അഭിനയം പഠിക്കാനാകുന്ന പുസ്തകം; ആദ്യ വരി വായിച്ചപ്പോള്‍ തന്നെ വാങ്ങി പൈസ കളയേണ്ടെന്ന് തീരുമാനിച്ചു: അക്ഷയ് കുമാര്‍
Entertainment
അഭിനയം പഠിക്കാനാകുന്ന പുസ്തകം; ആദ്യ വരി വായിച്ചപ്പോള്‍ തന്നെ വാങ്ങി പൈസ കളയേണ്ടെന്ന് തീരുമാനിച്ചു: അക്ഷയ് കുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 17th June 2025, 7:03 am

ബോളിവുഡ് സിനിമാപ്രേമികള്‍ക്ക് ഏറെ പരിചിതനായ നടനാണ് അക്ഷയ് കുമാര്‍. കരിയറിന്റെ തുടക്കത്തില്‍ ആക്ഷന്‍ ഹീറോ ആയി തിളങ്ങി പിന്നീട് വ്യത്യസ്തമായ സിനിമകള്‍ സമ്മാനിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.

30 വര്‍ഷത്തിലേറെ നീണ്ട തന്റെ കരിയറില്‍ 150ലധികം സിനിമകളിലാണ് അദ്ദേഹം അഭിനയിച്ചിട്ടുള്ളത്. ആക്ഷന്‍ സിനിമകളില്‍ നിന്ന് മാറി നിരവധി കോമഡി സിനിമകളില്‍ അഭിനയിക്കുകയും നിര്‍മിക്കുകയും ചെയ്തിട്ടുള്ള നടന്‍ കൂടിയാണ് അക്ഷയ് കുമാര്‍.

ഇപ്പോള്‍ അഭിനയം പഠിക്കണമെന്ന് ഒരിക്കലും തോന്നിയിട്ടില്ലേ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് അക്ഷയ്. താന്‍ ഒരിക്കല്‍ ഫ്‌ളോറ ഫൗണ്ടയ്‌നിലുള്ള പുസ്തകങ്ങള്‍ വില്‍ക്കുന്ന ഒരു വഴിക്കച്ചവടക്കാരന്റെ അടുത്തു പോയപ്പോള്‍ ഉണ്ടായ അനുഭവമാണ് അദ്ദേഹം പറയുന്നത്.

അഭിനയം എന്താണെന്ന് പഠിക്കാന്‍ കഴിയുന്ന ഏതെങ്കിലും പുസ്തകം തനിക്ക് വേണ്ടി നിര്‍ദേശിക്കാമോയെന്ന് താന്‍ അയാള്‍ ചോദിച്ചുവെന്നും അയാള്‍ തന്ന പുസ്തകത്തിന്റെ ആദ്യ വരി വായിച്ചപ്പോള്‍ തന്നെ അത് വാങ്ങി പൈസ കളയേണ്ടെന്ന് തീരുമാനിച്ചുവെന്നും നടന്‍ പറയുന്നു.

‘നിങ്ങള്‍ ഒരു നല്ല മനുഷ്യനാണെങ്കില്‍ നിങ്ങള്‍ക്ക് ഒരു നല്ല നടനാകാനും കഴിയും’ എന്നായിരുന്നു ആ വരികളെന്നും അക്ഷയ് കുമാര്‍ പറഞ്ഞു.

‘എന്റെ ചില സിനിമകള്‍ 100 കോടിയോ അതിന് മുകളിലോ നേട്ടമുണ്ടാക്കിയിട്ടുണ്ട്. ഞാന്‍ നൂറുകോടി ക്ലബ്ബിലെ മുന്‍നിര ആക്ടേഴ്‌സില്‍ ഒരാളായിട്ടുണ്ടായിരുന്നു. എന്നാല്‍ എന്നെ സംബന്ധിച്ച് ഏറ്റവും പ്രധാനം പ്രേക്ഷകര്‍ക്ക് എന്നിലുള്ള വിശ്വാസമാണ്.

ഇന്ന് ഞാന്‍ എന്താണോ അതിലേക്കെത്താന്‍ സഹായിച്ച എല്ലാ നിര്‍മാതാക്കളോടും എന്റെ പ്രേക്ഷകരോടുമുള്ള നന്ദിയാണത്. എന്റെ കഷ്ടപ്പാടുകളുടെ കാലത്ത് ഞാന്‍ ഒരിക്കല്‍ ഫ്‌ളോറ ഫൗണ്ടയ്‌നിലുള്ള പുസ്തകങ്ങള്‍ വില്‍ക്കുന്ന ഒരു വഴിക്കച്ചവടക്കാരന്റെ അടുത്തു പോയി.

അഭിനയം എന്താണെന്ന് പഠിക്കാന്‍ കഴിയുന്ന ഏതെങ്കിലും പുസ്തകം എനിക്ക് വേണ്ടി നിര്‍ദേശിക്കാമോ എന്നു ചോദിച്ചു. വളരെ തുച്ഛമായ വരുമാനം മാത്രമാണ് എനിക്കന്ന് ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ അയാള്‍ തന്ന പുസ്തകം നന്നായി പരിശോധിച്ചു.

നോക്കിയിട്ട് മാത്രം വാങ്ങിയാല്‍ മതിയെന്ന് വെച്ചു. ആദ്യത്തെ വരി വായിച്ചപ്പോള്‍ തന്നെ വെറുതെ പൈസ കളയേണ്ട എന്ന് ഞാന്‍ തീരുമാനിച്ചു. അതിലെന്താണ് എഴുതിയിരുന്നതെന്ന് അറിയാമോ? നിങ്ങള്‍ ഒരു നല്ല മനുഷ്യനാണെങ്കില്‍ നിങ്ങള്‍ക്ക് ഒരു നല്ല നടനാകാനും കഴിയും എന്നായിരുന്നു,’ അക്ഷയ് കുമാര്‍ പറയുന്നു.

Content Highlight: Akshay Kumar Answering The Question Of Whether He Has Ever Felt Like Studying Acting