അന്ന് പ്രേമലു കണ്ട് ആ നടിമാരും സംവിധായകനും എന്നെ അഭിനന്ദിച്ചു: അഖില ഭാര്‍ഗവന്‍
Entertainment
അന്ന് പ്രേമലു കണ്ട് ആ നടിമാരും സംവിധായകനും എന്നെ അഭിനന്ദിച്ചു: അഖില ഭാര്‍ഗവന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 22nd January 2025, 2:30 pm

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സിനിമകള്‍ക്ക് ശേഷം ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത സിനിമയായിരുന്നു പ്രേമലു. 2024ല്‍ തിയേറ്ററില്‍ എത്തിയ ഈ സിനിമ ആ വര്‍ഷം ബോക്സ് ഓഫീസില്‍ വന്‍ വിജയമായിരുന്നു നേടിയിരുന്നത്.

ചിത്രം ഒരിടവേളക്ക് ശേഷം മലയാളത്തിലെത്തിയ പെര്‍ഫെക്ട് റോം കോം എന്റര്‍ടൈനറായിരുന്നു. മമിത ബൈജുവും നസ്‌ലെനും ആയിരുന്നു ഈ സിനിമയില്‍ പ്രധാനവേഷത്തില്‍ എത്തിയത്. കാര്‍ത്തിക എന്ന കഥാപാത്രമായി അഖില ഭാര്‍ഗവനും അഭിനയിച്ചിരുന്നു.

ഇപ്പോള്‍ പ്രേമലുവിനെ കുറിച്ച് പറയുകയാണ് നടി. പ്രേമലു ഹിറ്റായതിന്റെ ത്രില്‍ എല്ലാവര്‍ക്കും ഉണ്ടായിരുന്നുവെന്നാണ് അഖില പറയുന്നത്. പക്ഷേ ഇത്രയ്ക്ക് ഹിറ്റാകുമെന്ന് ഓര്‍ത്തില്ലെന്നും താന്‍ ആദ്യമായി മുഴുനീള വേഷം ചെയ്ത സിനിമയായിരുന്നു പ്രേമലുവെന്നും നടി പറഞ്ഞു.

പ്രേമലു കണ്ട ശേഷം ആര്‍.ഡി.എക്‌സിന്റെ സംവിധായകന്‍ നഹാസ് ഹിദായത്തും ആദര്‍ശ് സുകുമാരനും ഗ്രേസ് ആന്റണിയും വിന്‍സി അലോഷ്യസും ഉള്‍പ്പെടെയുള്ള നിരവധി പേര്‍ അഭിനന്ദിച്ചിരുന്നെന്നും അഖില ഭാര്‍ഗവന്‍ പറയുന്നു. നാന സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

പ്രേമലു ഹിറ്റായതിന്റെ ത്രില്‍ എല്ലാവര്‍ക്കും ഉണ്ടായിരുന്നു. ഗിരീഷേട്ടന്റെ സൂപ്പര്‍ ശരണ്യയും തണ്ണീര്‍മത്തന്‍ ദിനങ്ങളും പ്രേക്ഷകരെ തൃപ്തിപ്പെടുത്തിയ സിനിമകളാണ്. അതുകൊണ്ട് പ്രേമലുവിലേക്ക് വരുമ്പോള്‍ സ്വാഭാവികമായും പ്രതീക്ഷകള്‍ കൂടുമെന്ന് അറിയാമായിരുന്നു.

കൂടാതെ ആ സിനിമയുടെ നിര്‍മാണം ഭാവന സ്റ്റുഡിയോസായിരുന്നു. മിനിമം ഗ്യാരണ്ടി ഉറപ്പുള്ള രണ്ടുപേരുകളായിരുന്നു. പക്ഷേ ഇത്രയ്ക്ക് ഹിറ്റാകുമെന്ന് ഓര്‍ത്തില്ല എന്നതാണ് സത്യം. അതിന്റെ സന്തോഷം എല്ലാവര്‍ക്കും ഉണ്ടായിരുന്നു.

ഞാന്‍ ആദ്യമായി മുഴുനീള വേഷം ചെയ്ത സിനിമയായിരുന്നു പ്രേമലു. ആര്‍.ഡി.എക്‌സിന്റെ സംവിധായകന്‍ നഹാസ് ചേട്ടന്‍, ആദര്‍ശ് ചേട്ടന്‍, ഗ്രേസ് ആന്റണി, വിന്‍സി തുടങ്ങി നിരവധി താരങ്ങള്‍ സിനിമ കണ്ടിട്ട് അഭിനന്ദിച്ചിരുന്നു,’ അഖില ഭാര്‍ഗവന്‍ പറഞ്ഞു.

Content Highlight: Akhila Bhargavan Talks About Premalu Movie