മ്യാൻമർ ആശുപത്രിക്ക് നേരെയുള്ള വ്യോമാക്രമണം; യുദ്ധകുറ്റമെന്ന് യു.എൻ
United Nations
മ്യാൻമർ ആശുപത്രിക്ക് നേരെയുള്ള വ്യോമാക്രമണം; യുദ്ധകുറ്റമെന്ന് യു.എൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 12th December 2025, 1:14 pm

ന്യൂയോർക്ക്: മ്യാൻമർ ആശുപത്രിക്ക് നേരെയുണ്ടായ വ്യോമാക്രമണത്തെ അപലപിച്ച് ഐക്യരാഷ്ട്ര സഭ. യുദ്ധക്കുറ്റത്തിന് തുല്യമാണിതെന്നും ആക്രമണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും യു.എൻ പറഞ്ഞു.

മ്യാൻമറിലെ ഭരണകക്ഷിയായ ജൂണ്ടയാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്. ഈ വർഷം മ്യാന്മറിൽ ആരോഗ്യ മേഖലയ്ക്ക് നേരെ നടക്കുന്ന 67ാമത്തെ ആക്രമണമാണിതെന്ന് ലോകാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് യു.എൻ വക്താവ് ഫർഹാൻ ഹഖ് ചൂണ്ടിക്കാട്ടി.

മെഡിക്കൽ സൗകര്യങ്ങളെയും ഉദ്യോഗസ്ഥരുൾപ്പടെയുള്ള സാധാരണക്കാരെയും ബഹുമാനിക്കുകയും സംരക്ഷിക്കുകയും വേണമെന്നും ഫർഹാൻ ഹഖ് പറഞ്ഞു.

മ്യാൻമറിലെ അഞ്ച് മില്യൺ കുട്ടികൾ ഉൾപ്പെടെ 16.2 മില്യൺ ആളുകൾക്ക് അടുത്ത വർഷം സഹായവും സംരക്ഷണവും ആവശ്യമായി വരുമെന്ന് യു.എൻ മുന്നറിയിപ്പ് നൽകി.

സംഘർഷങ്ങളും ദുരന്തങ്ങളും ഏകദേശം 3.6 ദശലക്ഷം ആളുകളെ മാറ്റിപ്പാർപ്പിച്ചെന്നും പലരും പലായനം ചെയ്യാൻ നിർബന്ധിതരായെന്നും യു.എൻ റിപ്പോർട്ട് ചെയ്തു.

മ്യാൻമറിലെ റാഖൈനിലെ മ്രൗക് യു ടൗൺഷിപ്പിലെ ആശുപത്രിയിലാണ് വ്യോമാക്രമണമുണ്ടായത്. മ്യാൻമറിന്റെ വിമത അരാക്കൻ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള ആശുപത്രിയാണിത്. ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം. ആക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടെന്നും 70ലധികം പേർക്ക് പരിക്കേറ്റെന്നും റിപ്പോർട്ടുകളുണ്ട്.

മ്രൗക് യു ജനറൽ ആശുപത്രി പൂർണമായും തകർന്നെന്നും വലിയ നാശനഷ്ടമാണ് ഉണ്ടായതെന്നും അരക്കാൻ ആർമിയുടെ വക്താവ് ഖൈൻ തുഖ പറഞ്ഞു.

നോബൽ സമ്മാന ജേതാവ് ഓങ് സാൻ സൂകിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ 2021ൽ അട്ടിമറിച്ചതിനെ തുടർന്നാണ് മ്യാൻമറിൽ പ്രതിഷേധങ്ങൾ പൊട്ടിപുറപ്പെട്ടത്.

മ്യാൻമർ സൈന്യത്തിന്റെ അക്രമത്തിൽ നിന്ന് ആരും സുരക്ഷിതരല്ലെന്നും ഈ മാസം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി അടിച്ചമർത്തൽ വ്യാപകമാക്കുന്നതിന്റെ സൂചനയാണ് ഈ ആക്രമണമെന്ന് ആംനസ്റ്റി ഇന്റർനാഷണലിന്റെ മ്യാൻമർ ഗവേഷകൻ ജോ ഫ്രീമാൻ പറഞ്ഞിരുന്നു.

Content Highlight: Airstrike on Myanmar hospital; UN says it is a war crime