ലൈവില്‍ അയാള്‍ എന്റെ ഏറ്റവും മോശം വര്‍ക്കാണ് ആ മോഹന്‍ലാല്‍ ചിത്രത്തിലേതെന്ന് വിളിച്ചു പറഞ്ഞു: ഛായാഗ്രാഹകന്‍ അളഗപ്പന്‍
Entertainment
ലൈവില്‍ അയാള്‍ എന്റെ ഏറ്റവും മോശം വര്‍ക്കാണ് ആ മോഹന്‍ലാല്‍ ചിത്രത്തിലേതെന്ന് വിളിച്ചു പറഞ്ഞു: ഛായാഗ്രാഹകന്‍ അളഗപ്പന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 11th June 2025, 9:23 pm

1997ല്‍ സമ്മാനം എന്ന ചിത്രത്തിലൂടെ തന്റെ കരിയര്‍ ആരംഭിച്ച്, മലയാളത്തിലെ നിരവധി മികച്ച സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച ഛായാഗ്രാഹകനാണ് അളഗപ്പന്‍ എന്‍. പിന്നീട് 1999ല്‍ ശ്യാമപ്രസാദ് സംവിധാനം ചെയ്ത അഗ്നിസാക്ഷിയിലും അദ്ദേഹം പ്രവര്‍ത്തിച്ചു.

ഛോട്ടാ മുംബൈ, ഒരേ കടല്‍, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, സൂത്രധാരന്‍, നന്ദനം, തിളക്കം, മിഴി രണ്ടിലും, ഗൗരീശങ്കരം, മനസ്സിനക്കരെ, കാഴ്ച, അച്ചുവിന്റെ അമ്മ, ചന്ദ്രോത്സവം, പ്രജാപതി, ചാന്തുപൊട്ട്, ചോക്ലേറ്റ്, അരികെ, ഒഴിമുറി, വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ തുടങ്ങിയ നിരവധി സിനിമകളില്‍ അദ്ദേഹം അളഗപ്പന്‍ വര്‍ക്ക് ചെയ്തിരുന്നു.

2013ല്‍ പട്ടം പോലെ എന്ന ചിത്രത്തിലൂടെ അദ്ദേഹം സംവിധാന രംഗത്തേക്കും കടന്നുവന്നു. ഇപ്പോള്‍ ഛോട്ടാ മുംബൈ സിനിമയുടെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് അളഗപ്പന്‍. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സിനിമയുടെ എഡിറ്റ് ചെയ്ത ഫസ്റ്റ് കോപ്പി കണ്ടപ്പോള്‍ എനിക്ക് ഒരു പേടിയുണ്ടായിരുന്നു. ഞാന്‍ ചെയ്ത ബാക്കി വര്‍ക്കുകളൊക്കെ കമ്പയര്‍ ചെയ്തിട്ട് എന്റെ പേര് ചീത്തയായി പോകുമോയെന്ന പേടിയായിരുന്നു ഉണ്ടായിരുന്നത്. ഞാന്‍ എന്റെ പേര് നശിപ്പിച്ചോയെന്ന് സംശയിച്ചു.

ആ സമയത്ത് സിനിമയുടെ പ്രൊമോഷന് വേണ്ടി ഞാനൊരു പ്രോഗ്രാമില്‍ പങ്കെടുത്തിരുന്നു. ഒരു ചാനലിലെ ലൈവ് പ്രോഗ്രാമിലായിരുന്നു അത്. ഞങ്ങള്‍ സംസാരിച്ചിരിക്കുമ്പോള്‍ ദുബായ്‌യില്‍ നിന്ന് ഒരാള്‍ വിളിച്ചു.

ചേട്ടന്റെ ഫാനാണെന്നൊക്കെ പറഞ്ഞ് എന്നെ അയാള്‍ കുറേ പൊക്കി സംസാരിച്ചു. അതോടെ ഞാന്‍ നല്ല ഹാപ്പിയായി. ലൈവാണ് ഈ പരിപാടിയെന്ന് ഓര്‍ക്കണം. ഇതിനിടയില്‍ അയാള്‍ എന്നോട് ‘സാര്‍ ഇങ്ങനെയുള്ള തല്ലിപൊളി വര്‍ക്കൊക്കെ ചെയ്ത് തുടങ്ങിയോ’യെന്ന് ചോദിച്ചു.

നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മോശമായ ക്യാമറാവര്‍ക്കാകും ഇതെന്നും അയാള്‍ പറഞ്ഞു. സിനിമ ഇറങ്ങിയിട്ട് നാലാമത്തെ ദിവസമാണ് ഈ കാര്യം പറയുന്നത്. ഞാന്‍ അതുകേട്ടതും ആകെ സ്റ്റക്കായി നിന്നുപോയി.

ലൈവ് പരിപാടിയായത് കൊണ്ട് ഒന്നും ചെയ്യാന്‍ പറ്റില്ലായിരുന്നു. പക്ഷെ പാനലില്‍ ഉണ്ടായിരുന്നവര്‍ ഓഡിയോ കട്ട് ചെയ്തിട്ട് അത് മാനേജ് ചെയ്തു. ഈ സംഭവത്തിന് ശേഷം രണ്ട് ദിവസം ഞാന്‍ വലിയ സങ്കടത്തിലായിരുന്നു. പിന്നീട് രണ്ട് ദിവസത്തിനുള്ളില്‍ പടം കയറിയങ്ങ് ക്ലിക്കായി,’ അളഗപ്പന്‍ പറയുന്നു.


Content Highlight: Alagappan N Talks About Chotta Mumbai Movie