മലയാളത്തിലെ നിരവധി മികച്ച സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച ഛായാഗ്രാഹകനാണ് അളഗപ്പന്‍ എന്‍. 1997ല്‍ സമ്മാനം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് 1999ല്‍ ശ്യാമപ്രസാദ് സംവിധാനം ചെയ്ത അഗ്‌നിസാക്ഷിയിലും അദ്ദേഹം പ്രവര്‍ത്തിച്ചു.
ശേഷം ഒരേ കടല്‍, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, സൂത്രധാരന്‍, നന്ദനം, തിളക്കം, മിഴി രണ്ടിലും, ഗൗരീശങ്കരം, മനസ്സിനക്കരെ, കാഴ്ച, അച്ചുവിന്റെ അമ്മ, ചന്ദ്രോത്സവം, പ്രജാപതി, ചാന്തുപൊട്ട്, ചോക്ലേറ്റ്, അരികെ, ഒഴിമുറി, വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ തുടങ്ങിയ നിരവധി സിനിമകളില്‍ വര്‍ക്ക് ചെയ്തു.
2013ല്‍ പട്ടം പോലെ എന്ന ചിത്രത്തിലൂടെ അളഗപ്പന്‍ സംവിധാന രംഗത്തേക്കും കടന്നുവന്നു. ദുല്‍ഖര്‍ സല്‍മാന്‍ ആയിരുന്നു ഈ സിനിമയില്‍ നായകനായി എത്തിയത്. ഇപ്പോള്‍ മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ദുല്‍ഖറിനെ കുറിച്ച് സംസാരിക്കുകയാണ് അളഗപ്പന്‍.
‘പട്ടം പോലെ എന്ന സിനിമയില്‍ ദുല്‍ഖര്‍ സല്‍മാന്‍ ആദ്യ ദിവസം തന്നെ വന്നപ്പോഴുള്ള ആറ്റിറ്റിയൂഡും ബിഹേവിയറല്‍ പാറ്റേണും ഞാന്‍ ശ്രദ്ധിച്ചിരുന്നു. ലൊക്കേഷനില്‍ വളരെ സാധാരണക്കാരനായിട്ടാണ് അവന്‍ നില്‍ക്കുക.
അസിസ്റ്റന്‍സിന് പോലും ചെയര്‍ എടുത്ത് കൊണ്ടുകൊടുക്കുന്ന ആളാണ് ദുല്‍ഖര്‍. മേക്കപ്പ് അസിസ്റ്റന്‍സിനെയൊക്കെ വളരെ നന്നായി കെയര്‍ ചെയ്യും. അവരെ കുറിച്ചോര്‍ത്തൊക്കെ വളരെ കണ്‍സേണായ ആളാണ് ദുല്‍ഖര്‍.
ആ സിനിമ കഴിഞ്ഞപ്പോള്‍ തന്നെ ഞാന്‍ ഒരു കാര്യം ഉറപ്പിച്ചിരുന്നു. നാഷണല്‍ ലെവലില്‍ ശ്രദ്ധിക്കപ്പെടുന്ന നടനായി അവന്‍ മാറുമെന്ന് ഞാന്‍ ഉറപ്പിച്ചു. അന്ന് ഞാന്‍ അതിനെ കുറിച്ച് ഒരു ആര്‍ട്ടിക്കിള്‍ എഴുതിയിരുന്നു. അത് കണ്ടിട്ട് ദുല്‍ഖര്‍ എന്നെ വിളിക്കുകയും ചെയ്തു.
ഇങ്ങനെയൊന്ന് കണ്ടുവെന്ന് പറഞ്ഞാണ് വിളിച്ചത്. എനിക്ക് അവനില്‍ നല്ല പ്രതീക്ഷ ഉണ്ടായിരുന്നു. തമിഴിലും ഹിന്ദിയിലുമൊക്കെ ദുല്‍ഖര്‍ ഓക്കെയാകും. കാരണം അവന്റെ ബിഹേവിയറും ഫീച്ചേഴ്‌സും അത്തരത്തിലായിരുന്നു,’ അളഗപ്പന്‍ പറയുന്നു.
Content Highlight: Alagappan Talks About Dulquer Salmaan