പേട്ടയ്ക്കു പിന്നാലെ വിശ്വാസത്തിന്റേയും വ്യാജ പതിപ്പ് പുറത്ത്; സിനിമാ മേഖലയെ പ്രതിസന്ധിയിലാക്കി തമിള്‍ റോക്കേഴ്‌സ്
Movie Day
പേട്ടയ്ക്കു പിന്നാലെ വിശ്വാസത്തിന്റേയും വ്യാജ പതിപ്പ് പുറത്ത്; സിനിമാ മേഖലയെ പ്രതിസന്ധിയിലാക്കി തമിള്‍ റോക്കേഴ്‌സ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 10th January 2019, 11:56 pm

ചെന്നൈ: അജിത് നായകനായെത്തുന്ന വിശ്വാസത്തിന്റെ വ്യാജ പതിപ്പ് പുറത്തിറക്കി തമിള്‍ റോക്കേഴ്‌സ്. രജനീകാന്തിന്റെ പേട്ടയുടെ വ്യാജ പതിപ്പിന് പിന്നാലെ വിശ്വാസത്തിന്റെയും പതിപ്പ് പുറത്തിറങ്ങിയത് സിനിമാ മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

രണ്ടു ചിത്രങ്ങളും പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം ചിത്രം ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുകയായിരുന്നു. ശിവയാണ് ചിത്രത്തിന്റെ സംവിധായകന്‍. വീരം, വേതാളം, വിവേഗം എന്നീ ചിത്രങ്ങള്‍ക്കു ശേഷം അജിത്തും ശിവയും ഒന്നിച്ച ചിത്രം കൂടിയാണ് വിശ്വാസം. നയന്‍താരയാണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

റിലീസ് ദിനത്തില്‍ തന്നെ രജനീകാന്തിന്റെ പേട്ടയുടെ വ്യാജ പതിപ്പ് പുറത്തു വിട്ട് തമില്‍ റോക്കേഴ്സ്

തിയ്യേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രങ്ങളുടെ വ്യാജ പതിപ്പുകള്‍ തുടര്‍ച്ചയായി പുറത്തിറങ്ങുന്നത് തടയാന്‍ മദ്രാസ് ഹൈക്കോടതി 12,000 വെബ്‌സൈറ്റുകള്‍ റദ്ദു ചെയ്യാന്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതിനെയെല്ലാം മറികടന്നാണ് റിലീസ് ദിനത്തില്‍ തന്നെ ചിത്രത്തിന്റെ വ്യാജപതിപ്പുകള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്.

വിശ്വാസത്തിന് മികച്ച പ്രതികരണമാണ് ആരാധകര്‍ക്കിടയില്‍ ലഭിക്കുന്നത്. നേരത്തെ താരങ്ങളുടെ കട്ട് ഔട്ട് വെക്കുന്നതിനെ ചൊല്ലി അജിത്തിന്റെയും രജനീകാന്തിന്റെയും ആരാധകര്‍ക്കിടയില്‍ സംഘര്‍ഷമുണ്ടായിരുന്നു.