അതുപോലൊരു സിനിമയില്‍ ഭാഗമാകാന്‍ വേണ്ടി മാത്രമാണ് ഞാന്‍ സിനിമകളില്‍ അഭിനയിച്ചത്: ഐശ്വര്യ ലക്ഷ്മി
Entertainment
അതുപോലൊരു സിനിമയില്‍ ഭാഗമാകാന്‍ വേണ്ടി മാത്രമാണ് ഞാന്‍ സിനിമകളില്‍ അഭിനയിച്ചത്: ഐശ്വര്യ ലക്ഷ്മി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 1st June 2025, 3:19 pm

മലയാളത്തിലെ മികച്ച നടിമാരില്‍ ഒരാളാണ് ഐശ്വര്യ ലക്ഷ്മി. മോഡലിങ് രംഗത്തുനിന്ന് സിനിമയിലേക്കെത്തിയ ഐശ്വര്യ ലക്ഷ്മി വളരെ പെട്ടെന്ന് മലയാളസിനിമയുടെ മുന്‍നിരയിലേക്കെത്തി. മായാനദി, വരത്തന്‍ എന്നീ ചിത്രങ്ങള്‍ കരിയറില്‍ ബ്രേക്ക്ത്രൂ ആയതിന് ശേഷം തമിഴിലും സജീവമായി നിലനില്‍ക്കുകയാണ് ഐശ്വര്യ ലക്ഷ്മി.

മണിരത്‌നത്തിന്റെ ഡ്രീം പ്രൊജക്ടായ പൊന്നിയിന്‍ സെല്‍വനിലെ പൂങ്കുഴലി എന്ന കഥാപാത്രം ഐശ്വര്യയെ തേടിയെത്തിയിരുന്നു. മണിരത്‌നം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം തഗ് ലൈഫിലും ഐശ്വര്യ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇപ്പോള്‍ തഗ് ലൈഫ് എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി.

തഗ് ലൈഫ് പോലൊരു സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി മാത്രമാണ് താന്‍ സിനിമയില്‍ പ്രവര്‍ത്തിച്ചതെന്ന് ഐശ്വര്യ ലക്ഷ്മി പറയുന്നു. തഗ് ലൈഫിന്റെ പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു നടി.

‘ഇതിന് വേണ്ടിയാണ് ഞാന്‍ സിനിമയില്‍ വര്‍ക്ക് ചെയ്യുന്നത്. ഇതുപോലൊരു സിനിമയുടെ ഭാഗമാകാന്‍ വേണ്ടി മാത്രമാണ് ഞാന്‍ സിനിമകളില്‍ അഭിനയിച്ചത്. മണിരത്‌നം സാറിന്റെയും കമല്‍ ഹാസന്‍ സാറിന്റെയും സിനിമയില്‍ ഭാഗമാകാന്‍ കഴിയുന്നത് എനിക്ക് അത്രയും അഭിമാനമുള്ള കാര്യമാണ്.

നമുക്ക് അത്രയും കൊതിയുള്ള ഒരു കാര്യം നേടിയെടുക്കുന്നതിന് വേണ്ടിയുള്ള അടങ്ങാത്ത പരിശ്രമമാണ് മണിരത്‌നം സാറിന്റെ അടുത്ത് നിന്നും കമല്‍ ഹാസന്‍ സാറിന്റെ അടുത്ത് നിന്നും ഞാന്‍ പഠിച്ചത്. അതിന്റെ റിസള്‍ട്ടാണ് ഇവിടെ കാണാന്‍ കഴിയുന്നത്. അതെല്ലാം കാണുന്നത് തന്നെയാണ് മുന്നോട്ട് കുതിക്കാന്‍ എനിക്ക് ലഭിക്കുന്ന ഊര്‍ജവും,’ ഐശ്വര്യ ലക്ഷ്മി പറയുന്നു.

തഗ് ലൈഫ്

കമല്‍ ഹാസനും മണിരത്നവും ഒന്നിക്കുന്ന ചിത്രമാണ് തഗ് ലൈഫ്. 36 വര്‍ഷത്തിന് ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണ് തഗ് ലൈഫ്.

ഓസ്‌കര്‍ ജേതാവ് എ.ആര്‍. റഹ്‌മാനാണ് തഗ് ലൈഫിന് സംഗീതം നല്‍കിയിരിക്കുന്നത്. ചിത്രത്തിന്റെ അനൗണ്‍സ്മെന്റ് സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായിരുന്നു. തൃഷ, അഭിരാമി, ജോജു ജോര്‍ജ്, സിലമ്പരശന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Content Highlight: Aishwarya Lekshmi Talks About Thug Life Movie