ഇങ്ങനെ കളിച്ചാല്‍ ഇവരെ എങ്ങനെ തോല്‍പ്പിക്കാനാണ്? തുറന്നുപറഞ്ഞ് ആകാശ് ചോപ്ര
IPL 2022
ഇങ്ങനെ കളിച്ചാല്‍ ഇവരെ എങ്ങനെ തോല്‍പ്പിക്കാനാണ്? തുറന്നുപറഞ്ഞ് ആകാശ് ചോപ്ര
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 27th May 2022, 6:07 pm

ഐ.പി.എല്‍ കൊട്ടികലാശത്തോടടുക്കുമ്പോള്‍ കപ്പ് ആരുയര്‍ത്തുമെന്നതില്‍ ഒരുപാട് പ്രവചനങ്ങളും ആഗ്രഹങ്ങളും മുന്നോട്ടുവരും. എല്ലാ സീസണിലും ഇത് സ്ഥിരകാഴ്ചയാണ്. ഇത്തവണയും പ്രവചനങ്ങള്‍ക്ക് കുറവൊന്നുമില്ല.

ഈ സീസണില്‍ ആദ്യം ഫൈനല്‍ കയറിയ ടീമായ ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പ്പിക്കാന്‍ ആര്‍ക്കും സാധിക്കില്ല എന്നാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര പറയുന്നത്. ആദ്യ ക്വാളിഫയര്‍ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിച്ചാണ് ഗുജറാത്ത് ഫൈനലില്‍ പ്രവേശിച്ചത്.

”മറ്റുള്ള ടീമുകളില്‍ നിന്നും ഗുജറാത്തിനെ വ്യതസ്തമാക്കുന്നത് അവര്‍ക്ക് ഒരുപാട് മാച്ച് വിന്നേഴ്‌സ് ഉണ്ടായിരുന്നുവെന്നതാണ്. എല്ലാ മത്സരത്തിലും സമര്‍ദ്ദ സാഹചര്യങ്ങളില്‍ അവര്‍ക്ക് വേണ്ടി ഓരൊരുത്തര്‍ മുന്നോട്ടുവന്നിരുന്നു’, ചോപ്ര പറഞ്ഞു.

എല്ലാ കളിക്കാര്‍ക്കും അവരുടെ റോള്‍ വ്യകതമായിരുന്നു. വെറും മൂന്ന് നാല് കളിക്കാരുടെ ബലത്തിലല്ല അവര്‍ കളി ജയിച്ചുകൊണ്ടിരുന്നത. ഇങ്ങനെയുള്ള ടീമിനെ ടി-20യില്‍ തോല്‍പ്പിക്കാന്‍ ഏതൊരു ടീമിനും ബുദ്ധിമുട്ടാണെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

തന്റെ യൂടൂബ് ചാനലിലായിരുന്നു ചോപ്രയുടെ തുറന്നുപറച്ചില്‍.

ക്വാളിഫയര്‍ ഒന്നില്‍ രാജസ്ഥാനെതിരെ ഗുജറാത്ത് മികച്ച വിജയമായിരുന്നു നേടിയത്. 189 റണ്‍സ് പിന്തുടര്‍ന്ന ഗുജറാത്ത് ഏഴു വിക്കറ്റിന് ജയിക്കുകയായിരുന്നു. 38 പന്തില്‍ 68 റണ്‍സുമായി ഡേവിഡ് മില്ലറും 27 പന്തില്‍ 40 റണ്‍സ് നേടി ക്യാപ്റ്റന്‍ ഹര്‍ദിക്ക് പാണ്ഡ്യയും പുറത്താകാതെ നിന്നു.

 

പോയിന്റ് ടേബിളില്‍ ഒന്നാമതായാണ് ഗുജറാത്ത് പ്ലേ ഓഫിലേക്ക കാലുകുത്തിയത്. 14 മത്സരത്തില്‍ 10 ജയവുമായി 20 പോയിന്റാണ് ഗുജറാത്ത് ലീഗ് സ്റ്റേജില്‍ വാരികൂട്ടിയത്.

453 റണ്ണുമായി ക്യാപ്റ്റന്‍ ഹര്‍ദിക്ക് പാണ്ഡ്യയാണ് ടൈറ്റന്‍സിനായി ഏറ്റവും കൂടുതല്‍ റണ്ണുകള്‍ നേടിയിട്ടുള്ളത്.
19 വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയാണ് ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയിട്ടുള്ളത്.

ഇന്ന് നടക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു-രാജസ്ഥാന്‍ റോയല്‍സ് മത്സരിക്കുന്ന രണ്ടാം ക്വാളിഫയറില്‍ വിജയിക്കുന്നവരായിരിക്കും ഫൈനലില്‍ ഗുജറാത്തിന്റെ എതിരാളികള്‍.

ഈ മാസം 29നാണ് ഫൈനല്‍.

content highlights: akash chopra says gujarat titans is best team