1997ല്‍ സമ്മാനം എന്ന ചിത്രത്തിലൂടെ തന്റെ കരിയര്‍ ആരംഭിച്ച്, മലയാളത്തിലെ നിരവധി മികച്ച സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച ഛായാഗ്രാഹകനാണ് അളഗപ്പന്‍ എന്‍. പിന്നീട് 1999ല്‍ ശ്യാമപ്രസാദ് സംവിധാനം ചെയ്ത അഗ്‌നിസാക്ഷിയിലും അദ്ദേഹം പ്രവര്‍ത്തിച്ചു.
ഒരേ കടല്‍, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, സൂത്രധാരന്‍, നന്ദനം, തിളക്കം, മിഴി രണ്ടിലും, ഗൗരീശങ്കരം, മനസ്സിനക്കരെ, കാഴ്ച, അച്ചുവിന്റെ അമ്മ, ചന്ദ്രോത്സവം, പ്രജാപതി, ചാന്തുപൊട്ട്, ചോക്ലേറ്റ്, അരികെ, ഒഴിമുറി, വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ തുടങ്ങിയ നിരവധി സിനിമകളില്‍ അളഗപ്പന്‍ വര്‍ക്ക് ചെയ്തിരുന്നു.
2013ല്‍ പട്ടം പോലെ എന്ന ചിത്രത്തിലൂടെ അദ്ദേഹം സംവിധാന രംഗത്തേക്കും കടന്നുവന്നു. ഇപ്പോള്‍ സഫാരിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ പട്ടം പോലെ സിനിമയിലേക്ക് ദുല്‍ഖര്‍ സല്‍മാന്‍ എത്തിയതിനെ കുറിച്ച് പറയുകയാണ് അളഗപ്പന്‍.
‘പട്ടം പോലെ എന്ന സിനിമ ആരെ കൊണ്ട് ചെയ്യിക്കാം എന്ന കണ്‍ഫ്യൂഷന്‍ തുടക്കത്തില്‍ ഉണ്ടായിരുന്നു. ഫഹദിനോട് ഞാന്‍ ആദ്യമേ തന്നെ ഒരു കഥ പറഞ്ഞിരുന്നു. അത് ചെയ്യാമെന്ന് ഫഹദ് പറയുകയും ചെയ്തതാണ്.
ഫഹദ് പട്ടം പോലെ സിനിമയില്‍ വന്നാല്‍ നന്നാകുമെന്ന് പലരും പറഞ്ഞു. പക്ഷെ അദ്ദേഹത്തോട് ആദ്യമേ മറ്റൊരു കഥ പറഞ്ഞുവെച്ചിട്ടുള്ളത് കൊണ്ട് ഫഹദ് വേണ്ടെന്ന് ഞാന്‍ പറഞ്ഞു. അപ്പോഴാണ് ഉസ്താദ് ഹോട്ടല്‍ എന്ന പേരില്‍ ഒരു സിനിമ വരുന്നുവെന്ന് അറിയുന്നത്.
ഞങ്ങള്‍ അതിന്റെ പോസ്റ്റര്‍ കാണാനിടയായി. അതില്‍ ദുല്‍ഖര്‍ സല്‍മാന്റെ ഫോട്ടോ കണ്ടു. അതോടെ ദുല്‍ഖര്‍ പട്ടം പോലെ സിനിമയില്‍ വന്നാല്‍ എങ്ങനെയുണ്ടാകുമെന്ന് ചിന്തിച്ചു. അങ്ങനെയാണ് ദുല്‍ഖറിനോട് സംസാരിക്കാന്‍ തീരുമാനിക്കുന്നത്,’ അളഗപ്പന്‍ പറയുന്നു.
ഛായാഗ്രാഹകന്‍ അളഗപ്പന്‍ എന്‍ സംവിധാനം ചെയ്ത് 2013ല്‍ പുറത്തിറങ്ങിയ റൊമാന്റിക് ചിത്രമാണ് പട്ടം പോലെ. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ഈ സിനിമയില്‍ മാളവിക മോഹനനാണ് നായിക.
അവര്‍ക്ക് പുറമെ അര്‍ച്ചന കവി, അനൂപ് മേനോന്‍, ലാലു അലക്സ്, ജയപ്രകാശ്, സീത, ലീമ ബാബു, ശ്രദ്ധ ഗോകുല്‍, നന്ദു, ഇളവരസു തുടങ്ങിയ മികച്ച താരനിര തന്നെയായിരുന്നു ഈ സിനിമക്കായി ഒന്നിച്ചത്.
Content Highlight: Alagappan Talks About Fahadh Faasil, Dulquer Salmaan And Pattam Pole Movie