ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന ചിത്രത്തിലൂടെ കരിയര്‍ തുടങ്ങിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. മായാനദി, വരത്തന്‍, വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ ഐശ്വര്യ അന്യഭാഷകളിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. മണിരത്നത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ പൊന്നിയിന്‍ സെല്‍വന്‍ എന്ന ചിത്രത്തില്‍ പൂങ്കുഴലി എന്ന കഥാപാത്രത്തെ ഐശ്വര്യ ലക്ഷ്മി അവതരിപ്പിച്ചിരുന്നു.
നടന്‍ ജഗദീഷിനെ കുറിച്ച് സംസാരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി. സിനിമയില്‍ വന്ന് ഇത്രയും വര്‍ഷമായിട്ടും ആരും മോശം പറയാത്ത നടനാണ് ജഗദീഷെന്ന് ഐശ്വര്യ പറയുന്നു. ജഗദീഷിനെ കുറിച്ച് ആകെ പറഞ്ഞ് കേട്ടിട്ടുള്ള കാര്യം ആളുകളെ ശരിയായ അളവില്‍ അലോസരപ്പെടുത്തും എന്നത് മാത്രമാണെന്നും എന്നാല്‍ ആറുമതൊരു കുറ്റമായി പറഞ്ഞിട്ടില്ലെന്നും ഐശ്വര്യ പറഞ്ഞു.
ജഗദീഷിനോട് അദ്ദേഹത്തിന്റെ സന്തോഷം എന്താണെന്ന് ചോദിച്ചിട്ടുണ്ടെന്നും അപ്പോള്‍ അഭിനയിക്കുന്നതാണ് തനിക്ക് സന്തോഷമെന്ന് പറഞ്ഞെന്നും നടി കൂട്ടിച്ചേര്‍ത്തു. മിര്‍ച്ചി മലയാളത്തോട് സംസാരിക്കുകയായിരുന്നു ഐശ്വര്യ ലക്ഷ്മി.
‘ഞാന്‍ ജഗദീഷേട്ടനോട് ചോദിച്ചിട്ടുണ്ട്, ചേട്ടാ ഒരാളും ഇത്രയും വര്‍ഷമായിട്ടും നിങ്ങളെ കുറിച്ച് ഒരു മോശവും ആരും പറഞ്ഞ് കേട്ടിട്ടില്ലല്ലോയെന്ന്. സിനിമയില്‍ വന്നിട്ട് ഒരുപാട് കാലം ആയതും ആണല്ലോ. എന്നിട്ടും ഇതുവരെയും ആരും അദ്ദേഹത്തെ കുറിച്ച് മോശമൊന്നും പറയുന്നത് കേട്ടിട്ടില്ല.
ആകെ അദ്ദേഹത്തെ കുറിച്ച് പറഞ്ഞ് കേട്ടിട്ടുള്ള കാര്യം ആളുകളെ ശരിയായ അളവില്‍ അലോസരപ്പെടുത്തും എന്ന് മാത്രമാണ്. അതും ആരും കുറ്റമായി ഇതുവരെയും പറഞ്ഞിട്ടില്ല. ഒരു ഗ്യാപ്പില്ല. ഇപ്പോഴും കറക്ട് ആയിട്ടുള്ള ഒരു ലൈന്‍ പിടിച്ചാണ് അദ്ദേഹം പോകുന്നത്. നമുക്ക് ഒന്ന് ലൈറ്റായിട്ട് പിടിക്കാനുള്ള ചാന്‍സില്ല. നമ്മളും ഒപ്പത്തിന് നിക്കണം.
ഞാന്‍ ഒരു ദിവസം അദ്ദേഹത്തിനോട് ചോദിച്ചു, ചേട്ടന്റെ സന്തോഷമെന്താണെന്ന്. എല്ലാവര്‍ക്കും അവനവന്‍ ആസ്വദിച്ച് ചെയ്യുന്ന ഒരു കാര്യം ഉണ്ടാകുമെല്ലോ. അപ്പോള്‍ അദ്ദേഹം പറഞ്ഞത് അഭിനയമാണെന്നാണ്. ആക്ടിങ്ങിനപ്പുറം അദ്ദേഹത്തിന് മറ്റൊരു സന്തോഷമേ ഇല്ല. അഭിനയിക്കുന്നതിലാണ് അദ്ദേഹം ഏറ്റവും കൂടുതല്‍ സന്തോഷം കണ്ടുപിടിക്കുന്നത്,’ ഐശ്വര്യ ലക്ഷ്മിപറയുന്നു.