അത് ബുദ്ധിക്ക് നിരക്കാത്ത പടമാണെന്ന് പലരും പറഞ്ഞു; എനിക്ക് വല്ലാത്ത അസ്വസ്ഥത തോന്നി: അക്ഷയ് കുമാര്‍
Entertainment
അത് ബുദ്ധിക്ക് നിരക്കാത്ത പടമാണെന്ന് പലരും പറഞ്ഞു; എനിക്ക് വല്ലാത്ത അസ്വസ്ഥത തോന്നി: അക്ഷയ് കുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 22nd May 2025, 10:13 pm

കരിയറിന്റെ തുടക്കത്തില്‍ ആക്ഷന്‍ ഹീറോ ആയി തിളങ്ങി പിന്നീട് വ്യത്യസ്തമായ സിനിമകള്‍ സമ്മാനിച്ച ബോളിവുഡ് നടനാണ് അക്ഷയ് കുമാര്‍. 30 വര്‍ഷത്തിലേറെ നീണ്ട തന്റെ കരിയറില്‍ 150ലധികം സിനിമകളിലാണ് അദ്ദേഹം അഭിനയിച്ചിട്ടുള്ളത്.

ആക്ഷന്‍ സിനിമകളില്‍ നിന്ന് മാറി നിരവധി കോമഡി സിനിമകളില്‍ അഭിനയിക്കുകയും നിര്‍മിക്കുകയും ചെയ്തിട്ടുള്ള നടന്‍ കൂടിയാണ് അക്ഷയ് കുമാര്‍.

പല രീതിയിലുള്ള കോമഡി കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ഏതുതരം കോമഡിയാണ് കൂടുതല്‍ ആസ്വദിക്കുന്നത് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് നടന്‍. ഒപ്പം ആക്ഷന്‍ സിനിമകളാണോ കോമഡി സിനിമകളാണോ കൂടുതല്‍ ഇഷ്ടമെന്ന ചോദ്യത്തിനും അദ്ദേഹം മറുപടി പറയുന്നു.

‘ഹാസ്യത്തിന്റെ വിവിധ മേഖലകളില്‍ ഇടപെടാന്‍ സാധിക്കുന്നുവെന്നതില്‍ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. ആളുകളെ ചിരിപ്പിക്കുക എന്നത് ഏറ്റവും വിഷമമേറിയ പണിയാണ് എന്നാണ് ഞാന്‍ പൊതുവേ വിശ്വസിക്കുന്നത്.

എന്നാല്‍ അപ്പോഴും സങ്കടമുണ്ടാക്കുന്ന കാര്യം, നമ്മള്‍ നല്ലൊരു കോമഡി ചെയ്ത് ആളുകളെ ചിരിപ്പിച്ചാലും ആരും അതിനെ അഭിനന്ദിക്കില്ല എന്നതാണ്. കോമഡി അവതരിപ്പിക്കുക എന്നത് ഒരു ചെറിയ കാര്യമായാണ് പലരും കാണുന്നത്.

ഹൗസ്ഫുള്‍ 4 എന്ന സിനിമ ബുദ്ധിക്ക് നിരക്കാത്ത പടമാണെന്ന് പലരും പറഞ്ഞപ്പോള്‍ എനിക്ക് അതില്‍ വല്ലാത്ത അസ്വസ്ഥത തോന്നിയിരുന്നു. എന്നാല്‍ അത്തരം കോമഡികള്‍ ഇഷ്ടപ്പെടുന്ന ഒരുപാട് പ്രേക്ഷകരുണ്ട്. അവര്‍ക്ക് ആ സിനിമ ഇഷ്ടപ്പെട്ടിട്ടുമുണ്ട്.

അതുപോലെ ആക്ഷന്‍ സിനിമകളാണോ കോമഡി സിനിമകളാണോ കൂടുതല്‍ ഇഷ്ടമെന്ന് ചോദിച്ചാല്‍, അങ്ങനെയൊരു പ്രത്യേക ഴോണര്‍ മാത്രമാണ് ഇഷ്ടമെന്ന് പറയാനാവില്ല. ഒരുകാലത്ത് ഞാന്‍ തുടര്‍ച്ചയായി ആക്ഷന്‍ സിനിമകള്‍ ചെയ്തിരുന്നു. എന്നാല്‍ അതില്‍ നിന്ന് പുറത്തു കടക്കാന്‍ ഏറെ ബുദ്ധിമുട്ടി.

എല്ലാത്തരം സിനിമകള്‍ ചെയ്യാനും എനിക്കിഷ്ടമാണ്. ഒരു ഴോണറില്‍ മാത്രം ഒതുങ്ങിപ്പോകരുതെന്നാണ് എന്റെ ആഗ്രഹം. ചില കഥാപാത്രങ്ങള്‍ ചെയ്യാന്‍ വളരെ പ്രയാസമായിരിക്കും. അതേസമയം ആ വെല്ലുവിളി ഏറ്റെടുക്കുന്നതില്‍ ഒരു രസമുണ്ട്. കഥാപാത്രത്തിനായി എന്തുചെയ്യാനും ഞാന്‍ റെഡിയാണ്,’ അക്ഷയ് കുമാര്‍ പറയുന്നു.

Content Highlight: Akshay Kumar Talks About Housefull 4 Movie