2025 ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ് പ്രഖ്യാപിച്ചിരിക്കുകയാണ്. സൂര്യകുമാര്‍ യാദവിനെ നായകനാക്കിയും ശുഭ്മന്‍ ഗില്ലിനെ വെസ് ക്യാപ്റ്റനാക്കിയും പ്രഖ്യാപിച്ചാണ് ഇന്ത്യ ഏഷ്യ കീഴടക്കാന്‍ ഒരുങ്ങുന്നത്. ഇന്ത്യന്‍ ടെസ്റ്റ് ടീം നായകന്‍ ശുഭ്മന്‍ ഗില്ലാണ് സൂര്യയുടെ ഡെപ്യൂട്ടി.
നിലവില്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നതിനായി മൂന്ന് ഓപ്ഷനുകളാണ് ഇന്ത്യയ്ക്ക് മുമ്പിലുള്ളത്. അഭിഷേക് ശര്‍മ, ശുഭ്മന്‍ ഗില്‍, സഞ്ജു സാംസണ്‍ എന്നിവരാണ് ഇന്ത്യയുടെ ഓപ്പണര്‍മാര്‍. ഇതില്‍ അഭിഷേക് ശര്‍മ – സഞ്ജു സാംസണ്‍ എന്ന കോമ്പിനേഷനോ അഭിഷേക് ശര്‍മ – ശുഭ്മന്‍ ഗില്‍ എന്ന കോമ്പിനേഷനോ ആകും ഇന്ത്യ പരീക്ഷിക്കുക. അഭിഷേക് ഫസ്റ്റ് ചോയ്‌സ് ഓപ്പണറായി തന്നെയാണ് ഇന്ത്യയ്‌ക്കൊപ്പമുള്ളത്.
യുവതാരം യശസ്വി ജെയ്‌സ്വാള്‍ ടീമിലെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. സ്റ്റാന്‍ഡ് ബൈ ആയി മാത്രമാണ് ജെയ്‌സ്വാള്‍ ടീമിനൊപ്പം യാത്ര ചെയ്യുക.
ഇപ്പോള്‍ എന്തുകൊണ്ട് ജെയ്‌സ്വാളിനെ തഴയേണ്ടി വന്നു എന്ന കാര്യത്തില്‍ വ്യക്തത വരുത്തുകയാണ് ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍. അഭിഷേക് ശര്‍മ പന്തെറിയുമെന്നും ഇതാണ് താരത്ത ടീമിലെത്തിച്ചതെന്നും അഗാര്‍ക്കര്‍ പറയുന്നു.
‘ജെയ്‌സ്വാളിന്റെ കാര്യമെടുക്കുകയാണെങ്കില്‍, ഇത് തീര്‍ത്തും നിര്‍ഭാഗ്യകരമെന്ന് പറയേണ്ടി വരും. അഭിഷേക് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇതിനൊപ്പം തന്നെ അവന്‍ ചെറിയ തോതില്‍ പന്തെറിയുകയും ചെയ്യും.
അഭിഷേക് ശര്‍മ
ഇവരില്‍ ഒരാള്‍ തീര്‍ച്ചയായും പുറത്താകുമെന്ന് ഉറപ്പായിരുന്നു. ജെയ്‌സ്വാള്‍ അവന്റെ അവസരത്തിനായി കാത്തിരിക്കണം,’ അഗാര്‍ക്കര്‍ പറഞ്ഞു.