കത്തി ഫൈറ്റ് ഒഴിവാക്കി നന്നായെന്ന് വിചാരിച്ചു, ഒരു മാറ്റവുമില്ലല്ലേ... വീണ്ടും പഴയ ട്രാക്കിലേക്കെത്തി ബാലയ്യ, സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി അഖണ്ഡ 2
Entertainment
കത്തി ഫൈറ്റ് ഒഴിവാക്കി നന്നായെന്ന് വിചാരിച്ചു, ഒരു മാറ്റവുമില്ലല്ലേ... വീണ്ടും പഴയ ട്രാക്കിലേക്കെത്തി ബാലയ്യ, സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി അഖണ്ഡ 2
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 10th June 2025, 11:27 am

ലോക്ക്ഡൗണ്‍ കാലത്തെ ട്രോള്‍ വീഡിയോകളിലൂടെ മലയാളികള്‍ക്ക് പരിചിതനായ തെലുങ്ക് നടനാണ് നന്ദമൂരി ബാലകൃഷ്ണ. ആരാധകര്‍ ബാലയ്യ എന്ന് സ്‌നേഹത്തോടെ വിളിക്കുന്ന താരത്തിന്റെ പഴയകാല സിനിമകള്‍ മലയാളികള്‍ക്കിടയില്‍ ട്രോളിന് വിധേയമായി. ലോജിക്കില്ലാത്ത ഫൈറ്റും കഥയുമായിരുന്നു ഇത്തരം ട്രോളുകള്‍ക്ക് കാരണം.

എന്നാല്‍ കൊവിഡിന് ശേഷം സ്‌ക്രിപ്റ്റ് സെലക്ഷന്റ കാര്യത്തില്‍ ബാലകൃഷ്ണ കൂടുതല്‍ ശ്രദ്ധ നല്‍കി. ഇതിന്റെ ഫലമായി കേരളത്തിലും താരത്തിന് ആരാധകരുണ്ടായി. അഖണ്ഡ, വീര സിംഹ റെഡ്ഡി, ഭഗവന്ത് കേസരി എന്നീ സിനിമകള്‍ താരത്തിന് കൂടുതല്‍ മൈലേജ് സമ്മാനിച്ചു. കേരളത്തില്‍ റിലീസില്ലാഞ്ഞിട്ടും ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ഡാക്കു മഹാരാജ് മലയാളികള്‍ക്കിടയില്‍ ചര്‍ച്ചയായി.

എന്നാല്‍ ബാലകൃഷ്ണയുടെ അടുത്ത ചിത്രത്തിന്റെ ടീസറാണ് നിലവില്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ബോയപ്പട്ടി ശ്രീനു ഒരുക്കുന്ന അഖണ്ഡ 2വിന്റെ ടീസര്‍ കഴിഞ്ഞദിവസം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. താരം പണ്ട് ഒഴിവാക്കിയ തരത്തിലുള്ള ഓവര്‍ ദി ടോപ്പ് ഫൈറ്റുകളാണ് ടീസറിലുള്ളത്. പത്തോളം വില്ലന്മാരെ തോളില്‍ കയറ്റി നടന്നുവരുന്ന സീന്‍ ഇതിനോടകം ട്രോള്‍ പേജുകള്‍ ഏറ്റെടുത്തു.

2021ല്‍ റിലീസായ അഖണ്ഡയുടെ തുടര്‍ച്ചയായാണ് ചിത്രം ഒരുങ്ങുന്നത്. ബാലകൃഷ്ണ ഇരട്ടവേഷത്തിലെത്തിയ ചിത്രം വന്‍ വിജയമായിരുന്നു. ആന്ധ്രയില്‍ നിന്ന് മാത്രം 100 കോടിയോളം ചിത്രം സ്വന്തമാക്കി. അഖണ്ഡയായി ബാലകൃഷ്ണ വരുന്ന ഭാഗങ്ങള്‍ തിയേറ്ററുകളെ ഇളക്കിമറിച്ചു. ചിത്രത്തിന് രണ്ടാം ഭാഗമുണ്ടാകുമെന്ന് കഴിഞ്ഞവര്‍ഷമാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്.

ആദ്യഭാഗത്തെക്കാള്‍ ഇരട്ടി മാസ് രണ്ടാം ഭാഗത്തില്‍ ഉണ്ടാകുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. 200 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ബാലകൃഷ്ണയുടെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമാണ് അഖണ്ഡ 2. സെപ്റ്റംബര്‍ 20ന് ചിത്രം തിയേറ്ററുകളിലെത്തും. തെലുങ്കിലെ സൂപ്പര്‍താരം പവന്‍ കല്യാണ്‍ നായകനാകുന്ന ഒ.ജിയോടൊപ്പമാണ് അഖണ്ഡ 2 ബോക്‌സ് ഒഫീസില്‍ ഏറ്റുമുട്ടുന്നത്.

അഖണ്ഡ 2വിന് ശേഷം തെലുങ്കിലെ മാസ് സംവിധായകന്‍ ഗോപിചന്ദ് മെല്ലിനേനിയോടൊപ്പമാണ് താരം കൈകോര്‍ക്കുക. എന്‍.ബി.കെ. 111 എന്ന് താത്കാലിക ടൈറ്റിലിട്ടിരിക്കുന്ന ചിത്രം അടുത്ത വര്‍ഷം പകുതിയോടെ തിയേറ്ററുകളിലെത്തും. മലയാളി സംവിധായകനായ ഹനീഫ് അദേനിയോടൊപ്പം താരം കൈകോര്‍ക്കുന്നുവെന്ന വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

Content Highlight: Akhanda 2 teaser criticizing in social media for over the top action scenes