ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം ദല്‍ഹി ക്യാപിറ്റല്‍സ് രാജസ്ഥാന്‍ റോയല്‍സിനെ പരാജയപ്പെടുത്തിയിരുന്നു. രാജസ്ഥാന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ടീമിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത 226 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നാണ് നാലാം വിജയം സ്വന്തമാക്കിയത്.
ഇപ്പോള്‍ ജയത്തിന് പിന്നാലെ ദല്‍ഹി ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ പ്രശംസിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് നിരീക്ഷകനുമായ ആകാശ് ചോപ്ര. സ്റ്റാര്‍ക്ക് അസാമാന്യ കഴിവുള്ളവനാണെന്ന് അദ്ദേഹം പറഞ്ഞു.
ആകാശ് ചോപ്ര. Photo: Mahi Patel/x.com
തോല്‍ക്കുന്ന ദല്‍ഹിയും വിജയിക്കുന്ന ദല്‍ഹിയും തമ്മിലുള്ള യഥാര്‍ത്ഥ വ്യത്യാസം സ്റ്റാര്‍ക്കാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ചോപ്ര.
‘അവന്‍ തികച്ചും അസാമാന്യ കഴിവുള്ള താരമാണ്. പരാജയപ്പെട്ട ദല്‍ഹി ക്യാപിറ്റല്‍സും ജയിക്കുന്ന ദല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള വ്യത്യാസം മിച്ചല്‍ സ്റ്റാര്‍ക്കാണ്. ഒരു ഫുള്‍ ടോസിലാണ് യശസ്വി ജെയ്സ്വാള്‍ പുറത്തായത്. അങ്ങനെയൊരു പന്തെറിയാന്‍ ആരും ആഗ്രഹിക്കില്ല. അവനത് മനപൂര്‍വം ചെയ്തതുമല്ല. അത് കൈയില്‍ നിന്ന് വീണുപോയതാണ്.
മറുവശത്ത് കൈല്‍ ജാമിസണ്‍ വൈഭവ് സൂര്യവംശിയുടെ വിക്കറ്റ് വീഴ്ത്തി. ആ പന്ത് യോര്‍ക്കര്‍ ലെങ്ങ്തിലായിരുന്നു. വരും ഓവറുകള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മേഖലയും അതായിരുന്നു. പക്ഷേ, പിന്നീട് തിരിച്ചെത്തിയ സ്റ്റാര്‍ക്ക് ഒരു ഓവറില്‍ രണ്ട് വിക്കറ്റുകള്‍ നേടി. അതാണ് ഒടുവില്‍ മത്സരത്തില്‍ വ്യത്യാസമുണ്ടാക്കിയത്,’ ചോപ്ര പറഞ്ഞു.