തിലക് വര്‍മ കിവീസിന് എതിരെയുള്ള അവസാന രണ്ട് മത്സരങ്ങളില്‍ കളിക്കാത്തത് സഞ്ജുവിനെ സംബന്ധിച്ചടത്തോളം നല്ല കാര്യമാണെന്ന് ആകാശ് ചോപ്ര. നല്ല രീതിയില്‍ കളിച്ചുകൊണ്ടിരിക്കെ സഞ്ജുവിനെ മാറ്റിയതിനാല്‍ താരത്തിന് കുറച്ച് അവസരങ്ങള്‍ ലഭിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഏഷ്യാ കപ്പിനിടെ സഞ്ജുവിനെ മാറ്റിയില്ലായിരുന്നെങ്കില്‍ താരത്തിന് ഇത്ര സമ്മര്‍ദമുണ്ടാവില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ആകാശ് ചോപ്ര.
ആകാശ് ചോപ്ര. Photo: Akash Chopra/x.com
‘തിലക് വര്‍മ ഈ രണ്ട് മത്സരങ്ങള്‍ക്ക് ഇല്ലെങ്കിലും ലോകകപ്പിന് മുമ്പ് താരം ടീമിനൊപ്പം ചേരും. അത് യഥാര്‍ത്ഥത്തില്‍ സഞ്ജുവിന് ഗുണകരമാണ്. കാരണം അവന് രണ്ട് അവസരം ലഭിക്കും. അതില്‍ ഒന്നാകട്ടെ അവന്റെ നാട്ടിലാണ്. നമുക്ക് സഞ്ജുവും ഇഷാന്‍ കിഷനും ഒന്നിച്ച് കളിക്കുന്നത് കാണാന്‍ ഒരിക്കല്‍ കൂടി അവസരം ലഭിക്കും.
സഞ്ജുവിന് രണ്ട് അവസരങ്ങള്‍ കൂടി ലഭിക്കേണ്ടത് അനിവാര്യമായിരുന്നു. കാരണം ഏഷ്യാ കപ്പില്‍ അവനെ ഓപ്പണറായി കളിപ്പിച്ചിരുന്നെങ്കില്‍ അവന് ഇത്ര സമ്മര്‍ദമുണ്ടാവില്ലായിരുന്നു. നിലവിലെ ഈ സാഹചര്യം ഒരു തരത്തില്‍ അനീതിയാണ്.
സഞ്ജു ഓപ്പണിങ്ങില്‍ തുടര്‍ന്നിരുന്നുവെങ്കില്‍ ഒന്നുകില്‍ അവന്‍ ഒരു ഹീറോ ആകുമായിരുന്നു, അല്ലെങ്കില്‍ ടീമിന് പുറത്താകുമായിരുന്നു. അതുകൊണ്ട് തന്നെ സഞ്ജുവിനും ആരാധകര്‍ക്കും തിലക് ഇല്ലാത്തത് നല്ല വാര്‍ത്തയാണ്,’ ആകാശ് ചോപ്ര പറഞ്ഞു.
സഞ്ജു സാംസൺ. Photo: BCCI/x.com
ഏഷ്യാ കപ്പ് തൊട്ട് സഞ്ജുവിനെ മാറ്റി ശുഭ്മന്‍ ഗില്ലിനെ ഓപ്പണിങ് സ്ഥാനത്തേക്ക് കൊണ്ടുവന്നിരുന്നു. ആ സ്ഥാനം പിന്നീട് താരത്തിന് ലഭിച്ചത് കിവീസിന് എതിരെയുള്ള പരമ്പരയിലൂടെയാണ്. ഒപ്പം ടി – 20 ലോകകപ്പ് സ്‌ക്വാഡിലും താരം ഇടം പിടിച്ചു. അതും ഓപ്പണറായി തന്നെ.
എന്നാല്‍, ലോകകപ്പിന് മുന്നോടിയായുള്ള ഈ പരമ്പരയില്‍ ഇതുവരെ സഞ്ജുവിന് വലിയ സ്‌കോര്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. 10, 6, 0 എന്നിങ്ങനെയാണ് താരത്തിന്റെ ഇതുവരെയുള്ള സ്‌കോറുകള്‍. ഈ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് ആകാശ് ചോപ്രയുടെ പ്രതികരണം.
Content Highlight: Akash Chopra says that if India hadn’t made experiments in Asia Cup, Sanju Samson wouldn’t face such pressure