'വിമര്‍ശിച്ചാല്‍ തല തല്ലിപ്പൊളിക്കും'; കെ.എസ്.യുക്കാരനെതിരെ വധഭീഷണി മുഴക്കിയ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പുറത്താക്കി
Kerala News
'വിമര്‍ശിച്ചാല്‍ തല തല്ലിപ്പൊളിക്കും'; കെ.എസ്.യുക്കാരനെതിരെ വധഭീഷണി മുഴക്കിയ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പുറത്താക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 24th December 2022, 8:55 am

പാലക്കാട്: കെ.എസ്.യു പ്രവര്‍ത്തകന് നേരെ വധഭീഷണി മുഴക്കിയ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ജില്ലാ കമ്മിറ്റിയില്‍ നിന്നും പുറത്താക്കി. യൂത്ത് കോണ്‍ഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി വിനീഷ് കരിമ്പാറയെയാണ് പുറത്താക്കിയത്.

വിനീഷിന്റെ ഭീഷണിയെ തുടര്‍ന്ന് നടപടി ആവശ്യപ്പെട്ട് പ്രവര്‍ത്തകനായ രഞ്ജിത്ത് കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനും, കെ.പി.സി.സി പ്രസിഡന്റിനും, പ്രതിപക്ഷ നേതാവിനും പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് വിനീഷ് കരിമ്പാറക്കെതിരായ സംസ്ഥാന കമ്മിറ്റിയുടെ നടപടി.

യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി വധഭീഷണി മുഴക്കുന്ന ശബ്ദസന്ദേശമുള്‍പ്പെടെയാണ് കെ.എസ്.യു പ്രവര്‍ത്തകന്‍ കെ.പി.സി.സിക്ക് പരാതി നല്‍കിയത്.

ഇക്കഴിഞ്ഞ അഞ്ചാം തീയതിയാണ് പാലക്കാട് ഡി.സി.സി ഓഫീസില്‍ വെച്ച് നടന്ന കെ.എസ്.യു പാലക്കാട് ജില്ലാ എക്സിക്യൂട്ടീവ് ഭാരവാഹികളുടെയും പ്രവര്‍ത്തകരുടെയും യോഗത്തിലാണ് സംഭവങ്ങളുടെ തുടക്കം. യോഗത്തില്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും മറ്റ് സംസ്ഥാന നേതാക്കളും പങ്കെടുത്തിരുന്നു.

യോഗത്തിനിടെ കെ.എസ്.യു ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെയുള്ള നേതൃത്വം ഗ്രൂപ്പ് തിരിഞ്ഞാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഒറ്റപ്പാലം എന്‍.എസ്.എസ് കോളേജിലെ യൂണിറ്റ് അംഗം കൂടിയായ കെ.എസ്.യു പ്രവര്‍ത്തകന്‍ വിമര്‍ശിക്കുകയായിരുന്നു. ഇതാണ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി വിനീഷ് കരിമ്പാറയെ ചൊടിപ്പിച്ചത്.

ഇതിനെത്തുടര്‍ന്ന് തങ്ങളുടെ ഗ്രൂപ്പിലുള്ള കെ.എസ്.യു ജില്ലാ ഭാരവാഹികളെ വിമര്‍ശിക്കരുതെന്നും, ഇനി വിമര്‍ശിച്ചാല്‍ വീട്ടില്‍ കയറി തല തല്ലിപൊളിക്കുമെന്ന് കെ.എസ്.യു ഭാരവാഹിയോട് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.

എന്നാല്‍ കെ.എസ്.യു പ്രവര്‍ത്തകന്‍ രഞ്ജിത്ത് ഭീഷണിയില്‍ പതറാതായപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് വധഭീഷണി മുഴക്കുകയും ചെയ്യുകയായിരുന്നു.

ഇനി സംഘടനാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ വേണ്ടിവന്നാല്‍ കൊല്ലുമെന്നുമായിരുന്നു വിനീഷ് കരിമ്പാറയുടെ ഭീഷണി. യൂത്ത് കോണ്‍ഗ്രസ് നേതാവ് ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശങ്ങളും പുറത്തുവന്നിരുന്നു.

നേരത്തെ, ആലത്തൂര്‍ എം.പി രമ്യ ഹരിദാസിനെ സാമൂഹ്യ മാധ്യമത്തിലൂടെ അപമാനിച്ചതിന് വിനീഷ് കരിമ്പാറയെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Content Highlight: Action against Youth Congress Leader for threatening KSU Worker