട്, റോഷന്‍ മാത്യു എന്നിവര്‍ പ്രധാനവേഷചത്തിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായങ്ങളായിരുന്നു ലഭിച്ചത്. നേരിട്ട് ഒ.ടി.ടിയിലെത്തിയ ചിത്രം ഒരുപാട് പ്രശംസകള്‍ സ്വന്തമാക്കി.

Content Highlight: Alia Bhatt saying she wish to work again with Roshan Mathew