റെഡ് ഓക്‌സൈഡ് എടുത്ത് മന്ത്രം ചൊല്ലി ക്യാമറയിലേക്ക് ഒറ്റ ഏറാണ്, ലെന്‍സിന്റെയൊക്കെ വിലയറിയുമോയെന്ന് ഐശ്വര്യ; അത് പ്രൊഡ്യൂസര്‍ നോക്കിയാല്‍ മതിയെന്ന് സുരഭി
Movie Day
റെഡ് ഓക്‌സൈഡ് എടുത്ത് മന്ത്രം ചൊല്ലി ക്യാമറയിലേക്ക് ഒറ്റ ഏറാണ്, ലെന്‍സിന്റെയൊക്കെ വിലയറിയുമോയെന്ന് ഐശ്വര്യ; അത് പ്രൊഡ്യൂസര്‍ നോക്കിയാല്‍ മതിയെന്ന് സുരഭി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 28th October 2022, 12:45 pm

ഐശ്വര്യ ലക്ഷ്മി, ഷൈന്‍ ടോം ചാക്കോ, സുരഭി ലക്ഷ്മി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന കുമാരി എന്ന ചിത്രം ഇന്ന് തിയേറ്ററിലെത്തിയിരിക്കുകയാണ്. നിര്‍മല്‍ സഹദേവാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മിത്തും കെട്ടുകഥകളും ഒന്നിപ്പിച്ച് സൃഷ്ടിച്ചെടുത്ത കഥയാണ് കുമാരിയുടേത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. സഹ നിര്‍മാതാവായി ഐശ്വര്യ ലക്ഷ്മിയും ഉണ്ട്.

ചിത്രത്തില്‍ വളരെ ശക്തമായ ഒരു കഥാപാത്രത്തെയാണ് നടി സുരഭി ലക്ഷ്മി അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് സമയത്തുണ്ടായ രസകരമായ ചില സംഭവങ്ങള്‍ പങ്കുവെക്കുകയാണ് ഐശ്വര്യയും സുരഭിയും.

ചിത്രത്തില്‍ താന്‍ കുറച്ച് ഹോമങ്ങളും കാര്യങ്ങളുമൊക്കെ ചെയ്യുന്നുണ്ടെന്നും പുതിയ തിലകനായി മാറുമോ എന്നാണ് ഇപ്പോള്‍ പേടിയെന്നുമായിരുന്നു സുരഭി പറഞ്ഞത്.

വലിയ ഹോമങ്ങളും കാര്യങ്ങളുമൊക്കെ ചെയ്യുന്ന, വിഷ്വലി ഭയങ്കര രസമുള്ള ചില സംഗതികളൊക്കെയുണ്ടെന്ന് സുരഭി പറഞ്ഞപ്പോള്‍ ഷൂട്ടിങ്ങിനിടെ നടന്ന ഒരു കഥ താന്‍ പറയാമെന്ന് പറഞ്ഞ് സെറ്റിലെ സുരഭിയുടെ ഒരു രസകരമയ കഥ പങ്കുവെക്കുകയായിരുന്നു ഐശ്വര്യ.

കുങ്കുമം വാരിയെറിഞ്ഞ് ഹോമം നടത്തുന്ന സീനാണ് എടുക്കുന്നത്. അങ്ങനെ ഈ കുങ്കുമം തീര്‍ന്നപ്പോള്‍ ഞങ്ങളുടെ ആര്‍ട്ടിലെ പാവം ചേട്ടന്‍മാര്‍ കുറച്ച് റെഡ് ഓക്‌സൈഡ് കൊണ്ടുവെച്ചു. ഇനി ആകെ അതേയുള്ളൂ റെഡ് കളറില്‍. പുലര്‍ച്ചെ നാല് മണിക്കാണ് സംഭവം. സെറ്റിന് സമീപത്താണെങ്കില്‍ ആനയിറങ്ങി എന്ന വാര്‍ത്ത കൂടി വന്നു.

പെട്ടെന്ന് ഷൂട്ട് തീര്‍ക്കണം, ലൈറ്റ് ഓഫ് ചെയ്യണമെന്നൊക്കെ ഇവര്‍ പറയുന്നുണ്ട്. എല്ലാവരും ഭയങ്കര ടെന്‍ഷനടിച്ച് എങ്ങനെയെങ്കിലും ഷൂട്ട് തീര്‍ക്കാനുള്ള തിരക്കിലാണ്. അങ്ങനെ ഇവര്‍ ഈ റെഡ് ഓക്‌സൈഡ് കൊണ്ടുവെച്ചു. അപ്പുറത്തുള്ള സൈഡിലാണ് ഇത് വെക്കുന്നത്. ചേച്ചിക്ക് എടുക്കേണ്ട ഭാഗത്തായി കുങ്കുമം തന്നെയാണ് ഉള്ളത്.

രണ്ട് മൂന്ന് ഷോട്ട്‌സില്‍ കൂടി എറിയാനുള്ള കുങ്കുമം അതില്‍ ബാക്കിയുണ്ട്. അങ്ങനെ സീന്‍ തുടങ്ങിയപ്പോള്‍ ചേച്ചി ഇവിടെ നിന്ന് എടുക്കേണ്ടതിന് പകരം അപ്പുറത്തുള്ള റെഡ് ഓക്‌സൈഡ് എടുത്ത് മന്ത്രം ചൊല്ലി മുകളിലേക്ക് ഒറ്റ ഏറാണ്. മുകളില്‍ ക്യാമറയുണ്ടായിരുന്നു. റെഡ് ഓക്‌സൈഡ് നേരെ ചെന്ന് വീണത് ക്യാമറയുടെ ലെന്‍സിന്റെ മുകളില്‍. പിന്നെ പറയണ്ടല്ലോ.

ഈ ക്യാമറയുടെ ലെന്‍സിനൊക്കെ എന്താ വില എന്ന് ഐശ്വര്യ ചോദിച്ചപ്പോള്‍ അതൊന്നും ആര്‍ടിസ്റ്റിന് അറിയേണ്ടല്ലോ അതൊക്കെ പ്രൊഡ്യൂസറിന്റെ ഏരിയ അല്ലേ എന്നായിരുന്നു സുരഭിയുടെ തഗ്ഗ്. ആ ആവേശത്തില്‍ എടുത്ത് എറിഞ്ഞുപോയതാണെന്നും സുരഭി ചിരിയോടെ പറഞ്ഞു.

തന്നെ സംബന്ധിച്ച് വലിയൊരു ചിത്രം തന്നെയാണ് കുമാരിയെന്നും അനന്തഭദ്രം പോലെ ശ്രീകൃഷ്ണപരുന്ത് പോലെ മലയാളികള്‍ക്ക് കണക്ടാവുന്ന ചിത്രമായിരിക്കും ഇതെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു. മണിചിത്രത്താഴിലേത് പോലെ ചിത്രത്തില്‍ കുറച്ച് മിസ്റ്ററി എലമെന്റ്‌സുണ്ട്. എനിക്ക് എങ്ങനെയാണോ മണിച്ചിത്രത്താഴ് അതുപോലെ അടുത്ത ജനറേഷന്‍ കുമാരി സിനിമയെ കാണണം എന്നൊരു ആഗ്രഹമുണ്ടെന്നും ഐശ്വര്യ അഭിമുഖത്തില്‍ പറഞ്ഞു.

Content Highlight: Aiswarya Lakshmi and Surabhi about Kumari Movie shoot and Funny Incident