അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനദുരന്തത്തോടെ നിര്‍ത്തിവെച്ച അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ പുനസ്ഥാപിക്കാനൊരുങ്ങി എയര്‍ ഇന്ത്യ. രണ്ട് ഘട്ടങ്ങളായാണ് സര്‍വീസുകള്‍ പുനസ്ഥാപിക്കുക. ഇതില്‍ ആദ്യത്തെ ഘട്ടത്തില്‍ ഓഗസ്റ്റ് ഒന്ന് മുതല്‍ ചില സര്‍വീസുകള്‍ പുനസ്ഥാപിക്കും. തുടര്‍ന്ന് രണ്ട് മാസം കഴിഞ്ഞ് ഒക്ടോബര്‍ ഒന്ന് മുതല്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ പൂര്‍ണമായും പുനസ്ഥാപിക്കും. എയര്‍ ഇന്ത്യ പുറത്തുവിട്ട പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
‘ജൂലായ് മാസത്തെ അപേക്ഷിച്ച് ഓഗസ്റ്റ് ഒന്ന് മുതല്‍ ചില സര്‍വീസുകള്‍ പുനസ്ഥാപിക്കും. പൂര്‍ണമായും സര്‍വീസുകള്‍ പുനസ്ഥാപിക്കാനുള്ള തീരുമാനം ഒക്ടോബര്‍ ഒന്ന് മുതല്‍ നടത്താനാണ് ആലോചിക്കുന്നത്.
ചില റൂട്ടുകളിലെ സര്‍വീസുകളുടെ എണ്ണം കുറയ്ക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഓഗസ്റ്റ് ഒന്ന് മുതല്‍ സെപ്റ്റംബര്‍ 30 വരെ അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിലേക്കുള്ള ഒരാഴ്ച്ചയിലെ സര്‍വീസുകള്‍ മൂന്നായി കുറയ്ക്കും. മുമ്പ് അഞ്ച് സര്‍വീസുകള്‍ ഉണ്ടായിരുന്നു.
സര്‍വീസുകള്‍ വെട്ടിക്കുറച്ച സമയത്ത് എയര്‍ ഇന്ത്യയ്ക്ക് അവരുടെ ബോയിങ് 787 വിമാനങ്ങളില്‍ കൂടുതല്‍ മുന്‍കരുതല്‍ പരിശോധനകള്‍ നടത്താനും പാകിസ്ഥാനുമായുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് വ്യോമാതിര്‍ത്തി അടച്ചതിനെത്തുടര്‍ന്നുണ്ടായ ദൈര്‍ഘ്യമേറിയ ഫ്‌ളൈയിങ് ടൈം കൈകാര്യം ചെയ്യാനും സഹായിച്ചതായി പ്രസ്താവനയില്‍ പറയുന്നുണ്ട്.
ജൂണ്‍ 12നാണ് അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ, ലണ്ടനിലേക്ക് പോകാനിരുന്ന എയര്‍ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീംലൈനര്‍ തകര്‍ന്നുവീണത്. അപകടത്തില്‍ 260 ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നു. വിമാനത്തിലുണ്ടായിരുന്ന 241 യാത്രക്കാര്‍ മരിച്ചു. ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്.
അതേസമയം അപകടത്തിന് മുമ്പ് വിമാനത്തിന്റെ ഇന്ധന സ്വിച്ചുകള്‍ ഓഫായിരുന്നെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ബോയിങ് വിമാനങ്ങളുടെ ഇന്ധന നിയന്ത്രണ സ്വിച്ചുകളുടെ ലോക്ക് ജൂലൈ 21നകം പരിശോധിക്കണമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) ഉത്തരവിട്ടു. എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ പുറത്തുവിട്ട പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇന്ധന സ്വിച്ചുകള്‍ ഓഫ് ആയതായി കണ്ടെത്തിയത്.