'ഐശ്വര്യക്ക് അവാര്‍ഡ് കിട്ടിയതില്‍ ഞാന്‍ ഡാന്‍സ് കളിക്കുന്നത് എന്തിനാ' എന്ന് ആ നടൻ ചോദിച്ചു; അദ്ദേഹം മുഖത്ത് നോക്കി കാര്യം പറയും: ഐശ്വര്യ ലക്ഷ്മി
Entertainment
'ഐശ്വര്യക്ക് അവാര്‍ഡ് കിട്ടിയതില്‍ ഞാന്‍ ഡാന്‍സ് കളിക്കുന്നത് എന്തിനാ' എന്ന് ആ നടൻ ചോദിച്ചു; അദ്ദേഹം മുഖത്ത് നോക്കി കാര്യം പറയും: ഐശ്വര്യ ലക്ഷ്മി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 21st June 2025, 9:22 am

ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന ചിത്രത്തിലൂടെ കരിയര്‍ തുടങ്ങിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. മായാനദി, വരത്തന്‍, വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ ഐശ്വര്യ അന്യഭാഷകളിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

മണിരത്നത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ പൊന്നിയിന്‍ സെല്‍വന്‍ എന്ന ചിത്രത്തില്‍ പൂങ്കുഴലി, അദ്ദേഹത്തിൻ്റെ തന്നെ ചിത്രമായ തഗ് ലൈഫിലും ഐശ്വര്യ ഭാഗമായി. ഇപ്പോൾ ടൊവിനോയെക്കുറിച്ച് സംസാരിക്കുകയാണ് നടി.

ടൊവിനോ ഒരുപാട് ചിന്തിക്കുന്ന വ്യക്തിയാണെന്നും ചില കാര്യങ്ങളൊക്കെ സംസാരിക്കുമ്പോള്‍ ഇങ്ങനെയൊക്കെ ചിന്തിക്കാന്‍ പറ്റുമോ എന്ന് താന്‍ ചിന്തിക്കാറുണ്ടെന്നും ഐശ്വര്യ ലക്ഷ്മി പറയുന്നു.

എന്ത് കാര്യമുണ്ടെങ്കിലും ടൊവിനോ മുഖത്ത് നോക്കി സംസാരിക്കുമെന്നും തനിക്ക് അവാര്‍ഡ് കിട്ടിയ പരിപാടിയില്‍ ടൊവിനോയോട് ഡാന്‍സ് കളിക്കാന്‍ പറഞ്ഞപ്പോള്‍ പറ്റില്ലെന്ന് പറഞ്ഞെന്നും നടി കൂട്ടിച്ചേര്‍ത്തു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിനോട് സംസാരിക്കുകയായിരുന്നു അവര്‍.

‘ടൊവിനോ ഒരുപാട് ചിന്തിക്കുന്ന ആളാണ്. പുള്ളി കുറെ കാര്യങ്ങളൊക്കെ പറയുമ്പോള്‍ സീരിയസ് ആയി കേട്ടിരുന്നിട്ട് മനസില്‍ വിചാരിക്കും ഇങ്ങനെയൊക്കെ ചിന്തിക്കാന്‍ പറ്റുമോ എന്ന്. പിന്നെ മുഖത്ത് നോക്കി കാര്യം പറയും. ഞങ്ങളൊരു അവാര്‍ഡ് പരിപാടിക്ക് പോയപ്പോള്‍ എനിക്ക് അവാര്‍ഡ് തന്നിട്ട് പുള്ളിയെ വേദിയിലേക്ക് ക്ഷണിച്ചിരുന്നു. ഞാൻ മൈന്‍ഡ് ഔട്ട് ആയിട്ടാണ് സ്റ്റേജില്‍ നില്‍ക്കുന്നത്.

സ്റ്റേജില്‍ കയറിയപ്പോള്‍ ഓട്ടോമോഡ് ഇട്ടതുപോലെയായിരുന്നു ഞാനപ്പോള്‍. എല്ലാവര്‍ക്കും നന്ദി പറഞ്ഞ് ഞാന്‍ നില്‍ക്കുമ്പോള്‍ ടൊവിനോ വന്നു. ഞാന്‍ ടൊവിനോയ്ക്കും നന്ദി പറഞ്ഞിട്ടുണ്ടായിരുന്നു. അപ്പോള്‍ പുള്ളി സ്റ്റേജിലേക്ക് വന്നിട്ട് ‘എന്റെ കൂടെ അഭിനയിച്ച സിനിമയില്‍ ഐശ്വര്യക്ക് അവാര്‍ഡ് കിട്ടിയതില്‍ എനിക്ക് നന്ദിയുണ്ട്’ എന്ന് പറഞ്ഞു.

പിന്നെ പുള്ളിയോട് ഡാന്‍സ് കളിക്കാന്‍ പറഞ്ഞു. അപ്പോള്‍ പുള്ളി ഓപ്പണായിട്ട് പറഞ്ഞു ‘ഐശ്വര്യക്ക് അവാര്‍ഡ് കിട്ടിയതില്‍ ഞാന്‍ ഡാന്‍സ് കളിക്കുന്നത് എന്തിനാ’ എന്ന് സ്റ്റേജില്‍ ചോദിച്ചു. അതൊരു ധൈര്യം തന്നെയാണ്,’ ഐശ്വര്യ ലക്ഷ്മി പറയുന്നു.

Content Highlight: Aishwarya Lekshmi Talking about Tovino Thomas