ഏതൊരു സൂപ്പര്‍സ്റ്റാറിനെക്കാളും ഉയരത്തില്‍ നില്‍ക്കുന്നയാളാണ് ആ നടന്‍, ദൈവത്തിന്റെ കൈ അയാളോടൊപ്പമുണ്ട്: ഐശ്വര്യ ലക്ഷ്മി
Entertainment
ഏതൊരു സൂപ്പര്‍സ്റ്റാറിനെക്കാളും ഉയരത്തില്‍ നില്‍ക്കുന്നയാളാണ് ആ നടന്‍, ദൈവത്തിന്റെ കൈ അയാളോടൊപ്പമുണ്ട്: ഐശ്വര്യ ലക്ഷ്മി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 15th May 2025, 7:36 pm

മലയാളത്തിലെ മികച്ച നടിമാരില്‍ ഒരാളാണ് ഐശ്വര്യ ലക്ഷ്മി. മോഡലിങ് രംഗത്തുനിന്ന് സിനിമയിലേക്കെത്തിയ ഐശ്വര്യ ലക്ഷ്മി വളരെ പെട്ടെന്ന് മലയാളസിനിമയുടെ മുന്‍നിരയിലേക്കെത്തി. മായാനദി, വരത്തന്‍ എന്നീ ചിത്രങ്ങള്‍ കരിയറില്‍ ബ്രേക്ക്ത്രൂ ആയതിന് ശേഷം തമിഴിലും സാന്നിധ്യമറിയിക്കാന്‍ ഐശ്വര്യക്ക് സാധിച്ചു. മണിരത്നത്തിന്റെ ഡ്രീം പ്രൊജക്ടായ പൊന്നിയില്‍ സെല്‍വനില്‍ പൂങ്കുഴലി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനും ഐശ്വര്യക്ക് സാധിച്ചു.

തമിഴിലെ മികച്ച നടന്മാരില്‍ ഒരാളായ സൂരി നായകനായെത്തുന്ന മാമന്‍ ആണ് ഐശ്വര്യ ലക്ഷ്മിയുടെ ഏറ്റവും പുതിയ ചിത്രം. സൂരിയുടെ നായികയായാണ് ഐശ്വര്യ ലക്ഷ്മി വേഷമിടുന്നത്. പാണ്ടിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ ഒരുക്കിയത് സൂരി തന്നെയാണ്. ചിത്രത്തിലെ നായികയായി അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് ഐശ്വര്യ ലക്ഷ്മി.

സൂരിയുടെ നായികയായി അഭിനയിക്കാന്‍ താന്‍ ഓക്കെയായിരുന്നോ എന്ന് പലരും തന്നോട് ചോദിച്ചിരുന്നെന്ന് ഐശ്വര്യ ലക്ഷ്മി പറഞ്ഞു. എന്തിനാണ് അങ്ങനെ ചോദിക്കുന്നതെന്നും അവര്‍ക്ക് ആര്‍ക്കും സൂരി ആരാണെന്ന് അറിയില്ലെന്നും ഐശ്വര്യ ലക്ഷ്മി കൂട്ടിച്ചേര്‍ത്തു. സെറ്റില്‍ സൂരി എന്ന നടനും അയാളിലെ വ്യക്തിയും എത്രമാത്രം വലുതാണെന്ന് താന്‍ കണ്ടെന്നും ഐശ്വര്യ ലക്ഷ്മി പറയുന്നു.

ഏതൊരു സൂപ്പര്‍സ്റ്റാറിനെക്കാളും ഉയരത്തിലാണ് സൂരിയെന്നും അത് താന്‍ എല്ലാ വേദിയിലും പറയുമെന്നും ഐശ്വര്യ ലക്ഷ്മി കൂട്ടിച്ചേര്‍ത്തു. ചെയ്യുന്ന എല്ലാ കാര്യത്തിലും ദൈവത്തിന്റെ ഒരു കൈ ഉണ്ടാകുമെന്നും അദ്ദേഹത്തിന്റെ വാക്കുകളിലും പ്രവൃത്തിയിലും അത് പ്രതിഫലിക്കുമെന്നും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു. എല്ലാ കാര്യത്തിലും നന്മയുള്ള ആളാണ് സൂരിയെന്നും അദ്ദേഹത്തിന്റെ കൂടെ അഭിനയിച്ചതില്‍ അഭിമാനമുണ്ടെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു. മാമന്‍ സിനിമയുടെ പ്രൊമോഷനില്‍ സംസാരിക്കുകയായിരുന്നു ഐശ്വര്യ ലക്ഷ്മി.

‘ഈ സിനിമയുടെ ഷൂട്ട് നടന്നുകൊണ്ടിരുന്നപ്പോള്‍ പലരും എന്നോട് ചോദിച്ചു. ‘സൂരിയുടെ നായികയായി അഭിനയിക്കാന്‍ നിങ്ങള്‍ ഓക്കെയായിരുന്നോ’ എന്ന്. എന്തിനാണ് അങ്ങനെ ചോദിക്കുന്നതെന്ന് ഞാന്‍ അവരോട് തിരിച്ച് ചോദിച്ചു. സൂരി എന്ന നടന്റെ കൂടെ ഈ സെറ്റില്‍ വര്‍ക്ക് ചെയ്ത ആളെന്ന് നിലക്ക് എനിക്ക് പലതും പറയാനുണ്ട്.

സൂരി എന്ന നടനും അയാളിലെ വ്യക്തിയും എത്രമാത്രം ഉയരത്തിലാണെന്ന് എനിക്ക് മനസിലായി. ഇപ്പോഴുള്ള എല്ലാ സൂപ്പര്‍സ്റ്റാറുകളെക്കാള്‍ ഉയരത്തില്‍ നില്‍ക്കുന്നയാളാണ് സൂരി. ചെയ്യുന്ന എല്ലാ കാര്യത്തിലും ദൈവത്തിന്റെ ഒരു കൈ ഉണ്ട്. അദ്ദേഹത്തിന്റെ വാക്കുകളിലും പ്രവൃത്തികളിലും ഇത് കാണാന്‍ സാധിക്കും. ചെയ്യുന്ന എല്ലാ കാര്യത്തിലും നന്മയുള്ളയാളാണ് സൂരി. അത്രയും നല്ല ഒരു നടന്റെ കൂടെ അഭിനയിക്കാന്‍ സാധിച്ചത് വലിയൊരു കാര്യമാണ്,’ ഐശ്വര്യ ലക്ഷ്മി പറയുന്നു.

Content Highlight: Aishwarya Lekshmi shares the shooting experience with Soori in Maaman movie