'അഡ്വര്‍ടൈസ്‌മെന്റ് ഖിലാഡി' ബോക്‌സ് ഓഫീസില്‍ പിന്നിലായെങ്കിലും, പരസ്യങ്ങളില്‍ മുന്നിലായി അക്ഷയ് കുമാര്‍
Entertainment news
'അഡ്വര്‍ടൈസ്‌മെന്റ് ഖിലാഡി' ബോക്‌സ് ഓഫീസില്‍ പിന്നിലായെങ്കിലും, പരസ്യങ്ങളില്‍ മുന്നിലായി അക്ഷയ് കുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 24th December 2022, 9:37 am

2022ല്‍ ഏറ്റവും കൂടുതല്‍ ടെലിവിഷന്‍ പരസ്യങ്ങളില്‍ അഭിനയിച്ച താരമായി അക്ഷയ് കുമാര്‍. ജുലായ് സെപ്തംബര്‍ മാസത്തിലെ കണക്കുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ടാം മീഡിയ റിസര്‍ച്ചിന്റെ വിഭാഗമായ ടി.എം.അഡെക്സാണ് ഈ റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. പരസ്യങ്ങളുടെ എണ്ണത്തില്‍ ഏഴ് ശതമാനം വിഹിതമാണ് അക്ഷയ്കുമാറിന് ലഭിച്ചിരിക്കുന്നത്.

കോടികളാണ് പരസ്യത്തില്‍ നിന്നും താരം നേടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അക്ഷയ് കുമാറിന് പിന്നാലെ ഏറ്റവും കൂടുതല്‍ ടി.വി പരസ്യങ്ങളില്‍ അഭിനയിച്ച താരങ്ങള്‍ വിദ്യ ബാലനും അമിതാഭ് ബച്ചനുമാണ്.

പരസ്യങ്ങളുടെ വിഹിതത്തില്‍ ഏഴ് ശതമാനം അക്ഷയ് കുമാര്‍ സ്വന്തമാക്കിയപ്പോള്‍ ആറ് ശതമാനമാണ് വിദ്യ ബാലനും അമിതാഭ് ബച്ചനും നേടിയത്. എന്നാല്‍ ബ്രാന്‍ഡുകളുടെ കണക്കെടുത്താല്‍ നാപ്പതോളം ബ്രാന്‍ഡുകളുടെ പരസ്യങ്ങളിലാണ് അമിതാഭ് ബച്ചന്‍ പ്രത്യക്ഷപ്പെട്ടത്. രണ്‍വീര്‍ സിങ്, അനുഷ്‌ക ശര്‍മ, ഷാരൂഖ് ഖാന്‍, കത്രീന കൈഫ് എന്നിവരും ബ്രാന്‍ഡ് പരസ്യങ്ങളില്‍ മുന്നിലുണ്ട്.

രണ്‍വീര്‍ സിങ്, ആലിയ ഭട്ട്, അനുഷ്‌ക ശര്‍മ, ഷാരൂഖ് ഖാന്‍, സാറ അലി ഖാന്‍, കത്രീന കൈഫ്, കൃതി സനന്‍ എന്നിവരാണ് ടെലിവിഷന്‍ പരസ്യങ്ങളില്‍ അഭിനയിച്ചവരില്‍ മുന്നിലുള്ള മറ്റ് താരങ്ങള്‍. സെപ്റ്റംബര്‍ വരെ ടി.വി.യില്‍ സംപ്രേഷണം ചെയ്ത പരസ്യങ്ങളില്‍ 29 ശതമാനത്തിലും സെലിബ്രിറ്റികളായിരുന്നു അഭിനയിച്ചത്.

അതില്‍ തന്നെ കൂടുതലും സിനിമാതാരങ്ങളാണ് പ്രത്യക്ഷപ്പെട്ടത്. അതായത് ഏകദേശം പരസ്യചിത്രങ്ങളില്‍ 80 ശതമാനത്തിലധികവും സിനിമാതാരങ്ങളാണ് അഭിനയിച്ചിരിക്കുന്നത്. പത്ത് ശതമാനം കായിക താരങ്ങളും നാല് ശതമാനം ടെലിവിഷന്‍ താരങ്ങളുമാണ് പരസ്യങ്ങളില്‍ അഭിനയിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

അതേസമയം അക്ഷയ് കുമാറിന്റെ ഈ വര്‍ഷം ഇറങ്ങിയ സിനിമകള്‍ എല്ലാം തന്നെ വലിയ പരാജയമായിരുന്നു. എന്നാല്‍ പരസ്യ ചിത്രങ്ങളില്‍ തന്റെ താരമൂല്യം വര്‍ധിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

 

content highlight: akshay kumar most paid actor in advertisement