'വേണ്ട, ദുല്‍ഖറിന് ഇഷ്ടമായെങ്കില്‍ അത് കറക്ടായിരിക്കും' എന്നാണ് മമ്മൂക്ക അന്ന് പറഞ്ഞത്: ഛായാഗ്രാഹകന്‍ അളഗപ്പന്‍
Entertainment
'വേണ്ട, ദുല്‍ഖറിന് ഇഷ്ടമായെങ്കില്‍ അത് കറക്ടായിരിക്കും' എന്നാണ് മമ്മൂക്ക അന്ന് പറഞ്ഞത്: ഛായാഗ്രാഹകന്‍ അളഗപ്പന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 20th June 2025, 12:50 pm

ഛായാഗ്രാഹകന്‍ അളഗപ്പന്‍ സംവിധാനം ചെയ്ത് 2013ല്‍ പുറത്തിറങ്ങിയ റൊമാന്റിക് ചിത്രമാണ് പട്ടം പോലെ. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ഈ സിനിമയില്‍ മാളവിക മോഹനനാണ് നായികയായി എത്തിയത്.

അവര്‍ക്ക് പുറമെ അര്‍ച്ചന കവി, അനൂപ് മേനോന്‍, ലാലു അലക്‌സ്, ജയപ്രകാശ്, സീത, ലീമ ബാബു, ശ്രദ്ധ ഗോകുല്‍, നന്ദു, ഇളവരസു തുടങ്ങിയ മികച്ച താരനിര തന്നെയായിരുന്നു ഈ സിനിമക്കായി ഒന്നിച്ചത്.

ഇപ്പോള്‍ പട്ടം പോലെ സിനിമയുടെ കഥ ദുല്‍ഖര്‍ സല്‍മാനോട് പറഞ്ഞതിനെ കുറിച്ചും മമ്മൂട്ടിയോട് കഥ പറയാന്‍ വേണ്ടി പോയപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടിയെ കുറിച്ചും പറയുകയാണ് അളഗപ്പന്‍. സഫാരിയുടെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പട്ടം പോലെ സിനിമക്ക് വേണ്ടി ആന്റോ ജോസഫിനോട് ദുല്‍ഖര്‍ സല്‍മാനെ കണക്ട് ചെയ്തു തരാന്‍ ആവശ്യപ്പെട്ടു. ജോര്‍ജ് വഴി ദുല്‍ഖറിലേക്ക് കാര്യമെത്തിച്ചു. ദുല്‍ഖര്‍ വൈകാതെ എന്നെ ഇങ്ങോട്ട് വിളിക്കുകയായിരുന്നു.

ഈ കഥയൊന്ന് കേള്‍ക്കാമോയെന്ന് ചോദിക്കുകയും ഞങ്ങള്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി കഥ പറയുകയും ചെയ്തു. കേട്ടയുടനെ തന്നെ ഈ കഥ എനിക്ക് ഇഷ്ടമായി, നമുക്ക് ചെയ്യാം എന്നായിരുന്നു ദുല്‍ഖറിന്റെ മറുപടി.

പിന്നീട് ഈ കഥയുമായി മമ്മൂക്കയെ കാണാന്‍ വേണ്ടി ഞാന്‍ പോയിരുന്നു. പട്ടം പോലെയുടെ സെറ്റിന്റെ വര്‍ക്ക് നടക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഷൂട്ടിങ്ങ് സ്‌പോട്ടിലേക്ക് പോയതായിരുന്നു ഞാന്‍.

‘മമ്മൂക്കാ, ഞാന്‍ കഥയൊന്ന് പറയട്ടേ? മമ്മൂക്ക കേള്‍ക്കുന്നോ?’ എന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. ‘വേണ്ട. കഥ ഇഷ്ടമായെന്ന് ദുല്‍ഖര്‍ പറഞ്ഞു. അവന് ഇഷ്ടമായെങ്കില്‍ അത് കറക്ടായിരിക്കും’ എന്നായിരുന്നു മമ്മൂക്കയുടെ മറുപടി,’ അളഗപ്പന്‍ പറഞ്ഞു.

തുടക്കത്തില്‍ പട്ടം പോലെ സിനിമ ആരെ കൊണ്ട് ചെയ്യിക്കാമെന്ന കണ്‍ഫ്യൂഷന്‍ ഉണ്ടായിരുന്നുവെന്നും ഫഹദ് ഫാസില്‍ വന്നാല്‍ നന്നാകുമെന്ന് പലരും പറഞ്ഞുവെന്നും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നു.

എന്നാല്‍ ഫഹദിനോട് താന്‍ ആദ്യമേ തന്നെ മറ്റൊരു കഥ പറഞ്ഞിരുന്നുവെന്നും അതുകൊണ്ട് ഈ സിനിമയില്‍ ഫഹദ് വേണ്ടെന്ന് താന്‍ തീരുമാനിക്കുകയായിരുന്നുവെന്നും അളഗപ്പന്‍ കൂട്ടിച്ചേര്‍ത്തു. ആ സമയത്താണ് ഉസ്താദ് ഹോട്ടലിന്റെ പോസ്റ്റര്‍ കണ്ട് ദുല്‍ഖറില്‍ എത്തിയതെന്നും അദ്ദേഹം പറഞ്ഞു.


Content Highlight: Alagappan N Talks About Mammootty, Dulquer Salmaan And Pattam Pole Movie