ഇന്ത്യന്‍ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. ജീത്തു ജോസഫ്- മോഹന്‍ലാല്‍ കോമ്പോയിലൊരുങ്ങുന്ന ചിത്രത്തിന് പാന്‍ ഇന്ത്യന്‍ ലെവലിലാണ് കാത്തിരിപ്പ്. മലയാളം വേര്‍ഷന്‍ പുറത്തിറങ്ങിയതിന് പിന്നാലെ റീമേക്ക് വേര്‍ഷനുകളും ഒരുക്കാന്‍ അന്യഭാഷാ താരങ്ങളും കാത്തിരിക്കുന്നുണ്ട്.
കഴിഞ്ഞദിവസം ഹിന്ദിയിലെ ഒരു സിനിമാപേജ് എക്‌സില്‍ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡയയിലെ ചര്‍ച്ചാവിഷയം. ദൃശ്യം സീരീസിനെ ബ്രാന്‍ഡാക്കി മാറ്റിയതും അതിനെ കൂടുതല്‍ ജനപ്രിയമാക്കിയതും അജയ് ദേവ്ഗണ്‍ ആണെന്ന് അവകാശപ്പെട്ടുകൊണ്ടാണ് സിനി ഹബ് എന്ന പേജ് പോസ്റ്റ് പങ്കുവെച്ചത്. ദൃശ്യം 3 ഹിന്ദി വേര്‍ഷന്റെ ടൈറ്റില്‍ ടീസര്‍ ഒക്ടോബര്‍ രണ്ടിന് പുറത്തിറക്കുമെന്ന വാര്‍ത്തയോട് കൂടിയാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
എന്നാല്‍ പോസ്റ്റിന് താഴെ പേജിനെയും അജയ് ദേവ്ഗണിനെയും ട്രോളിക്കൊണ്ടുള്ള കമന്റുകളാണ് ധാരാളമായും വന്നുകൊണ്ടിരിക്കുന്നത്. ജീത്തു ജോസഫും മോഹന്‍ലാലുമാണ് ദൃശ്യം സീരിസിന്റെ സൃഷ്ടാക്കളെന്നും അവര്‍ക്ക് പകരം മറ്റാരും ക്രെഡിറ്റ് തട്ടിയെടുക്കണ്ടെന്നുമാണ് ആദ്യത്തെ കമന്റ്. എന്നാല്‍ മലയാളത്തിനെക്കാള്‍ കൂടുതല്‍ കളക്ഷന്‍ ഹിന്ദി വേര്‍ഷന് ലഭിച്ചിട്ടുണ്ടെന്ന് ട്രാക്കര്‍മാര്‍ മറുപടി നല്‍കുന്നുണ്ട്.
അജയ് ദേവ്ഗണ്‍ അവസാനം ചെയ്ത അഞ്ച് സിനിമകളില്‍ മൂന്നും ഫ്‌ളോപ്പാണെന്നും ആകെ 100 കോടി കണ്ടത് ദൃശ്യം 2 മാത്രമാണെന്നും കളക്ഷന്‍ ഉയര്‍ത്തിയവര്‍ക്ക് മറ്റൊരാള്‍ മറുപടി നല്‍കിയിട്ടുണ്ട്. അജയ് ദേവ്ഗണിന്റെ കരിയര്‍ രക്ഷപ്പെടുത്തിയത് ദൃശ്യത്തിന്റെ റീമേക്കാണെന്നും സണ്‍ ഓഫ് സര്‍ദാര്‍ 2വിന്റെ കളക്ഷന്‍ 50 കോടി പോലും ഇല്ലെന്നും കമന്റുകളുണ്ട്.
അജയ് ദേവ്ഗണ്‍ ആകെ പോപ്പുലറാക്കിയത് വിമല്‍ പാന്‍ മസാലയെയാണെന്നും അതല്ലാതെ മറ്റൊരു ബ്രാന്‍ഡും അയാള്‍ ഉണ്ടാക്കിയിട്ടില്ലെന്നുമുള്ള പരിഹസ കമന്റും പോസ്റ്റിന് താഴെ ആളുകള്‍ പങ്കുവെക്കുന്നുണ്ട്. അജയ് ദേവ്ഗണെന്ന് പറഞ്ഞാല്‍ ഹിന്ദിക്ക് പുറത്തുള്ളവര്‍ക്ക് പാന്‍ മസാലയുടെ പരസ്യം ചെയ്യുന്നയാളാണെന്ന് മാത്രമേ അറിയുള്ളൂ എന്നും ട്രോളുന്നുണ്ട്.
സ്വന്തം പ്രൊഡക്ടിന്റെ റേഞ്ച് മനസിലാക്കാതെ റീമേക്കിന് കൊടുത്ത ആന്റണി പെരുമ്പാവൂരിനും ജീത്തു ജോസഫിനെയും വിമര്‍ശിച്ചുകൊണ്ടുള്ള കമന്റും കാണാന്‍ സാധിക്കുന്നുണ്ട്. ഇപ്പോള്‍ എല്ലാ ക്രെഡിറ്റും ബോളിവുഡ് അടിച്ചെടുക്കുന്നത് കണ്ടിട്ട് ഒന്നും ചെയ്യാനില്ലേ എന്നും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. ദൃശം 3 മലയാളം വേര്‍ഷന്റെ ഷൂട്ട് തൊടുപുഴയില്‍ പുരോഗമിക്കുകയാണ്. 45 ദിവസത്തെ ഷൂട്ടാണ് അണിയറപ്രവര്‍ത്തകര്‍ പ്ലാന്‍ ചെയ്യുന്നത്.