ബാങ്ക് പണി മുടക്കം പറയുന്നത്
Opinion
ബാങ്ക് പണി മുടക്കം പറയുന്നത്
എ കെ രമേശ്‌
Sunday, 27th May 2018, 3:42 pm

തേയ്ക്കാത്ത എണ്ണധാര ചെയ്യുകയാണ് ബാങ്ക് ജീവനക്കാര്‍. നൂറു ശതമാനം ജീവനക്കാരും ഓഫീസര്‍മാരും അണിനിരന്ന യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (യു.എഫ്.ബി.യു) ഇതര മേഖലകളിലെ ട്രെയ്ഡ് യൂനിയനുകള്‍ക്കു കൂടി മാതൃക കാട്ടിയ, അവയെ ആവേശഭരിതമാക്കിയ സമരവേദിയാണ്. മാനേജ്‌മെന്റുകളെ ഭയപ്പെടുത്താന്‍ പോന്ന പ്രഹരശേഷിയാണ് ഐക്യസമര പ്രസ്ഥാനം ആര്‍ജിച്ചത്. സര്‍ക്കാറിന്റെ ജനവിരുദ്ധ ബാങ്കിങ് നയങ്ങള്‍ക്കെതിരെ ഒട്ടനവധി യോജിച്ച പണിമുടക്കങ്ങള്‍ നടത്തിക്കൊണ്ട് പരിഷ്‌കാരങ്ങളുടെ ഗതിവേഗം കുറയ്ക്കാന്‍ യു.എഫ്.ബിയുവിന് കഴിഞ്ഞിട്ടുണ്ട്. കേന്ദ്ര ട്രെയ്ഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത പല പൊതുപണിമുടക്കുകളിലും മുഴുവന്‍ ബാങ്ക് ജീവനക്കാരെയും ഓഫീസര്‍മാരെയും കണ്ണി ചേര്‍ക്കാന്‍ അതിന് കഴിഞ്ഞിട്ടുമുണ്ട്.

ഈ പണിമുടക്കം ഉയര്‍ത്തുന്ന രാഷ്ട്രീയം

സ്വാഭാവികമായും ഈ പണിമുടക്കവും തെറ്റായ ബാങ്കിങ് നയങ്ങള്‍ക്കെതിരെയാണ് എന്നാണ് ജനം കരുതുക. ഇത്തവണ വിഷയം ശമ്പള പരിഷ്‌കരണമാണെങ്കിലും നയപരമായ കാര്യങ്ങളില്‍ നടന്നപ്പോന്ന സമരത്തിന്റെ സ്വാഭാവിക തുടര്‍ച്ച മാത്രമാണത്. സര്‍ക്കാര്‍ നടത്താനുദ്ദേശിക്കുന്ന നിയോലിബറല്‍ പരിഷ്‌കാരങ്ങളെ ജീവനക്കാര്‍ ഒന്നടങ്കം എതിര്‍ക്കുന്നതുകൊണ്ട് ഈ മേഖലയിലെ തൊഴില്‍ശക്തി കേന്ദ്ര ഗവണ്‍മെന്റിന്റെ കണ്ണിലെ കരടാണ്. അതുകൊണ്ടു തന്നെ ഈ മേഖലയെ യൂണിയന്‍ വിമുക്തമാക്കുക എന്നത് ബി.ജെ.പിയുടെ പ്രഖ്യാപിത നയമാണ്. അതുകൊണ്ടു തന്നെയാണ് 5 വര്‍ഷം കഴിഞ്ഞു നടക്കുന്ന ഒരു വേതനച്ചര്‍ച്ചയില്‍ രണ്ടു ശതമാനം വര്‍ദ്ധനവ് വേണമെങ്കില്‍ വാങ്ങിപ്പോകാം എന്ന് ബാങ്കര്‍മാരെക്കൊണ്ട് പറയിക്കുന്നത്.

 

സാധാരണ ഗതിയില്‍ നയപരമായ കാര്യങ്ങളില്‍ പണിമുടക്കുമ്പോഴാണ് ആശയക്കുഴപ്പമുണ്ടാവേണ്ടത്. എന്നാലിവിടെ അത്തരം കാര്യങ്ങളില്‍ ജാഗ്രത കാട്ടുന്നവരില്‍ പലരും ശമ്പള പരിഷ്‌കരണ കാര്യത്തില്‍ ഇടഞ്ഞു നില്‍ക്കുന്ന ഒരനുഭവമാണ് ദൃശ്യമാവുന്നത്. രണ്ടു ശതമാനമേ നല്‍കൂ എന്നു പറയുന്ന സര്‍ക്കാറിനോടല്ല ഒരു വലിയ വിഭാഗത്തിന് രോഷം.

ഹൈ വേജ് അയലന്റുകള്‍ സബ്‌മെര്‍ജാവുന്നു?

കരാറുകള്‍ ജീവനക്കാരോട് നീതി കാട്ടുന്നില്ല എന്ന പരാതി നേരത്തേ വ്യാപകമായിരുന്നു. ഒരിക്കല്‍ ഹൈവേജ് അയലന്റ് എന്ന് വിശേഷിപ്പിക്കപ്പെട്ട ഈ മേഖല താഴ്ന്നു താഴ്ന്നു പോവുകയും നേരത്തെ താരതമ്യേന പിന്നിലാക്കപ്പെട്ടിരുന്ന വിഭാഗങ്ങളേക്കാള്‍ പിറകിലാക്കപ്പെടുകയും ചെയ്യുന്നു എന്ന തോന്നലാണ് ഭൂരിപക്ഷം ജീവനക്കാര്‍ക്കും. ഒരു പരിധി വരെ അത് ശരിയുമാണ്; ബാങ്കുകളിലെ ജോലിഭാരവും ഉത്തരവാദിത്തവും റിസ്‌കും കൂടി കണക്കിലെടുത്താല്‍. കിട്ടിയതൊന്നും പോരാതെ വരുന്ന ഇടത്തരക്കാരുടെ വൃത്തികെട്ട മനോഭാവമാണ് ഇത്തരം ആക്ഷേപത്തിന് പിറകില്‍ എന്നു പറഞ്ഞ് അതപ്പടി തള്ളിക്കളയാന്‍ പറ്റാത്ത ഒരവസ്ഥയാണിപ്പോള്‍.

ആശയക്കുഴപ്പം വ്യാപിക്കുന്നുവോ?

വന്നു വന്ന് ബാങ്കിങ്ങ് മേഖലയിലെ സമരചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്ത ഒരു പ്രതിസന്ധിയാണ് ഇപ്പോള്‍ ഐക്യവേദി അഭിമുഖീകരിക്കുന്നത്. ഐക്യസമരവേദിയായ യു.എഫ്.ബി.യു ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് ദില്ലിയിലെ ജന്തര്‍മന്ദറില്‍ ഈയിടെ ഒരു ധര്‍ണ നടത്തിയപ്പോള്‍ അതിന്റെ അനേകമിരട്ടി ജീവനക്കാരെ പങ്കെടുപ്പിച്ചുകൊണ്ട് യുവ ബാങ്കര്‍മാരുടെ വാട്‌സാപ്പ് കൂട്ടായ്മയായ “വി ബാങ്കേഴ്‌സ്” ഒരു സമാന്തര സമരം സംഘടിപ്പിച്ചത് ഒരു ചെറിയ കാര്യമല്ല.

 

വൃദ്ധര്‍ക്കെതിരെ യുദ്ധം?

അങ്ങനെയൊരു യുദ്ധത്തെപ്പറ്റി ലസ്റ്റര്‍ ഥറോ Fulture of Capitalism ത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇനിയുള്ള കാലം വര്‍ഗസമരം എന്നത് ഉള്ളവനും ഇല്ലാത്തവനും തമ്മിലല്ല, മറിച്ച് ഒരു പണിയും ചെയ്യാതെ കാലും നീട്ടിയിരുന്ന് പെന്‍ഷന്‍ വെട്ടി വിഴുങ്ങുന്ന വൃദ്ധരും പണിയേ കിട്ടാത്ത ചെറുപ്പക്കാരും തമ്മിലാണ് എന്നാണ് ആ അബദ്ധ നിരീക്ഷണം. അത്തരമൊരു പടു വിഡ്ഢിത്തത്തിന്റെ സാധൂകരണമാണോ ഇപ്പോള്‍ ബാങ്കിങ് മേഖലയില്‍ നിന്നുയരുന്നത്?

വൃദ്ധ നേതൃത്വത്തില്‍ വിശ്വാസമില്ല എന്നായിരുന്നു ” വി ബാങ്കേഴ്‌സിന്റെ ” പരസ്യ പ്രഖ്യാപനം. യു.എഫ്.ബി.യു വിലെ ഒരു സീനിയര്‍ നേതാവിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ ശകാരവര്‍ഷങ്ങളാണ് വന്നു നിറയുന്നത്.

വാര്‍ദ്ധക്യത്തോടോ വര്‍ഗ സഹകരണത്തോടോ?

വാര്‍ദ്ധക്യത്തോടുള്ള യുദ്ധപ്രഖ്യാപനമായി അതിനെ എഴുതിത്തള്ളാനാവില്ല. കീഴടങ്ങല്‍ വാദത്തോടുള്ള ഏറ്റുമുട്ടലിന്റെ ഒരംശം അതിലുണ്ട് താനും.

പുതുതായി ജോലിയില്‍ കയറുന്ന ചെറുപ്പക്കാരെ ഒട്ടും തൃപ്തിപ്പെടുത്താത്ത ഒരു കരാറാണ് കഴിഞ്ഞ തവണ ഒപ്പിട്ടത്. സര്‍ക്കാറിന്റെ കടുംപിടുത്തത്തോട് വേണ്ടുംവിധം ഏറ്റുമുട്ടാനുള്ള ത്രാണി കാട്ടിയില്ല എന്ന പരാതി താനേ പൊട്ടി മുളച്ചതല്ല താനും. ഉഭയകക്ഷി കരാര്‍ ചര്‍ച്ചകളില്‍ പലതിലും ചാഞ്ചാട്ട സ്വഭാവം കാണിക്കുകയും പലപ്പോഴും സര്‍ക്കാറിന്റെ കണ്ണുരുട്ടലിന് മുന്നില്‍ ധൈര്യം ചോര്‍ന്നു പോവുകയും ചെയ്ത മുന്‍കാല അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് ജീവനക്കാരില്‍ വ്യാപകമായ അസംതൃപ്തി പൊട്ടി മുളച്ചത്.

 

പഴയ ഒരനുഭവം

ഒരു കരാര്‍ ചര്‍ച്ച വഴിമുട്ടി നില്‍ക്കെ പ്രഖ്യാപിക്കപ്പെട്ട പണി മുടക്കത്തിന്റെ തലേന്ന് രാത്രി ഏറെ വൈകി തന്റെ വീട്ടില്‍ വന്ന “ഒരു പറ്റം നേതാക്കള്‍ “ചില്ലിക്കാശ് കൂട്ടിത്തന്നാല്‍ പണി മുടക്കം പിന്‍വലിക്കാമെന്നു പറഞ്ഞതായി ബാങ്കുടമാ സംഘടനയുടെ ചെയര്‍മാന്‍ പത്ര പ്രസ്താവന പുറപ്പെടുവിച്ചു. ( അതിലൊന്ന് ഇപ്പറഞ്ഞ സീനിയര്‍ നേതാവായിരുന്നുവത്രെ) അങ്ങനെ ഐ.ബി.ഐ ചെയര്‍മാനെ ചെന്നു കാണാന്‍ ആരും ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും യു.എഫ്.ബി.യു അങ്ങനെയൊരു തീരുമാനം എടുത്തിട്ടില്ലെന്നും പ്രഖ്യാപിക്കാന്‍ ബി.ഇ.എഫ്.ഐ ജനറല്‍ സെക്രട്ടറി നിര്‍ബന്ധിതനായത് ആ സാഹചര്യത്തിലാണ്.

വലിയൊരു വിശ്വാസത്തകര്‍ച്ചയാണ് അതുണ്ടാക്കിയത്. മറ്റൊരവസരത്തില്‍ അതേ സീനിയര്‍ നേതാവ് സമരത്തലേന്ന് ഒരു പാതിരാത്രിക്ക് പണി മുടക്കം പിന്‍വലിച്ചുകൊണ്ട് ഏറെ ആശയക്കുഴപ്പമുണ്ടാക്കിയതും ജീവനക്കാര്‍ മറക്കില്ലല്ലോ. ഇത്തരമൊരു സാഹചര്യത്തിലാണ്, തങ്ങള്‍ക്ക് ലഭ്യമല്ലാത്ത പെന്‍ഷന്‍ പദ്ധതിക്ക് വേണ്ടി വേതന വര്‍ദ്ധനവിന്റെ ഒരു ഭാഗം നീക്കിവെക്കണമെന്ന കാര്യം കരാര്‍ ചര്‍ച്ചാ വേളയില്‍ യുവാക്കളായ ജീവനക്കാരില്‍ വലിയ അസംതൃപ്തിക്ക് വഴിവെച്ചത്.

അത്തരമൊരവസ്ഥയില്‍ ജീവനക്കാരോട് സത്യസന്ധമായി സര്‍ക്കാര്‍ നിലപാട് വിശദീകരിക്കുന്നതിന് പകരം തങ്ങളുടെ നെഗോഷ്യേറ്റിങ്ങ് സ്‌കില്ലില്‍ സ്വയം അഭിരമിക്കുന്ന രീതിയാണ് മുഖ്യ സംഘടനയുടെ നേതാക്കള്‍ കൈക്കൊണ്ടത്. സത്യത്തില്‍ ചര്‍ച്ചകള്‍ ഗതിമുട്ടി നിന്നത് സര്‍ക്കാറിന്റെ കടുംപിടുത്തം കൊണ്ടായിരുന്നു. വി ഹാവ് ടു സെറ്റില്‍ ബിഫോര്‍ ദേ സെറ്റില്‍ എന്നാണ് സ്വകാര്യമായി യു.എഫ്.ബി.യു യോഗങ്ങളില്‍ ആ സീനിയര്‍ നേതാവ് ആവശ്യപ്പെട്ടത്. അതേയവസരം ജീവനക്കാര്‍ക്ക് തെറ്റായ സൂചനകള്‍ നല്‍കിക്കൊണ്ട് അദ്ദേഹം ധനമന്ത്രിയെ ചെന്നു കാണുകയും മന്ത്രിയുടെ കുലീനമായ പെരുമാറ്റത്തെപ്പറ്റി പ്രശംസാ വചനങ്ങള്‍ ഉതിര്‍ക്കുകയും ചെയ്യാന്‍ ഒരു മന:സാക്ഷിക്കുത്തും കാട്ടിയതുമില്ല.

 

യു.എഫ്.ബി.യുവിലുള്ള സംഘപരിവാര്‍ സംഘടനയാകട്ടെ, തഞ്ചം നോക്കി സര്‍ക്കാറിന് വെള്ളപൂശിക്കൊണ്ടിരുന്നു. സ്വാഭാവികമായും സര്‍ക്കാറിനുനേരെ തിരിയേണ്ട രോഷം യൂണിയന്‍ നേതൃത്വത്തിനു നേരെ തിരിച്ചുവിടാന്‍ സംഘപരിവാറിന് കഴിഞ്ഞു.

കൂനിന്മേല്‍ കുരു

അതിനും പുറമെയാണ് ചര്‍ച്ചകള്‍ വഴിമുട്ടി നില്‍ക്കെ എല്ലാ സംഘടനകളും ചേര്‍ന്ന് വേതന വര്‍ദ്ധനവിന്റെ ഡിമാന്റ് 25 ശതമാനമാക്കി ചുരുക്കാന്‍ തീരുമാനിക്കുന്നത്. എന്നാല്‍ ആ ഡിമാന്റ് അപ്രായോഗികവും നീതീകരണമില്ലാത്തതുമാണെന്ന് പറഞ്ഞു കൊണ്ട് അതേ സീനിയര്‍ നേതാവ് സര്‍ക്കുലറിറക്കുക കൂടി ചെയ്തപ്പോള്‍, അല്ലെങ്കില്‍ത്തന്നെ വിഘടിച്ചു നില്‍ക്കാന്‍ പരിശീലിപ്പിക്കപ്പെട്ട യുവ ബാങ്കര്‍മാരും അല്ലാത്തവരും ഒരേ പോലെ രോഷാകുലരായി.

ബി.എം.എസ് സംഘടനയുടെ ഒളിപ്പോര്

ഐക്യസമരവേദിക്കെതിരെ യുവാക്കളെ സംഘടിപ്പിച്ചണിനിരത്താന്‍ നേതൃത്വം വഹിച്ചത് യു.എഫ്.ബി.യു ഘടക സംഘടനയായ ബി.എം.എസ് അഫിലിയേറ്റ് എന്‍.ഓ.ബി.ഡബ്ലിയുവിന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു. താന്‍ കൂടി അംഗമായ ഒരു വേദിക്കെതിരെ തന്റെ സംഘപരിവാറിനെ ഉപയോഗിച്ച് പ്രചാരണം നടത്തിക്കൊണ്ട് ഭരണ നേതൃത്വത്തെ കുറ്റവിമുക്തമാക്കുകയായിരുന്നു ഉദ്ദേശം.

കരാര്‍ വേണ്ട കമ്മീഷന്‍ മതി എന്ന്!

അന്ന് യു.എഫ്.ബി.യുവിനെതിരെ രംഗത്തിറങ്ങിയ യുവ ബാങ്കര്‍മാര്‍ തങ്ങള്‍ക്ക് നേതാക്കള്‍ ഒപ്പിടുന്ന ഉഭയകക്ഷി കരാറല്ല വേണ്ടത്, പകരം സര്‍ക്കാര്‍ നിയോഗിക്കുന്ന പേ കമ്മീഷനാണ് എന്നായിരുന്നു പ്രഖ്യാപിച്ചത്. പക്ഷേ നടപ്പു രീതിയനുസരിച്ച് ഉഭയകക്ഷിക്കരാര്‍ ഒപ്പിടാന്‍ ബാങ്കര്‍മാരെ സര്‍ക്കാര്‍ ഉപദേശിച്ചു.

 

കണ്ണുവെച്ച സംഘപരിവാര്‍ പ്രവര്‍ത്തനമാണ് ബാങ്കിങ്ങ് മേഖലയില്‍ പിന്നീട് നടന്നത്. കമ്മ്യൂണിസ്റ്റ് സ്വാധീനത്തില്‍ നിന്ന് ഈ മേഖല വിമുക്തമാക്കണം എന്നായിരുന്നു നിര്‍ദേശം. തൊഴിലാളി വര്‍ഗ നിലപാടില്‍ ഉറച്ചു നിന്ന് വര്‍ഗരാഷ്ട്രീയം മുന്നോട്ടു കൊണ്ടു പോവുന്നതിന് പകരം അരാഷ്ട്രീയ മുഖം മൂടിയണിഞ്ഞ് സര്‍വതന്ത്ര സ്വതന്ത്ര നാട്യം നടത്തിയവര്‍ക്ക് കനത്ത വിലയാണ് നല്‍കേണ്ടി വരുന്നത്.

ഇപ്പോള്‍ ഒരു വലിയ വിഭാഗത്തെ തെറ്റിദ്ധരിപ്പിച്ച് പൊതു ഡിമാന്റിന് എതിരായി അണിനിരത്താനാണ് സംഘ പരിവാര്‍ ശ്രമം.

കരാറോ കമ്മീഷനോ?

യൂണിയനുകള്‍ ഒപ്പിടുന്ന കരാറല്ല, സര്‍ക്കാര്‍ നിയോഗിക്കുന്ന ശമ്പളക്കമ്മീഷനാണ് വേണ്ടത് എന്ന നിലയിലേക്ക് ഒരു വിഭാഗത്തെ ആട്ടിത്തെളിയിച്ചെത്തിക്കുകയാണ്. അയ്യഞ്ച് കൊല്ലം കൂടുമ്പോള്‍ വേതന വര്‍ദ്ധനവാണ് കരാര്‍ ഉറപ്പാക്കുക. ശമ്പളക്കമ്മീഷനാകട്ടെ പത്തുകൊല്ലത്തിലൊരിക്കലാണ് വേതന പരിഷ്‌കരണം നിര്‍ദേശിക്കുക. വ്യവസായ തര്‍ക്ക നിയമമനുസരിച്ച് ഒപ്പിടുന്ന ഉഭയകക്ഷി കരാറിലെ ഒരു വള്ളി പുള്ളിമാറ്റാന്‍ സര്‍ക്കാരിനാവില്ല; പക്ഷേ ശമ്പളക്കമ്മീഷന്‍ ശുപാര്‍ശകള്‍ ഭേദഗതി ചെയ്യാനും വെട്ടിച്ചുരുക്കാനും വേണ്ടെന്നു വെക്കാനും ഭാഗികമായി നടപ്പാക്കാനും സര്‍ക്കാറിന് അധികാരമുണ്ട് . ആ നിലക്ക് ശമ്പളക്കമ്മീഷന്‍ എന്ന ഡിമാന്റ് തന്നെ ജീവനക്കാരുടെ താല്‍പര്യത്തിനെതിരാണ്. ഇങ്ങനെ സ്വന്തം ശമ്പളക്കാര്യം നിര്‍ണയിക്കാന്‍ സര്‍ക്കാറിന് അധികാരം കൊടുക്കണമെന്ന് ജീവനക്കാരെക്കൊണ്ട് പറയിപ്പിക്കാന്‍ സംഘപരിവാറിന് കഴിഞ്ഞത് വര്‍ഗവീക്ഷണം കൈമോശം വന്ന നേതാക്കളുടെ തെറ്റായ സമീപനങ്ങള്‍ കാരണമാണ് എന്ന കാര്യത്തില്‍ സംശയമില്ല.
പക്ഷേ ഒരു വലിയ വിഭാഗത്തെ റാഞ്ചിക്കൊണ്ടുപോയി സര്‍ക്കാര്‍ അനുകൂല നിലപാടിലക്കെത്തിക്കാനുള്ള സംഘപരിവാര്‍ ഗൂഢാലോചന പൊളിച്ചടുക്കാന്‍ ജനാധിപത്യ വിശ്വാസികള്‍ ബാദ്ധ്യസ്ഥരാണ്. തെറ്റിദ്ധരിപ്പിക്കപ്പെട്ടവരെ വസ്തുതകള്‍ ബോദ്ധ്യപ്പെടുത്തിയേ പറ്റൂ.

പഴയത് മറക്കുക തെറ്റുകള്‍ തിരുത്തുക

മുന്‍ കാലത്തെ ചാഞ്ചാട്ടങ്ങളും തെറ്റായ സമീപനങ്ങളും കാരണം അതിവേഗം ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്ന നേതൃത്വത്തെ തിരുത്താനും തിരുത്തലിന് വിധേയരാവുന്നില്ലെങ്കില്‍ തുരത്താനും സംഘടനകളിലെ സാധാരണ അണികള്‍ മുന്നിട്ടിറങ്ങിയേ പറ്റൂ.

9 സംഘടനകള്‍ ഒത്തുചേര്‍ന്നുണ്ടാക്കിയ സമരൈക്യ പ്രസ്ഥാനം ഏതെങ്കിലും അരാഷ്ട്രീയവാദികളുടെയോ വര്‍ഗ സഹകരണവാദികളായ ചാഞ്ചാട്ടക്കാരുടെയോ ദയാദാക്ഷിണ്യത്തിന് വിട്ടുകൊടുത്തു കൂടാ.

നയപരമായ കാര്യങ്ങളില്‍ തുടര്‍ന്നും നടത്താനുള്ള വലിയ പോരാട്ടങ്ങളില്‍ സാധാരണക്കാരായ മുഴുവന്‍ ജീവനക്കാരെയും അണിനിരത്തേണ്ടതുണ്ട്. അതിന് അവരുടെ സ്വന്തം ശമ്പളപ്പാക്കറ്റിന്റെ കാര്യത്തില്‍ അവര്‍ക്കൊപ്പം നില്‍ക്കുന്നു എന്ന് അവരെ ബോദ്ധ്യപ്പെടുത്തേണ്ടതുണ്ട്. ഏറ്റുമുട്ടാനുള്ളത് അടിമുടി ആയുധമണിഞ്ഞ ഭരണ വര്‍ഗത്തോടാണ്. ആശയപരമായി ജീവനക്കാരെയാകെ അതിലും സായുധരാക്കിക്കൊണ്ട് മാത്രമേ അതിന് കഴിയൂ. എതിര്‍പക്ഷത്തിന്റെ പ്രഹരശേഷി കണ്ട് ഭയന്നു നിന്ന് ചാഞ്ചാടിയാല്‍ അസംതൃപ്തി ആളിപ്പടരാനാണ് ഇടയാവുക. ബാങ്കിങ്ങ് മേഖലയുടെ ഇന്നത്തെ അവസ്ഥക്ക് അത് താങ്ങാനാവില്ല.

അതുകൊണ്ട് ഈ പണിമുടക്കത്തെയും തുടര്‍ന്നുള്ള നീക്കങ്ങളെയും വീണ്ടെടുപ്പിനുള്ള അവസാന ശ്രമമായി നോക്കിക്കാണാനാവണം. ഇവിടെക്കൂടി പിഴച്ചാല്‍ പിന്നെ പഴി കേള്‍ക്കാനേ നേരമുണ്ടാവൂ. അപ്പോഴേക്കും അണികളാകെ ഇങ്ങിനിവരാത്തവണ്ണം അകന്നു പോവുകയും ചെയ്യും. അതിനിടവരുത്താതെ വിശ്വാസം വീണ്ടെടുക്കാനുള്ള അവസാനത്തെ ഈ അവസരം പ്രയോജനപ്പെടുത്താന്‍ യു.എഫ്.ബി.യുവിന് കഴിയുക തന്നെ ചെയ്യും എന്ന് കരുതുന്നു.