മലയാളത്തിലെ മികച്ച നടിമാരില്‍ ഒരാളാണ് ഐശ്വര്യ ലക്ഷ്മി. മോഡലിങ് രംഗത്തുനിന്ന് സിനിമയിലേക്കെത്തിയ ഐശ്വര്യ ലക്ഷ്മി വളരെ പെട്ടെന്ന് മലയാളസിനിമയുടെ മുന്‍നിരയിലേക്കെത്തി. മായാനദി, വരത്തന്‍ എന്നീ ചിത്രങ്ങള്‍ കരിയറില്‍ ബ്രേക്ക്ത്രൂ ആയതിന് ശേഷം തമിഴിലും സജീവമായി നിലനില്‍ക്കുകയാണ് ഐശ്വര്യ ലക്ഷ്മി.
തന്നെക്കുറിച്ച് ഓണ്‍ലൈനില്‍ വായിച്ച ഏറ്റവും വലിയ വ്യാജവാര്‍ത്തയെക്കുറിച്ച് സംസാരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി. ഒരു സിനിമക്ക് വേണ്ടി താന്‍ രണ്ടര കോടി രൂപ പ്രതിഫലം വാങ്ങുന്നുണ്ടെന്ന് ആരോ വാര്‍ത്ത കൊടുത്തെന്നും അത് വായിച്ച് ഒരുപാട് നേരം ചിരിച്ചെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു. ഇതൊക്കെ ആരാണ് പടച്ചുവിടുന്നതെന്ന് ചിന്തിച്ചെന്നും ഐശ്വര്യ പറയുന്നു.
തനിക്ക് ഇതുവരെ ആരും അത്ര വലിയ തുക പ്രതിഫലമായി തന്നിട്ടില്ലെന്നും ആരെങ്കിലും അങ്ങനെ തന്നിരുന്നെങ്കില്‍ എന്ന് താന്‍ ചിന്തിച്ചെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കരിയറില്‍ താന്‍ കേട്ട ഏറ്റവും വലിയ റൂമറാണ് അതെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു. മാമന്‍ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ലിറ്റില്‍ ടോക്ക്‌സിനോട് സംസാരിക്കുകയായിരുന്നു ഐശ്വര്യ ലക്ഷ്മി.
‘എന്നെക്കുറിച്ച് ഞാന്‍ കേട്ട ഏറ്റവും വലിയ റൂമര്‍ ഏതാണെന്ന് ചോദിച്ചാല്‍ ഒരു സിനിമക്ക് വേണ്ടി രണ്ടരക്കോടി പ്രതിഫലം ഞാന്‍ വാങ്ങുന്നു എന്നായിരുന്നു. ഒരുപാട് നേരം അത് വായിച്ച് ഞാന്‍ ചിരിച്ചു. ആരാണ് ഇതൊക്കെ പടച്ചുവിടുന്നതെന്ന് ചിന്തിച്ചു. എനിക്ക് ഇന്നേവരെ ആരും അത്രയും പ്രതിഫലം തന്നിട്ടില്ല. തന്നിരുന്നെങ്കില്‍ നന്നായേനെ എന്ന് ആ സമയത്ത് തോന്നി,’ ഐശ്വര്യ ലക്ഷ്മി പറയുന്നു.
മാമന്‍ സിനിമയുടെ ഷൂട്ടിങ് അനുഭവങ്ങളും ഐശ്വര്യ ലക്ഷ്മി പങ്കുവെച്ചു. ആദ്യമായിട്ടാണ് ഇതുപോലൊരു റൂറല്‍ സബ്ജക്ട് ചെയ്യുന്നതെന്ന് അവര്‍ പറഞ്ഞു. ഗ്രാമത്തിന്റെ തനതായ ആചാരങ്ങളും ആഘോഷങ്ങളും സിനിമയില്‍ കാണിച്ചിട്ടുണ്ടെന്നും അതെല്ലാം തനിക്ക് അത്ഭുതമായിരുന്നെന്നും ഐശ്വര്യ ലക്ഷ്മി കൂട്ടിച്ചേര്‍ത്തു.
‘ഇത് ഒരു റൂറല്‍ സബ്ജക്ടാണ്. ആദ്യമായിട്ടാണ് ഇത്രക്ക് റൂട്ടഡായിട്ടുള്ള ഒരു സിനിമ ചെയ്യുന്നത്. ആ ഗ്രാമത്തിന്റെയും പിന്നെ കൂട്ടുകുടുംബത്തിന്റെയും ഭാഗമായിട്ടുള്ള പല ആചാരങ്ങളും ആഘോഷങ്ങളുമൊക്കെ സിനിമയില്‍ കാണിച്ചിട്ടുണ്ട്. അതൊക്കെ കാണാന്‍ തന്നെ നല്ല രസമാണ്. അതെല്ലാം എന്നെ സംബന്ധിച്ച് പുതിയൊരു കാര്യമായിരുന്നു,’ ഐശ്വര്യ ലക്ഷ്മി പറഞ്ഞു.
Content Highlight: Aishwarya Lekshmi shares the biggest rumour she heard about her