മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് അജ്മല്‍ അമീര്‍. 2005ല്‍ പുറത്തിറങ്ങിയ ഫെബ്രുവരി 14 എന്ന തമിഴ് ചിത്രത്തിലൂടെയാണ് നടന്‍ തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. ശേഷം 2007ല്‍ പുറത്തിറങ്ങിയ പ്രണയകാലം എന്ന മലയാളം സിനിമയിലൂടെയാണ് അജ്മല്‍ ആദ്യമായി ഒരു നായകനായി എത്തുന്നത്.
പിന്നീട് നിരവധി സിനിമകളുടെ ഭാഗമാകാന്‍ നടന് സാധിച്ചിരുന്നു. 2008ല്‍ മോഹന്‍ലാല്‍ ചിത്രമായ മാടമ്പിയിലും അജ്മല്‍ അഭിനയിച്ചിരുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ക്കിടയില്‍ മലയാളത്തിലും തമിഴിലും തെലുങ്കിലുമായി നിരവധി സിനിമകളില്‍ നടന്‍ അഭിനയിച്ചിട്ടുണ്ട്.
എന്നാല്‍ മലയാളികള്‍ ഇന്നും അജ്മല്‍ അമീര്‍ എന്ന നടനെ കാണുമ്പോള്‍ ഓര്‍ക്കുക പ്രണയകാലം എന്ന സിനിമയും ‘ഒരു വേനല്‍പുഴയില്‍’ എന്ന പാട്ടുമാണ്. തിലകന്‍, സീമ, മുരളി, ബാലചന്ദ്ര മേനോന്‍ തുടങ്ങി മികച്ച താരനിര ഒന്നിച്ച സിനിമയായിരുന്നു പ്രണയകാലം.
കരിയറിന്റെ തുടക്കത്തില്‍ തന്നെ ഇവരോടൊപ്പം അഭിനയിച്ചതിനെ കുറിച്ചും പ്രണയകാലം സിനിമയെ കുറിച്ചും പറയുകയാണ് അജ്മല്‍. തുടക്കത്തില്‍ തന്നെ അവരോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കാണുന്നുവെന്നാണ് നടന്‍ പറയുന്നത്. നാന സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അജ്മല്‍.
‘തിലകന്‍ സാര്‍, മുരളി സാര്‍, ബാലചന്ദ്ര മേനോന്‍ സാര്‍, സീമ ചേച്ചി തുടങ്ങി നിരവധി നല്ല അഭിനേതാക്കള്‍ ഉള്ള സിനിമയായിരുന്നു പ്രണയകാലം. തുടക്കത്തില്‍ തന്നെ അവരോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കാണുന്നു.
പിന്നെ എനിക്ക് ആദ്യം മുതല്‍ തന്നെ നല്ല സിനിമകള്‍ കിട്ടി. സിനിമയില്‍ ഞാന്‍ ധരിച്ചിരുന്ന പല കോസ്റ്റ്യൂമുകളും എന്നോട് തന്നെ സെലക്ട് ചെയ്യാന്‍ പറഞ്ഞിരുന്നു. എന്റെ തന്നെ കുറച്ച് ഡ്രസ് ഞാന്‍ സിനിമയില്‍ ഇട്ടിരുന്നു.
എനിക്ക് ആ ലൊക്കേഷനില്‍ വലിയ സ്വാതന്ത്ര്യം ഉണ്ടായിരുന്നു. പ്രണയകാലം എന്ന സിനിമയും വേനല്‍പുഴയില്‍ എന്ന ഗാനവും പ്രേക്ഷകര് ഇപ്പോഴും ഓര്‍ത്തിരിക്കുന്നു എന്നതില്‍ എനിക്ക് ഒരുപാട് സന്തോഷമുണ്ട്,’ അജ്മല്‍ അമീര്‍ പറഞ്ഞു.
Content Highlight: Ajmal Ameer Talks About Pranayakalam Movie